ഇമേജ് കോണ്‍ഷ്യസ് കാരണം ആ കഥാപാത്രം ചെയ്യാന്‍ ആരും തയ്യാറായില്ല; ഒടുവില്‍ ഞാന്‍ തന്നെ ചെയ്തു: മുരളി ഗോപി
Malayalam Cinema
ഇമേജ് കോണ്‍ഷ്യസ് കാരണം ആ കഥാപാത്രം ചെയ്യാന്‍ ആരും തയ്യാറായില്ല; ഒടുവില്‍ ഞാന്‍ തന്നെ ചെയ്തു: മുരളി ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th August 2025, 8:38 am

തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ് മുരളി ഗോപി. ലൂസിഫര്‍, കമ്മാര സംഭവം, ടിയാന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, എമ്പുരാന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം മുരളി ഗോപിയുടെ തിരക്കഥയില്‍ പിറന്നതാണ്. തന്റെ സിനിമകളിലൂടെ രാഷ്ട്രീയം പറയുന്ന തിരക്കഥാകൃത്ത് എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. ആരും എടുക്കാന്‍ ധൈര്യപ്പെടാത്ത സബ്ജക്ടുകള്‍ മുരളി ഗോപി കൈകാര്യം ചെയ്യാറുണ്ട്.

ഇപ്പോള്‍ സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തില്‍ ഒരു വിഷയം എടുക്കാനുള്ള കാരണം എന്താണെന്ന് എഴുത്തുകാരന് ഒരിക്കലും പറയാന്‍ കഴിയില്ലെന്ന് മുരളി ഗോപി പറയുന്നു.

‘കാരണം സബ്ജക്റ്റ് നിങ്ങളുടെ അടുത്തേക്കാണ് വരുന്നത്. അത് നാച്ചുറലായി സംഭവിക്കുന്നതാണ്. നാച്ചുറലായിട്ട് വന്നില്ലെങ്കില്‍ അത് എടുക്കാറുമില്ല ഞാന്‍. എനിക്ക് പറയണം എന്ന് തോന്നിയ വിഷയമാണ് ഞാന്‍ എപ്പോഴും പറയുക. ഈ അടുത്ത കാലത്ത് എന്ന സിനിമയില്‍ അജയ് കുര്യന്‍ എന്ന കഥാപാത്രം ചെയ്യാനായിട്ട് ഞാനും അരുണും (സംവിധായകന്‍) ഒരുപാട് പേരെ നോക്കിയിരുന്നു. പക്ഷേ അവരൊന്നും ആ കഥാപാത്രം ചെയ്യാന്‍ തയ്യാറായില്ല. അവര്‍ക്കൊക്കെ ഭയങ്കര ഇമേജ് കോണ്‍ഷ്യസ് ഉണ്ടായിരുന്നു.

ഒരു അഭിനേതാവ് ഒരിക്കലും ഇമേജില്‍ കോണ്‍ഷ്യസ് ആകരുതെന്നാണ് എന്റെ അഭിപ്രായം. കാരണം അഭിനയം എന്നത് ഇമേജ് ബ്രേക്കിങ്ങാണ്. ആ സിനിമയിലെ കഥാപാത്രത്തിന് അങ്ങനെയൊരു സ്റ്റിഗ്മ ഉള്ളതുകൊണ്ട് ഒരുപാട് പേരെ സമീപിച്ചപ്പോഴും അത് റിജക്ട് ചെയ്യുകയായിരുന്നു. അങ്ങനെയാണ് ഞാന്‍ ആ കഥാപാത്രം ചെയ്തത്,’മുരളി ഗോപി പറയുന്നു.

ഈ അടുത്ത കാലത്ത്

മുരളി ഗോപിയുടെ തിരക്കഥയില്‍ അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഈ അടുത്ത കാലത്ത്. സിനിമയില്‍ ഇന്ദ്രജിത്ത്, മുരളി ഗോപി, മൈഥിലി, അനൂപ് മേനോന്‍, നിഷാന്‍, തനുശ്രീ ഘോഷ്, ലെന തുടങ്ങിയവരാണ് പ്രധാനവേഷങ്ങളില്‍ അഭിനയിച്ചിരുന്നത്.

Content Highlight: Murali Gopi talks about the movie Ee Adutha Kaalathu