അച്ഛന്‍ അന്ത്യ വിശ്രമം കൊള്ളുന്നയിടത്ത് സംഘികളെ നിരങ്ങാന്‍ അനുവദിക്കില്ല; പദ്മജയുമായുള്ള എല്ലാ ബന്ധവും അവസാനിച്ചു: കെ. മുരളീധരന്‍
Kerala
അച്ഛന്‍ അന്ത്യ വിശ്രമം കൊള്ളുന്നയിടത്ത് സംഘികളെ നിരങ്ങാന്‍ അനുവദിക്കില്ല; പദ്മജയുമായുള്ള എല്ലാ ബന്ധവും അവസാനിച്ചു: കെ. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th March 2024, 10:44 am

തിരുവനന്തപുരം:പദ്മജയുടെ ബി.ജെ.പി പ്രവേശം അച്ഛന്റെ ആത്മാവിന് പൊറുക്കാന്‍ കഴിയുന്നതല്ലെന്ന് കോണ്‍ഗ്രസ് നേതാവും പദ്മജയുടെ സഹോദരനുമായ കെ. മുരളീധരന്‍. വര്‍ഗീയ കക്ഷികളുടെ കൂടെ പോയതുകൊണ്ട് ഒരിക്കലും അച്ഛന്റെ ആത്മാവ് പൊറുക്കില്ലെന്നും പദ്മജയുമായുള്ള എല്ലാ ബന്ധവും താന്‍ അവസാനിപ്പിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

‘പദ്മജയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചിരിക്കുന്നു. കുടുംബസ്‌നേഹമൊന്നും ഇനി പറയണ്ട. സ്വത്ത് തര്‍ക്കമൊന്നും ഞങ്ങള്‍ തമ്മിലില്ല. അച്ഛന്‍ അത്ര വലിയ സ്വത്തൊന്നും സമ്പാദിച്ചിട്ടുമില്ല. അച്ഛന്‍ സമ്പാദിച്ചതൊക്കെ എല്ലാവര്‍ക്കും കൊടുത്തിട്ടുണ്ട്. പാര്‍ട്ടിയെ ഒരു ഘട്ടത്തില്‍ ചതിച്ചവരുമായിട്ട്, അത് സഹോദരിയായാലും ആരായാലും കോംപ്രമൈസില്ല. അച്ഛന്‍ അന്ത്യ വിശ്രമം കൊള്ളുന്നയിടത്ത് സംഘികള്‍ നിരങ്ങാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഒറ്റക്കെട്ടായി ഞങ്ങള്‍ അതിനെ എതിര്‍ക്കും. ഒരു ബന്ധവും ഇനിയില്ല.

ഇത്രയും നാള്‍ ഞങ്ങളെ വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഞാന്‍ ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് വിട്ട് പോകേണ്ടി വന്നപ്പോള്‍ എല്‍.ഡി.എഫും യു.ഡി.എഫും ഞങ്ങളെ എടുക്കാത്ത കാലത്ത് പോലും ഞാന്‍ ബി.ജെ.പിയുമായി കോംപ്രമൈസ് ചെയ്തിട്ടില്ല. അന്ന് ആ മുന്നണിയില്‍ ചേരാന്‍ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല.

കെ. കരുണാകരന്‍ ഒരു കാലത്തും വര്‍ഗീയതയോട് സന്ധി ചെയ്യാത്ത ആളാണ്. അങ്ങനെയുള്ള കെ. കരുണാകരന്റെ കുടുംബത്തില്‍ നിന്ന് ഒരാളെ ബി.ജെ.പിക്ക് കിട്ടി എന്ന് പറയുന്നത് മതതേര വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും ദു:ഖം നല്‍കുന്ന കാര്യമാണ്. പക്ഷേ അതുകൊണ്ടൊന്നും ഞങ്ങളുടെ പോരാട്ട വീര്യം തകരില്ല.

ഞങ്ങള്‍ ശക്തമായി ഫൈറ്റ് ചെയ്യും. പദ്മജയെ എടുത്തതുകൊണ്ട് കാല്‍ക്കാശിന്റെ ഗുണം ബി.ജെ.പിക്കുണ്ടാവില്ല. എല്ലായിടത്തും ബി.ജെ.പിയെ മൂന്നാം സ്ഥാനത്തേക്ക് കോണ്‍ഗ്രസ് തള്ളും. ഒന്നാം സ്ഥാനം പ്രതീക്ഷിക്കുന്ന നിയോജകമണ്ഡലത്തില്‍ പോലും അവര്‍ മൂന്നാം സ്ഥാനത്ത് പോകേണ്ടി വരും. അതിന് വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും.

ഈ ചതിക്ക് ഇ.വി.എമ്മിലൂടെ തന്നെ ഞങ്ങള്‍ പകരം ചോദിക്കും. വിളിക്കാന്‍ ആളുകളുണ്ട്. പക്ഷേ നമുക്ക് പോകാന്‍ കഴിയില്ലല്ലോ, അച്ഛന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പ്രസ്ഥാനമല്ലേ എന്ന് അവള്‍ എന്നോട് ചോദിച്ചിരുന്നു. ആ വ്യക്തി എങ്ങനെ ഈ കടുത്ത തീരുമാനത്തിലേക്ക് പോയി എന്ന് എനിക്കറിയില്ല.

പാര്‍ട്ടിയില്‍ എന്ത് കിട്ടിയാലും കിട്ടിയില്ലെങ്കിലും പാര്‍ട്ടിക്കൊപ്പം നില്‍ക്കണമായിരുന്നു. കെ. കരുണാകരനെ ചിതയിലേക്ക് എടുക്കുമ്പോള്‍ അദ്ദേഹത്തെ പുതപ്പിച്ച പതാക കോണ്‍ഗ്രസിന്റെ ത്രിവര്‍ണ പതാകയാണ്. അത് ഞങ്ങള്‍ക്കൊക്കെ അവകാശപ്പെട്ടതാണ്. സ്ഥാനങ്ങള്‍ വരും പോകും. അത് ജനാധിപത്യത്തില്‍ സാധാരണയാണ്. കിട്ടിയതിന്റെ കണക്ക് നോക്കേണ്ടേ. ഇത്ര കാലം ഒപ്പം നിന്ന പാര്‍ട്ടിയെ ചതിക്കാന്‍ പാടില്ലായിരുന്നു.

പാര്‍ട്ടി വിട്ട അദ്ദേഹം പോലും ക്ഷമ പറഞ്ഞ് പാര്‍ട്ടിയിലേക്ക് തിരിച്ചുകയറിയില്ലേ. ഒന്നും പ്രതീക്ഷിച്ചുകൊണ്ടല്ല കരുണാകരന്‍ കോണ്‍ഗ്രസില്‍ നിന്നത്. കിട്ടിയ സ്ഥാനങ്ങളെ കുറിച്ച് ഓര്‍ക്കണം. ഇത് ഒരു കാരണവശാലും അംഗീകരിക്കില്ല. ഇനി ആരുമായിട്ടും ഒരു ബന്ധവുമില്ല.

ഇ.ഡിയുടെ ചോദ്യം ചെയ്യലിനെ കുറിച്ചൊന്നും എനിക്കറിയില്ല. ഒരു ഇ.ഡിയും എന്റെ അടുത്ത് വന്നിട്ടില്ല. വന്നാല്‍ പേടിക്കുകയും ഇല്ല,’ മുരളീധരന്‍ പറഞ്ഞു.