മുംബൈയും പഞ്ചാബും കട്ടയ്ക്ക് കട്ട... പക്ഷെ വാംഖഡെ പഞ്ചാബ് തൂക്കും; കാര്യങ്ങള്‍ ഇങ്ങനെ!
Cricket
മുംബൈയും പഞ്ചാബും കട്ടയ്ക്ക് കട്ട... പക്ഷെ വാംഖഡെ പഞ്ചാബ് തൂക്കും; കാര്യങ്ങള്‍ ഇങ്ങനെ!
ശ്രീരാഗ് പാറക്കല്‍
Thursday, 16th April 2026, 3:42 pm

ഐ.പി.എല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. വാംഖഡെയില്‍ നടക്കുന്ന മത്സരത്തില്‍ തങ്ങളുടെ രണ്ടാം വിജയം ലക്ഷ്യംവെച്ചാണ് മുംബൈ ഇറങ്ങുന്നത്. അതേസമയം നാല് മത്സരങ്ങളില്‍ മൂന്ന് വിജയം കയ്യിലാക്കിയാണ് ശ്രേയസ് അയ്യരിന്റെ പഞ്ചാബ് കളത്തിലിറങ്ങുന്നത്. സ്വന്തം തട്ടകത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും മുംബൈ പ്രതീക്ഷിക്കുന്നില്ല.

ഇതുവരെ 34 മത്സരങ്ങളില്‍ മുംബൈയും പഞ്ചാബും ഏറ്റുമുട്ടിയപ്പോള്‍ 17 മത്സരങ്ങളില്‍ മുംബൈയും 17 മത്സരങ്ങളില്‍ പഞ്ചാബും വിജയിച്ചിട്ടുണ്ട്. അതില്‍ വാംഖഡെയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരുവരും അഞ്ച് മത്സരങ്ങളാണ് വിജയിച്ചത്. നിലവില്‍ കട്ടയ്ക്ക് കട്ട നില്‍ക്കുന്ന രണ്ട് ടീമും ഇന്ന് കളത്തിലിറങ്ങുമ്പോള്‍ തീ പാറുന്ന പോരാട്ടം നടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ പരിക്കിന്റെ പിടിയിലായ സൂപ്പര്‍ താരം രോഹിത് ശര്‍മയുടെ വിടവും ജസ്പ്രീത് ബുംറ തിളങ്ങാത്തതും മുംബൈക്ക് വലിയ തിരിച്ചടിയാണ്. നിലവില്‍ നാല് മത്സരങ്ങളില്‍ 123 റണ്‍സ് വഴങ്ങിയ ബുംറ ഒരു വിക്കറ്റ് പോലും നേടിയിട്ടില്ല. 8.20 എന്ന എക്കോണമിയിലാണ് താരത്തിന്റെ ബൗളിങ്. മാത്രമല്ല സൂര്യകുമാര്‍ യാദവ് തിലക് വര്‍മ എന്നിവരും ഫോം കണ്ടെത്തിയിട്ടില്ല.

അതേസമയം വെടിക്കെട്ട് ബാറ്റര്‍മാരായ പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങ്ങും നയിക്കുന്ന പഞ്ചാബിന്റെ ഓപ്പണിങ് വളരെ ശക്തമാണ്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും മിന്നും ഫോമിലാണ്.

സീസണിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈസേഴ്‌സിനെ വീഴ്ത്തി മികച്ച തുടക്കം ലഭിച്ച മുംബൈക്ക് പിന്നീടുള്ള മത്സരങ്ങളെല്ലാം പിഴക്കുകയായിരുന്നു. ഇതോടെ പഞ്ചാബിനെതിരായ മത്സരത്തില്‍ വിജയിക്കാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇരുവരും തമ്മിലുള്ള ഹെഡ് ടു ഹെഡ് മത്സരങ്ങള്‍ മാറ്റിവെച്ചാല്‍ നിലവിലെ ശക്തിയനുസരിച്ച് പഞ്ചാബിനാണ് വിജയസാധ്യത.

Content Highlight: Mumbai VS Panjab Match In IPL 2026

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ