നാല് തോല്‍വികള്‍ക്ക് ശേഷം വിജയ വഴിയില്‍; ഗുജറാത്തിനെ വീഴ്ത്തി മുംബൈ
Cricket
നാല് തോല്‍വികള്‍ക്ക് ശേഷം വിജയ വഴിയില്‍; ഗുജറാത്തിനെ വീഴ്ത്തി മുംബൈ
സുദേവ് എ
Monday, 20th April 2026, 11:37 pm

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് സീസണിലെ രണ്ടാം ജയം. ഗുജറാത്ത് ടൈറ്റന്‍സിനെ 99 റണ്‍സിനാണ് ഹര്‍ദിക് പാണ്ഡ്യയും സംഘവും വീഴ്ത്തിയത്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 100 റണ്‍സില്‍ ഓള്‍ ഔട്ടായി. തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്ക് ശേഷമാണ് മുംബൈ വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുന്നത്.

സെഞ്ച്വറി നേടിയ തിലക് വര്‍മയുടെ കരുത്തിലാണ് മുംബൈ മികച്ച സ്‌കോര്‍ നേടിയത്. മത്സരത്തില്‍ 45 പന്തില്‍ പുറത്താവാതെ 101 റണ്‍സ് നേടിയാണ് തിലക് തിളങ്ങിയത്. എട്ട് ഫോറുകളും ഏഴ് പടുകൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് തിലകിന്റെ ഇന്നിങ്സ്. ഐ.പി.എല്ലിലെ തന്റെ ആദ്യ സെഞ്ച്വറിയാണ് തിലക് ഗുജറാത്തിനെതിരെ അടിച്ചെടുത്തത്.

മുംബൈ ബൗളിങ്ങില്‍ അശ്വിനി കുമാര്‍ നാല് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനം നടത്തിയപ്പോള്‍ ഗുജറാത്ത് ബാറ്റിങ് നിര തകരുകയായിരുന്നു. അല്ലാഹ് ഗസന്‍ഫര്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ഹര്‍ദിക്, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും നേടിയപ്പോള്‍ ഗുജറാത്തിന്റെ പതനം പൂര്‍ത്തിയായി.

26 റണ്‍സ് നേടിയ വാഷിങ്ങ്ടണ്‍ സുന്ദര്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ പൊരുതിയത്. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

അതേസമയം ഏപ്രില്‍ 23ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഏപ്രില്‍ 24ന് നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് ഗുജറാത്തിന്റെ എതിരാളികള്‍. ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.

Content Highlight: Mumbai Indians Beat Gujarat Titans in IPL 2026

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.