മുംബൈ ഭീകരാക്രമണം; തിരിച്ചടിക്കാതിരുന്നത് അമേരിക്കയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമ്മര്‍ദം കാരണം: പി. ചിദംബരം
India
മുംബൈ ഭീകരാക്രമണം; തിരിച്ചടിക്കാതിരുന്നത് അമേരിക്കയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമ്മര്‍ദം കാരണം: പി. ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th September 2025, 11:50 am

ന്യൂദൽഹി: മുംബൈ ഭീകരാക്രമണത്തിൽ പാകിസ്ഥാന് തിരിച്ചടി നൽകാതിരുന്നത് യു.എസ് സമ്മർദം മൂലമെന്ന് മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം. പാകിസ്ഥാന് സൈനിക തിരിച്ചടി നൽകണമെന്ന് ഇന്ത്യ ആലോചിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുൾപ്പടെയുള്ള അന്താരാഷ്ട്ര സമൂഹങ്ങളുടെ സമ്മർദം മൂലമാണ് യുദ്ധത്തിൽ നിന്ന് പിന്മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ബി.പി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പി.ചിദംബരം ഇക്കാര്യം പറഞ്ഞത്.

മുൻ യു.എസ് സെക്രട്ടറി കൊണ്ടേലസ റൈസ് ദൽഹിയിൽ എത്തി തന്നെയും പ്രധാനമന്ത്രിയെയും നേരിട്ട് കണ്ട് സമ്മര്‍ദം ചെലുത്തിയെന്നും പി.ചിദംബരം പറഞ്ഞു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും തിരിച്ചടി പാടില്ലെന്ന നിലപാടെടുത്തിരുന്നെന്നും താൻ വളരെ വിഷമത്തോടെയാണ് ഈ നിലപാടിലേക്ക് എത്തിയതെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങിയാണ് ബി.ജെ.പി ഓപ്പറേഷൻ സിന്ദൂരിൽ വെടിനിർത്തൽ നടത്തിയതെന്ന് ലോക്സഭയിലടക്കം കോൺഗ്രസ് ആരോപിച്ചിരുന്നു

2008 ൽ ലോകത്തെ തന്നെ ഞെട്ടിച്ച ഭീകരാക്രമണം മുംബൈയിൽ ഉണ്ടായിട്ടും അതിൽ പാകിസ്ഥാന്റെ പങ്ക് വെളിപ്പെട്ടിട്ടും എന്തുകൊണ്ട് മൻമോഹൻ സിങ് സർക്കാർ തിരിച്ചടിച്ചില്ല എന്നതിനുള്ള ഉത്തരമാണ് ചിദംബരത്തിന്റെ വെളിപ്പെടുത്തൽ.

അതേസമയം ഇതിനെ വിമർശിച്ച് ബി.ജെ.പി രംഗത്തെത്തി. തുറന്നു പറച്ചിൽ കുറച്ചു വൈകിയെന്നും ഇത് രാജ്യത്തിന് അറിയാമായിരുന്നെന്നും എന്നാൽ 17 വർഷത്തിന് ശേഷമാണ് മുൻ ആഭ്യന്തരമന്ത്രി പി.ചിദംബരം ഇത് സമ്മതിക്കുന്നതെന്നും ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എക്സിൽ പറഞ്ഞു.  മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പരാമർശിച്ച് മുൻ യു.എസ് സെക്രട്ടറി യിൽ നിന്നും ഉത്തരുവുകൾ സ്വീകരിച്ചതെന്തിനാണെന്നും ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പുനവല്ല ചോദിച്ചു

Content Highlight: Mumbai terror attack; No retaliation due to US pressure; P Chidambaram