'ഭ്രമരം നടനെന്ന നിലയിലുള്ള എന്റെ രണ്ടാം ജന്മം, എല്ലാ ക്രെഡിറ്റും ബ്ലെസ്സിയേട്ടന്': മുരളി ഗോപി
Movie Day
'ഭ്രമരം നടനെന്ന നിലയിലുള്ള എന്റെ രണ്ടാം ജന്മം, എല്ലാ ക്രെഡിറ്റും ബ്ലെസ്സിയേട്ടന്': മുരളി ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th June 2026, 2:07 pm

ഒരു നടനെന്ന നിലയില്‍ തന്റെ രണ്ടാം ജന്മമായിരുന്നു ‘ഭ്രമരം’ എന്ന ചിത്രത്തിലെ കഥാപാത്രമെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. സിനിമയിലേക്കുള്ള തന്റെ രണ്ടാം വരവിന്റെ എല്ലാ ക്രെഡിറ്റും സംവിധായകന്‍ ബ്ലെസിക്കാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ ‘ഡോക്ടര്‍ അലക്‌സ്’ എന്ന കഥാപാത്രത്തെക്കുറിച്ച് ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യ ചിത്രമായ ‘രസികന്‍’ വിചാരിച്ചത്ര വിജയം നേടാത്തതിനെത്തുടര്‍ന്ന് അഭിനയ ഓഫറുകള്‍ പലതും നിരസിച്ച് താന്‍ മിഡില്‍ ഈസ്റ്റിലേക്ക് പോയെന്നും പിന്നീട് തിരികെയെത്തി നാട്ടില്‍ ജോലി ചെയ്യുന്ന സമയത്താണ് സംവിധായകന്‍ ബ്ലെസി തന്നെ കാണാന്‍ വരുന്നതെന്നും മുരളി ഗോപി പറഞ്ഞു.

മുരളി ഗോപി

‘സിനിമയിലേക്ക് തിരിച്ചു വരുമെന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ജേര്‍ണലിസ്റ്റ് ആയിട്ട് തന്നെ മുന്നോട്ട് പോകാനായിരുന്നു തീരുമാനം. എന്നാല്‍ നമ്മള്‍ ഒന്നിനെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചാല്‍ അത് നമ്മളിലേക്ക് തന്നെ തിരിച്ചുവരുമെന്നാണല്ലോ,’ മുരളി ഗോപി പറഞ്ഞു.

ഭ്രമരത്തില്‍ അഭിനയിക്കാന്‍ തനിക്ക് തുടക്കത്തില്‍ വലിയ മടിയായിരുന്നു എന്നും ബ്ലെസി പല തവണ വന്ന് സംസാരിച്ച് നിര്‍ബന്ധിച്ചാണ് ചിത്രത്തിലേക്ക് തന്നെ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഒരു നടനെന്ന നിലയില്‍ സ്‌ക്രീനിലെ തന്റെ രണ്ടാം ജന്മമായിട്ടാണ് ഭ്രമരത്തെ കാണുന്നത്. എല്ലാ സിനിമയിലും എല്ലാ കഥാപാത്രങ്ങളും ചെയ്യുമ്പോള്‍ എനിക്ക് ആദ്യ സിനിമയിലെ അതേ നെര്‍വസ്‌നസും പേടിയുമുണ്ട്. പുതിയത് പഠിക്കാനുള്ള ശ്രമം അന്നും ഇന്നും ഒരേപോലെയാണ്. അതില്‍ മാറ്റമൊന്നും വന്നിട്ടില്ല. എന്നാല്‍ സിനിമയുടെ ക്രാഫ്റ്റ് നമ്മള്‍ പഠിച്ചെടുക്കുന്നത് അതിനുശേഷമാണ്, മുരളി ഗോപി പറഞ്ഞു.

ഭ്രമരം Photo: Facebook

‘ഭ്രമരം’ സിനിമയുടെ ക്ലൈമാക്‌സ് രംഗത്തെക്കുറിച്ചും മുരളി ഗോപി സംസാരിച്ചു. ക്ലൈമാക്‌സ് രംഗത്തില്‍ കഥാപാത്രങ്ങളുടെ വൈകാരികാവസ്ഥകള്‍ കൃത്യമായി പ്രതിഫലിപ്പിക്കേണ്ടതുണ്ടായിരുന്നു. തങ്ങള്‍ കാരണം ജീവിതം തകര്‍ന്ന ഒരാളുടെ മുന്നില്‍ നിന്ന്, അയാളുടെ ഔദാര്യത്തില്‍ രക്ഷപ്പെട്ട് മടങ്ങേണ്ടി വരുന്ന വ്യക്തിയുടെ റിയാക്ഷന്‍ അവിടെ വളരെ പ്രധാനപ്പെട്ടതായിരുന്നു.

മോഹന്‍ലാലിനൊപ്പം ആ രംഗം ചിത്രീകരിച്ചതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘അഭിനയം എന്നത് എപ്പോഴും ഒരു ‘ഗിവ് ആന്‍ഡ് ടേക്ക്’ ആണ്. നമ്മുടെ മുന്നില്‍ ലാലേട്ടനെപ്പോലെ ഒരാള്‍ അത്രയും ഗംഭീരമായും ബോധ്യപ്പെടുത്തുന്ന രീതിയിലും പെര്‍ഫോം ചെയ്യുമ്പോള്‍, നമുക്ക് കാര്യങ്ങള്‍ എളുപ്പമാകും. ആ വലിയ പെര്‍ഫോമന്‍സിന് മുന്നില്‍ നമ്മള്‍ വെറുതെ റിയാക്ട് ചെയ്താല്‍ മാത്രം മതിയായിരുന്നു.’ മുരളി ഗോപി പറഞ്ഞു.

Content Highlight: Murali Gopi about Bramaram Movie and Director Blessy