'തികച്ചും അപകടകരം..' ഞാന്‍ വിഷ്വല്‍ ഇന്റര്‍വ്യൂസ് കുറക്കാന്‍ കാരണമുണ്ട്: മുരളി ഗോപി
Malayalam Cinema
'തികച്ചും അപകടകരം..' ഞാന്‍ വിഷ്വല്‍ ഇന്റര്‍വ്യൂസ് കുറക്കാന്‍ കാരണമുണ്ട്: മുരളി ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th August 2025, 1:10 pm

മലയാള സിനിമയില്‍ നടന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ അറിയപ്പെടുന്ന വ്യക്തിയാണ് മുരളി ഗോപി. മലയാളത്തിലെ അനശ്വര നടനായിരുന്ന ഭരത് ഗോപിയുടെ മകനാണ് അദ്ദേഹം. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2004ല്‍ പുറത്തിറങ്ങിയ രസികന്‍ എന്ന ചിത്രത്തിലൂടെയാണ് മുരളി സിനിമയിലേക്ക് വന്നത്.

പിന്നീട് അഭിനയത്തിന് പുറമെ ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാന്‍, കമ്മാര സംഭവം, ലൂസിഫര്‍, എമ്പുരാന്‍ എന്നീ സിനിമകള്‍ക്ക് തിരക്കഥ എഴുതുകയും ചെയ്തു. തന്റെ സിനിമകളിലൂടെ വ്യക്തമായ രാഷ്ട്രീയം പറയുന്ന വ്യക്തി കൂടിയാണ് മുരളി ഗോപി.

എന്നാല്‍ അദ്ദേഹം സിനിമയുടെ ഭാഗമായും അല്ലാതെയും അഭിമുഖങ്ങള്‍ നല്‍കുന്നത് വളരെ കുറവാണ്. ഇപ്പോള്‍ എന്തുകൊണ്ടാണ് അധികം അഭിമുഖങ്ങള്‍ നല്‍കാത്തത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മുരളി.

‘ഞാന്‍ വിഷ്വല്‍ ഇന്റര്‍വ്യൂസ് കുറക്കാന്‍ കാരണമുണ്ട്. നമ്മള്‍ ഒരു വിഷ്വല്‍ ഇന്റര്‍വ്യു കൊടുത്തുവെന്ന് കരുതുക. നമ്മള്‍ ഏതെങ്കിലും ചോദ്യത്തിന് നല്‍കിയ ഉത്തരത്തിന്റെ ഒരു ഭാഗമെടുത്ത് ചിലര്‍ റീലുകളാക്കും. ഏതെങ്കിലും പ്രത്യേക അജണ്ടയുള്ള ആളുകളാകും അവര്‍.

അത് കാണുകയും കേള്‍ക്കുകയും ചെയ്യുന്നവര്‍ക്ക് നമ്മള്‍ അത്രമാത്രമേ പറഞ്ഞിട്ടുള്ളൂവെന്ന് തോന്നും. ഇതുപോലെ തന്നെ വേറെയൊരു ഗ്രൂപ്പ് ആളുകള്‍ അതേ ഉത്തരത്തിന്റെ മറ്റൊരു ഭാഗം കട്ട് ചെയ്ത് വേറെയൊരു റീല്‍ ആക്കി പ്രചരിപ്പിക്കും,’ മുരളി ഗോപി പറഞ്ഞു.

എന്നാല്‍ കൊടുത്ത ഇന്റര്‍വ്യൂവിനേക്കാള്‍ പ്രചാരം കിട്ടുന്നത് ആ രണ്ട് റീലുകള്‍ക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ഇന്റര്‍വ്യു കൊടുക്കുമ്പോള്‍ അത് സ്പ്ലിറ്റായി പല ഭാഗത്തേക്കും പോകുകയാണെന്നും പലരും അവരുടെ അജണ്ടയുടെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ അതൊക്കെ പ്രചരിപ്പിക്കുമെന്നും നടന്‍ പറയുന്നു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുരളി ഗോപി.

‘അത് തികച്ചും അപകടകരമാണ്. പ്രത്യേകിച്ചും ഇപ്പോഴത്തെ ഇന്ത്യയില്‍ ഒരു ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ ആ ചോദ്യവും ഉത്തരവും പൂര്‍ണമായും അതിന്റെ യഥാര്‍ത്ഥ കോണ്ടസ്റ്റില്‍ പ്ലേസ് ചെയ്താല്‍ മാത്രമേ ശരിയായി വരികയുള്ളൂ,’ മുരളി ഗോപി പറയുന്നു.


Content Highlight: Murali Gopy is answering the question of why he doesn’t give many interviews