27 വർഷം നീണ്ട കോമയിൽ നിന്നും ഉണർന്ന് മുനീറ അബ്‌ദുള്ള
World News
27 വർഷം നീണ്ട കോമയിൽ നിന്നും ഉണർന്ന് മുനീറ അബ്‌ദുള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th April 2019, 6:09 pm

അബുദാബി: 27 വർഷം നീണ്ടു നിന്ന കോമയിൽ നിന്നും ഉണർന്ന് യു.എ.ഇ സ്വദേശി മുനീറ അബ്‌ദുള്ള. 1991ൽ സംഭവിച്ച ഒരു അപകടത്തിൽ തലച്ചോറിന് സംഭവിച്ച ക്ഷതം മൂലമാണ് മുനീറയ്ക്ക് ബോധം നഷ്ടപ്പെടുന്നത്. അതിനു ശേഷം മുനീറ നേരിയ ബോധത്തോടെ ആശുപത്രി കിടക്കയിൽ തന്നെ ജീവിതം മുന്നോട്ട് നീക്കുകയായിരുന്നു.

2018 ജൂണിൽ മുനീറ കണ്ണ് തുറന്നിരുന്നു. എന്നാൽ പൂർണ്ണമായും ഉണർവിലേക്കെത്താൻ മുനീറയ്ക്ക് പിന്നെയും ഡോക്ടർമാരുടെ പരിചരണവും വിദഗ്ധ ചികിത്സയും ആവശ്യമായി വന്നു. ജർമനിയിലെ ഒരു ക്ലിനിക്കിൽ വെച്ചാണ് മുനീറ കോമയിൽ നിന്നും ഉണരുന്നത്.

‘ഞാൻ ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ല. അമ്മ ഒരു ദിവസം കോമയിൽ നിന്നും ഉണർന്ന് ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന് എനിക്ക് തോന്നിയിരുന്നു.’ മുനീറയുടെ മകൻ ഉമർ വെബൈർ തിളങ്ങുന്ന കണ്ണുകളോടെ പറഞ്ഞു. മുനീറ അബോധാവസ്ഥയിൽ ആകുമ്പോൾ ഉമറിന് നാല് വയസ്സ് മാത്രമായിരുന്നു പ്രായം.

2018 അവസാനം, മുനീറ തന്റെ മകന്റെ പേര് ഏതാനും തവണ ഉച്ഛരിച്ചിരുന്നു. ഇതാണ് ഡോക്ടർമാർക്ക് ഏറെ പ്രതീക്ഷ നൽകിയത്. ‘ഞനഗ്ൽ ആദ്യം അത് വിശ്വസിച്ചില്ല. പക്ഷെ പിന്നീട് ഞങ്ങൾക്ക് മനസിലായി, അവർ തന്റെ പേരാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന്.’ ക്ലിനിക്കിലെ ഡോക്ടർ മുള്ളർ പറയുന്നു. പൂർണ്ണമായും ബോധാവസ്ഥയിലേക്ക് വരും മുൻപ് താൻ ദശാബ്ദങ്ങൾക്ക് മുൻപ് ഹൃദിസ്ഥമാക്കിയ ഖുർആൻ വചനങ്ങളും മുനീറ ചൊല്ലി.

മുനീറയുടേത് പോലുള്ള അവസ്ഥയിൽ നിന്നും പൂർണ്ണമായും സുഖം പ്രാപിക്കുക എന്നത് വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണെന്ന് ഡോക്ടർമാർ പറയുന്നു. ഇത്തരത്തിൽ കോമയിൽ നിന്നും ഉണർന്നവർ വളരെ ചുരുക്കമാണ്. ഇതുപോലെ പ്രശസ്തമാണ് ടെറി വാലിസ്‌ എന്ന അമേരിക്കകാരന്റെ കാര്യവും. 20 വർഷം കോമയിലായിരുന്നു ടെറി ‘മോം’ എന്ന് വിളിച്ചുകൊണ്ടാണ് കോമയിൽ നിന്നും ഉണരുന്നത്.

മുനീറയെ ഇപ്പോൾ തിരിച്ച് യു.എ.ഇയിലേക്ക് എത്തിച്ചിട്ടുണ്ട്. അബുദാബിയിൽ മുനീറ ഇപ്പോൾ ചികിത്സ തുടരുകയാണ്. മുനീറയ്ക്ക് ഇപ്പോൾ 59 വയസ്സാണ് പ്രായം.