കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മലയിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ഫണ്ടിലേക്ക് പണം നല്‍കിയിട്ടില്ലെന്ന പ്രചരണത്തില്‍ പ്രതികരിച്ച് കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖ്.
സംസ്ഥാനത്തെ പട്ടികജാതി/പട്ടികവര്‍ഗ വകുപ്പ് മന്ത്രിയും മാനന്തവാടി എം.എല്‍.എയുമായ ഒ.ആര്‍. കേളുവിന്റെ സാന്നിധ്യത്തിലാണ് താന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൈമാറിയതെന്ന് ടി. സിദ്ദിഖ് പറഞ്ഞു.
വയനാട് ജില്ലാ കളക്ടര്‍ മേഘശ്രീ ഐ.എ.എസിനാണ് എം.എല്‍.എ ചെക്ക് കൈമാറിയത്. ചെക്ക് കൈമാറുമ്പോള്‍ അതാന്‍ ഒറ്റയ്ക്കായിരുന്നില്ലെന്നും സിദ്ദിഖ് പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് എം.എല്‍.എയുടെ പ്രതികരണം.
ഈ വീഡിയോയില്‍ കളക്ടര്‍ക്ക് ചെക്ക് കൈമാറുന്ന ഫോട്ടോകളും മറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ടി. സിദ്ദിഖിനൊപ്പം മന്ത്രി ഒ.ആര്‍. കേളുവും മുന്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാറുമുണ്ട്. മറ്റു ഉദ്യോഗസ്ഥരെയും വീഡിയോയില്‍ കാണാം.
ചെക്ക് കൈമാറിയ ദിവസം അതുസംബന്ധിച്ച് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നുവെന്നും എം.എല്‍.എ പറയുന്നു. നമുക്ക് ഒരുമിച്ച് അതിജീവിക്കാമെന്നായിരുന്നു കുറിപ്പിലെ വാചകം.
എന്നാല്‍ ഈ സമൂഹത്തിന് മുന്നില്‍ തന്നെ അപമാനിക്കാനും വ്യക്തിഹത്യ ചെയ്യാനുമാണ് സി.പി.ഐ.എം നേതാക്കള്‍ ശ്രമിക്കുന്നതെന്നും ടി. സിദ്ദിഖ് പ്രതികരിച്ചു.
2024 സെപ്റ്റംബര്‍ അഞ്ചിന് എം.എല്‍.എയുടെ അക്കൗണ്ടില്‍ നിന്ന് പണം ലഭിച്ചതായി കാണിക്കുന്ന വയനാട് ട്രഷറിയുടെ സാക്ഷ്യപത്രം ഉള്‍പ്പെടെ എം.എല്‍.എ പങ്കുവെച്ചിട്ടുണ്ട്. മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും മുഴുവന്‍ കുട്ടികളെയും വീണുപോകാതെ പഠിപ്പിക്കാന്‍ നേതൃത്വം കൊടുക്കുന്ന ജനപ്രതിനിധി കൂടിയാണ് താനെന്നും ടി. സിദ്ദിഖ് പറഞ്ഞു.
സി.പി.ഐ.എം നേതാക്കളും സൈബര്‍ അണികളും പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാണ് സി.പി.ഐ.എം ശ്രമിക്കുന്നതെന്നും തങ്ങള്‍ നേട്ടമാഗ്രഹിച്ചല്ല ദുരിതബാധിതര്‍ക്കൊപ്പം നിന്നതെന്നും എം.എല്‍.എ വ്യക്തമാക്കി.
സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് കൈരളിയിലെ ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പരാമര്‍ശവും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റും മറ്റു ഇടത് അനുകൂലികളുടെ പ്രതികരണങ്ങളും മുന്‍നിര്‍ത്തിയാണ് എം.എല്‍.എ രംഗത്തെത്തിയിരിക്കുന്നത്.
Content Highlight: Mundakkai; T.Siddique releases treasury certificate against the propaganda that money has not been paid into the govt fund