അനിയന്‍ തമ്പുരാന്‍ മരിക്കണോ? അച്ഛനും ജോണ്‍ പോളും തമ്മില്‍ ചര്‍ച്ചയുണ്ടായി; 'ചിത്രം' മെഗാഹിറ്റായപ്പോള്‍ ഉത്സവപിറ്റേന്ന് സക്‌സസായില്ല: മുരളി ഗോപി
Movie Day
അനിയന്‍ തമ്പുരാന്‍ മരിക്കണോ? അച്ഛനും ജോണ്‍ പോളും തമ്മില്‍ ചര്‍ച്ചയുണ്ടായി; 'ചിത്രം' മെഗാഹിറ്റായപ്പോള്‍ ഉത്സവപിറ്റേന്ന് സക്‌സസായില്ല: മുരളി ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th June 2026, 2:34 pm

ജോണ്‍ പോളിന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത്, 1988-ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രമാണ് ‘ഉത്സവപിറ്റേന്ന്’. മോഹന്‍ലാല്‍, പാര്‍വതി, സുകുമാരന്‍, ജയഭാരതി, കവിയൂര്‍ പൊന്നമ്മ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

1988ല്‍ മോഹന്‍ലാലിന്റെ തന്നെ കരിയര്‍ മാറ്റിമറിച്ച ‘ചിത്രം’ എന്ന മെഗാഹിറ്റിനൊപ്പമാണ് ഈ സിനിമയും റിലീസ് ചെയ്തത്. വലിയ വിജയം പ്രതീക്ഷിച്ച സിനിമ പക്ഷേ ചിത്രത്തിന്റെ തേരോട്ടത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

‘ഉത്സവപ്പിറ്റേന്നി’ന്റെ ഓര്‍മ്മകളും അതിന്റെ ക്ലൈമാക്‌സിനെച്ചൊല്ലി അന്ന് സിനിമാലോകത്തുണ്ടായ വലിയ ചര്‍ച്ചകളെക്കുറിച്ചും മനസ് തുറക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.

ചിത്രത്തിന്റെ ക്ലൈമാക്‌സിനെക്കുറിച്ച് ഭരത് ഗോപി തിരക്കഥാകൃത്ത് ജോണ്‍ പോളുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ചും മുരളി ഗോപി ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

‘ഉത്സവപ്പിറ്റേന്ന് എന്ന സിനിമ ഞാന്‍ അന്ന് തിയേറ്ററിലാണ് കണ്ടത്. 1988-ല്‍ ആയിരുന്നു റിലീസ്. ഉത്സവപ്പിറ്റേന്ന് റിലീസ് ചെയ്തത് മോഹന്‍ലാലിന്റെ തന്നെ ചിത്രത്തിന്റെ കൂടെയാണ്. ചിത്രം ലാലേട്ടന്റെ തന്നെ വേറൊരു മെഗാ ഹിറ്റായിരുന്നു. എല്ലാവരും എക്‌സ്‌പെക്ട് ചെയ്തിരുന്നത് ഉത്സവപ്പിറ്റേന്ന് ഒരു സക്‌സസ് ആകുമെന്നായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ കൂടെയായി. ചിത്രം വലിയ സക്‌സസ് ആവുകയും ചെയ്തു.

ഉത്സവപ്പിറ്റേന്ന് ഒരു ക്ലാസിക് ഓഡിയന്‍സിന് വേണ്ടിയുള്ള സിനിമയാണ് എന്നൊരു സംസാരം ആ സമയത്ത് ഉണ്ടായിരുന്നു. പക്ഷേ എന്റെ ഫേവറിറ്റ് ഫിലിം ആണത്. 88-ല്‍ റിലീസ് ഡേയില്‍ തന്നെയാണ് ഞാന്‍ ആ സിനിമ കാണുന്നത്.

അന്ന് സിനിമയുടെ ക്ലൈമാക്‌സ് വലിയ രീതിയില്‍ ഡിസ്‌കസ് ചെയ്യപ്പെട്ടിരുന്നു. അത് ഭയങ്കര ഒരു നെഗറ്റീവ് തരുന്ന ക്ലൈമാക്‌സ് ആണെന്നും ഭയങ്കര പെസിമിസ്റ്റിക് ആണെന്നുമുള്ള തരത്തില്‍. ആ ഡിസ്‌കഷന്‍ ടൈം എനിക്ക് ഓര്‍മ്മയുണ്ട്. ജോണ്‍ പോള്‍ അങ്കിളും അച്ഛനും കൂടെ ഇത് ഡിസ്‌കസ് ചെയ്യുന്നത്.

അതില്‍ അനിയന്‍ തമ്പുരാന്‍ മരിക്കണോ എന്ന ചര്‍ച്ച വന്നപ്പോള്‍ മരണം ഒരു കണ്ടിന്യൂവേഷന്‍ എന്നുള്ള നിലയിലാണ് വരേണ്ടത് എന്നുള്ള ഡിസിഷനില്‍ എത്തുകയായിരുന്നു അവസാനം. ഇറ്റ് ഈസ് നോട്ട് ദി എന്‍ഡ്. അതൊരു പോസ് ആണ് എന്നുള്ള രീതിയില്‍ അതിനെ കണ്ട് അങ്ങനെ തന്നെ പോണം എന്ന് തീരുമാനിച്ച ചെയ്ത ഒരു എന്‍ഡ് ആണ്.

അപ്പോള്‍ അതില്‍ രണ്ട് അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. ഒരു ബോള്‍ഡ് കണ്‍ക്ലൂഷന്‍ ആണെന്ന് പറയുന്നവരും ഉണ്ടായിരുന്നു, അതൊരു ഭയങ്കര പെസിമിസ്റ്റിക് കണ്‍ക്ലൂഷന്‍ ആണെന്നും ഒരു ഓപ്റ്റിമിസ്റ്റിക് കണ്‍ക്ലൂഷനില്‍ എത്തിക്കണം എന്ന് പറയുന്നവരും ഉണ്ടായിരുന്നു.’ മുരളി ഗോപി പറഞ്ഞു.

Content Hifghlight: Murali Gopi about Ulsavappittennu Movie