ഫോണ്‍ കാരണം ബുക്ക് വായിക്കാന്‍ പോലും പറ്റുന്നില്ല, മൊബൈലില്ലെങ്കില്‍ പലര്‍ക്കും ജീവിതമില്ലാത്ത അവസ്ഥ: മുരളി ഗോപി
Malayalam Cinema
ഫോണ്‍ കാരണം ബുക്ക് വായിക്കാന്‍ പോലും പറ്റുന്നില്ല, മൊബൈലില്ലെങ്കില്‍ പലര്‍ക്കും ജീവിതമില്ലാത്ത അവസ്ഥ: മുരളി ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th August 2025, 7:15 pm

മലയാളം ഇന്‍ഡസ്ട്രിക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച എഴുത്തുകാരനാണ് മുരളി ഗോപി. അഭിനയത്തിലും തന്റെ സാന്നിധ്യമറിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലൂസിഫര്‍, എമ്പുരാന്‍ എന്നീ ചിത്രങ്ങള്‍ മുരളി ഗോപിയുടെ തിരക്കഥാവൈദഗ്ധ്യം എടുത്തറിയിക്കുന്നതാണ്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പലപ്പോഴും മുരളി ഗോപിയെ കാണാന്‍ സാധിക്കാറില്ല. വാട്ട്‌സാപ്പ് പോലുള്ള മാധ്യമങ്ങള്‍ താന്‍ അധികം ഉപയോഗിക്കാറില്ലെന്ന് പറയുകയാണ് മുരളി ഗോപി. താനൊരു ടെലിഫോണിക് പേഴ്‌സണല്ലെന്ന് മുരളി ഗോപി പറഞ്ഞു. ഫില്‍മി ഹുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഒരുപാട് ബഹളങ്ങളാല്‍ ചുറ്റപ്പെട്ടാണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. അത് പരമാവധി കുറക്കാന്‍ നോക്കുന്നയാളാണ് ഞാന്‍. മൊബൈല്‍ ഫോണിലൂടെയുള്ള ഇന്ററാക്ഷനുകള്‍ കുറച്ചുകൊണ്ടുവരാനാണ് എന്റെ ഇപ്പോഴത്തെ ശ്രമം. ഒരു പുസ്തകം വായിക്കാനുള്ള സാവകാശം പോലും ഈ മൊബൈല്‍ ഫോണുകള്‍ കാരണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന് ഈ മുറിയില്‍ ഒരു മൊബൈല്‍ ഫോണ്‍ സൈലന്റ് മോഡിലാക്കി വെച്ച് നമ്മള്‍ ഇരുന്നാല്‍ ഇടക്കിടക്ക് അതെടുത്ത് നോക്കുന്നവരാണ് നമ്മള്‍. നമ്മുടെ ശ്രദ്ധ ഇടക്കിടക്ക് അങ്ങോട്ട് പോകും. എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ പോലും ഫോണെടുത്ത് നോക്കാനുള്ള ടെന്‍ഡന്‍സി ആര്‍ക്കായാലും ഉണ്ടാകും.

ഈ മൊബൈല്‍ ഫോണെങ്ങാനും കളഞ്ഞുപോയാല്‍ ജീവന്‍ പോകുന്ന തരത്തിലാണ് പലരുടെയും വെപ്രാളം. ‘എന്റെ ഫോണ്‍ കാണുന്നില്ല’ എന്ന് പറഞ്ഞ് ഓരോരുത്തരും എന്തൊക്കെയോ കാട്ടിക്കൂട്ടുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. ഫോണ്‍ തിരിച്ചുകിട്ടിയാല്‍ ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസം അവരില്‍ കാണാം. ഇതൊരു ജീവന്മരണ പോരാട്ടമാണ് പലര്‍ക്കും. ഇത്തരം നോയ്‌സുകള്‍ കുറച്ചുകൊണ്ടുവന്ന് ജീവിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍,’ മുരളി ഗോപി പറയുന്നു.

Murali Gopi's first response after the Empuran controversies

തന്റെ എഴുത്തുകള്‍ക്കെതിരെ വരുന്ന വിമര്‍ശനങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. വലിയൊരു ജനാധിപത്യരാജ്യത്തിലാണ് ജീവിക്കുന്നതെന്ന് പലരും നമ്മളെ ധരിപ്പിച്ചു വെച്ചിരിക്കുകയാണെന്നും എന്നാല്‍ ഒരുപാട് നിയന്ത്രണങ്ങള്‍ ഈ നാട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു പരിധിക്കപ്പുറത്തെ വിമര്‍ശനങ്ങള്‍ തന്നെ ഫ്രസ്റ്റ്രേറ്റഡാക്കാറുണ്ടെന്നും എന്നാല്‍ അതുമായി ജീവിക്കാറില്ലെന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു.

Content Highlight: Murali Gopi saying that he don’t want to become a telephonic person