കോഴിക്കോട്: വളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതികരിച്ച് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. കരുണ മരിക്കുമ്പോള്‍ ക്രൂരത ഭരിക്കുന്നതെങ്ങനെ എന്ന മുന്നറിയിപ്പാണ് വാളയാറിലെ സംഭവം നല്‍കുന്നതെന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുനവ്വറലി തങ്ങളുടെ പ്രതികരണം.
ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണ്‍ മര്‍ദനമേറ്റ് കിടന്നത് നിലത്തല്ല. നാം ഉള്‍കൊള്ളുന്ന സമൂഹത്തിന്റെ മനസാക്ഷിയിലാണ്. കേരളത്തിലാണ് ഇത് നടന്നത്. സാംസ്‌കാരിക ബോധത്തിന് പേരെടുത്ത നാട്ടിലെന്നും മുനവ്വറലി തങ്ങള്‍ ചൂണ്ടിക്കാട്ടി.
‘വാക്കുകളില്ല. ഒരു മനുഷ്യന്‍. ഒരു ശ്വാസം. ഒരു ജീവന്‍. രണ്ടു മക്കളുടെ പിതാവ്. ചോദ്യം ഇല്ല. അന്വേഷണം ഇല്ല. വിധി മാത്രം. ”ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരനല്ലേ?” അത്രയൊന്നു മതി! അതിനപ്പുറം മനുഷ്യനില്ല. രാം നാരായണ്‍ മരിച്ചത് കുറ്റം ചെയ്തിട്ടല്ല, മനുഷ്യരാവേണ്ടവര്‍ അതല്ലാതായി തീര്‍ന്നത് കൊണ്ടാണ്,’ മുനവ്വറലി തങ്ങള്‍ കുറിച്ചു.
വാളയാറിലുണ്ടായത് ഒരാളുടെ മരണമല്ലെന്നും നിശബ്ദരായിരിക്കുന്ന നമ്മുടെ മനസാക്ഷിയുടെ മരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയാത്ത അന്ധരായ ആള്‍ക്കൂട്ടങ്ങളായി നമ്മളും… ഈ സംഭവം ഒരു വാര്‍ത്തയല്ല. മുന്നറിയിപ്പ് കൂടിയാണെന്നും മുനവ്വറലി തങ്ങള്‍ ആവര്‍ത്തിച്ചു.
അതേസമയം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് വാളയാറിലെ ആള്‍കൂട്ടക്കൊല അന്വേഷിക്കുക. കേസില്‍ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തന്‍, വിബിന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതില്‍ മുരളി, അനു എന്നിവര്‍ 15 വര്‍ഷം മുമ്പ് അട്ടപ്പള്ളത്ത് സി.ഐ.ടിയു ചുമട്ടുതൊഴിലാളിയായ സ്റ്റീഫനെയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ വിനോദിനേയും വെട്ടിയ കേസില്‍ പ്രതികളാണ്. സ്റ്റീഫനെ വെട്ടിയ കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. അറസ്റ്റിലായ അഞ്ചില്‍ നാല് പേരും ബി.ജെ.പി പ്രവര്‍ത്തകരുമാണ്.