ഒടുവില്‍ കൊല്‍ക്കത്തയും കരകയറി; ചരിത്രത്തിലെ വമ്പന്‍ നാണക്കേടില്‍ മുംബൈ മാത്രം
Cricket
ഒടുവില്‍ കൊല്‍ക്കത്തയും കരകയറി; ചരിത്രത്തിലെ വമ്പന്‍ നാണക്കേടില്‍ മുംബൈ മാത്രം
Sudev A
Sunday, 19th April 2026, 8:22 pm

2026 ഐപി.എ.ല്ലില്‍ ഒടുവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിനെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കെ.കെ.ആര്‍ തുടര്‍ തോല്‍വികള്‍ അവസാനിപ്പിച്ചത്. രാജസ്ഥാന്റെ രണ്ടാം തോല്‍വിയാണിത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ഏഴാം മത്സരത്തില്‍ കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയതോടെ ഐ.പി.എല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ തുടര്‍ച്ചയായി 7+ മത്സരങ്ങളില്‍ പരാജയപ്പെടുന്ന ടീമെന്ന മോശം നേട്ടത്തിനൊപ്പമെത്താതെ അജിന്‍ക്യ രഹാനെയും സംഘവും രക്ഷപ്പെടുകയും ചെയ്തു. മുംബൈ ഇന്ത്യന്‍സ് മാത്രമാണ് ഐപിഎല്ലില്‍ സീസണിന്റെ തുടക്കത്തില്‍ തുടര്‍ച്ചയായി ഏഴിലധികം മത്സരങ്ങള്‍ പരാജയപ്പെട്ടിട്ടുള്ളത്. 2022ലായിരുന്നു മുംബൈയുടെ പരാജയം. 2012ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സും 2013ല്‍ ദല്‍ഹിയും 2019ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തുടര്‍ച്ചയായി ആറ് മത്സരങ്ങളില്‍ പരാജയപ്പെട്ടിരുന്നു. മുംബൈ മാത്രമാണ് ആദ്യ ഏഴ് മത്സരങ്ങള്‍ പരാജയപ്പെട്ട ടീം.

അതേസമയം റിങ്കു സിങിന്റെയും അനുകുല്‍ റോയിയുടെയും തകര്‍പ്പന്‍ പ്രകടനമാണ് കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചത്. 34 പന്തുകളില്‍ നിന്നും പുറത്താവാതെ 53 റണ്‍സ് നേടിയാണ് റിങ്കു തിളങ്ങിയത്. അഞ്ച് ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. അനുകൂല്‍ റോയ് 29 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

രാജസ്ഥാന്റെ ബൗളിങ് നിരയില്‍ രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍, യാഷ് പുഞ്ച, രവി ബിഷ്‌ണോയ്, നാന്ദ്രേ ബര്‍ഗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത് വൈഭവ് സൂര്യവംശിയും യശ്വസി ജെയ്സ്വാളുമാണ്. വൈഭവ് 28 പന്തില്‍ 46 റണ്‍സാണ് നേടിയത്. ആറ് ഫോറുകളും രണ്ട് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ജെയ്സ്വാള്‍ 29 പന്തില്‍ നാല് ഫോറുകളും രണ്ട് സിക്സും അടക്കം 39 റണ്‍സും സ്വന്തമാക്കി. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാനായില്ല.

കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി, കാര്‍ത്തിക് ത്യാഗി എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനം കാഴ്ചവെച്ചു. സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റും നേടി.

Content Highlight: Mumbai Indians is the only team to loss 7+ matches in ipl season

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.