വല്ലാതെ കോംപ്രമൈസ് ചെയ്ത് അച്ഛന്‍ അഭിനയിച്ച സിനിമകളാണ് അതെല്ലാം: മുരളി ഗോപി
Malayalam Cinema
വല്ലാതെ കോംപ്രമൈസ് ചെയ്ത് അച്ഛന്‍ അഭിനയിച്ച സിനിമകളാണ് അതെല്ലാം: മുരളി ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th August 2025, 10:33 pm

മലയാളസിനിമ കണ്ട എക്കാലത്തെയും മികച്ച നടനാണ് ഭരത് ഗോപി. ആദ്യചിത്രത്തിലെ പ്രകടനത്തിന് തന്നെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പിന്നീട് മലയാളസിനിമ കണ്ട മികച്ച നടന്മാരുടെ പട്ടികയില്‍ വളരെ വേഗത്തില്‍ അദ്ദേഹം ഇടംപിടിച്ചു. വളരെ സ്വാഭാവികമായ അഭിനയശൈലിയാണ് മറ്റ് നടന്മാരില്‍ നിന്ന് ഭരത് ഗോപിയെ വേറിട്ടുനിര്‍ത്തിയത്.

ഭരത് ഗോപിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് മകനും നടനുമായ മുരളി ഗോപി. ഭരത് ഗോപിയുടെ അഭിനയത്തിന്റെ ഏറ്റവും മികച്ച ഫേസ് 1986 വരെയുള്ള സമയമാണെന്ന് മുരളി ഗോപി പറഞ്ഞു. എന്നാല്‍ അതിന് ശേഷം പാര്‍ഷ്യല്‍ സ്‌ട്രോക്ക് വന്നെന്നും അത് അച്ഛന്റെ അഭിനയത്തെ ബാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആ സ്‌ട്രോക്ക് അച്ഛനെ വല്ലാതെ അഫക്ട് ചെയ്തു. ഇടതുഭാഗം പൂര്‍ണമായും പാരലൈസ്ഡായി. വോക്കല്‍ കോര്‍ഡിനെ വരെ ആ സ്‌ട്രോക്ക് ബാധിച്ചു. ആറ് വര്‍ഷത്തോളം അദ്ദേഹം പൂര്‍ണവിശ്രമത്തിലായിരുന്നു. അതിന് ശേഷമാണ് കുറച്ചെങ്കിലും ഓക്കെയായത്. എന്നാല്‍ രണ്ടാം വരവില്‍ അദ്ദേഹത്തിലെ അഭിനയം വല്ലാതെ കണ്‍ട്രോള്‍ഡായി.

ഒരു സൈഡ് മാത്രമേ അഭിനയിക്കുന്നുള്ളു. അപ്പോള്‍ അദ്ദേഹത്തിന് കിട്ടിയ കഥാപാത്രങ്ങളെല്ലാം കോംപ്രമൈസ്ഡായിട്ടുള്ളതായിരുന്നു. പകുതി ഭാവങ്ങള്‍ മാത്രമായിരുന്നു ആ മുഖത്ത് നിന്ന് വരുമായിരുന്നുള്ളൂ. സ്‌ട്രോക്ക് വന്ന് വലിയ ബ്രേക്കെടുത്തെന്ന് പറഞ്ഞല്ലോ. ആറ് വര്‍ഷത്തോളം കഴിഞ്ഞാണ് പാഥേയം എന്ന സിനിമ അച്ഛന്‍ ചെയ്യുന്നത്.

പല സിനിമകളും ചെയ്യാന്‍ പോകുന്നതിന് മുമ്പ് അച്ഛന്‍ പറയുന്ന ഒരു ഡയലോഗുണ്ടായിരുന്നു. ‘പോയിട്ട് ഒരു രണ്ട് ശതമാനം അഭിനയിച്ചിട്ട് വരാം’ എന്നായിരുന്നു പറഞ്ഞിരുന്നത്. അത്രമാത്രമേ അദ്ദേഹത്തിന് ഡെലിവര്‍ ചെയ്യാനാകുമായിരുന്നുള്ളൂ. 1985ന് മുമ്പ് അച്ഛന്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം മാസീവ് വെറൈറ്റിയായിരുന്നു,’ മുരളി ഗോപി പറഞ്ഞു.

മലയാളസിനിമ ആവേശത്തോടെ കാത്തിരിക്കുന്ന രണ്ട് വമ്പന്‍ പ്രൊജക്ടുകളെക്കുറിച്ചും മുരളി ഗോപി സംസാരിച്ചു. തിരക്കഥയൊരുക്കുന്ന ലൂസിഫറിന്റെ മൂന്നാം ഭാഗം ഉറപ്പായും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ദൃശ്യം 3യില്‍ താന്‍ ഉണ്ടാകുമോ ഇല്ലയോ എന്നത് ജീത്തു ജോസഫാണ് തീരുമാനിക്കേണ്ടതെന്നും മുരളി ഗോപി പറഞ്ഞു.

Content Highlight: Murali Gopi about Bharath Gopi’s second phase of acting