ഷിന്‍ഡെ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രവി റാണയും നവ്‌നീത് റാണയും കോടതിയുടെ പരിസരത്തേക്ക് വന്നിട്ടില്ലെന്ന് മുംബൈ പൊലീസ്; വിമര്‍ശിച്ച് കോടതി
national news
ഷിന്‍ഡെ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രവി റാണയും നവ്‌നീത് റാണയും കോടതിയുടെ പരിസരത്തേക്ക് വന്നിട്ടില്ലെന്ന് മുംബൈ പൊലീസ്; വിമര്‍ശിച്ച് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th August 2022, 3:53 pm

മുംബൈ: മഹാവികാസ് അഘാഡി സര്‍ക്കാര്‍ മാറിയതില്‍പിന്നെ അമരാവതി എം.പി നവ്‌നീത് റാണയും ഭര്‍ത്താവും എം.എല്‍.എയുമായ രവി റാണയും കോടതി നടപടികളില്‍ ഹാജരായിട്ടില്ലെന്ന് മുംബൈ പൊലീസ് . വിവാദമായ ഹനുമാന്‍ ചലീസ സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെയുള്ള കേസ് തുടരുകയാണ്. ഇതിനിടെയാണ് മഹാരാഷ്ട്രയില്‍ ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതില്‍ പിന്നെ ഇരുവരും കോടതി നടപടികള്‍ക്ക് വേണ്ടി ഹാജരായിട്ടില്ലെന്ന മുംബൈ പൊലീസിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

അന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെയുടെ വസതിക്കു മുന്നില്‍ നിന്ന് ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന ദമ്പതികളുടെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ഇരുവര്‍ക്കും നേരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പള്ളികളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് തടയാന്‍ കഴിയാത്ത മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം എന്ന നിലയ്ക്കാണ് ഇവര്‍ ഉദ്ധവിന്റെ വസതിയ്ക്ക് മുന്നിലെത്തി ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ചത്.

ഇരുവരേയും പിന്നീട് ബാന്ദ്ര കോടതി 14 ദിവസത്തേക്ക് റിമന്‍ഡ് ചെയ്തിരുന്നു. രാജ്യദ്രോഹക്കുറ്റത്തിന് ഇരുവര്‍ക്കും എതിരെ കേസെടുത്തിരുന്നെങ്കിലും പിന്നീട് മുംബൈ പ്രത്യേക കോടതി ജാമ്യം അനുവദിച്ചിരുന്നു.

രാജ്യദ്രോഹക്കേസില്‍ ഇവര്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ പൊലീസ് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ പിന്നീട് കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല.

അതേസമയം പുതിയ സര്‍ക്കാര് അധികാരത്തിലെത്തിയ ശേഷം കോടതി നടപടികളില്‍ പങ്കെടുക്കാത്ത ദമ്പതികളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം ദമ്പതികളോ അവരുടെ അഭിഭാഷകരോ കോടതിയില്‍ വരുന്നില്ലെന്നും നിയമനടപടികളെ നിസ്സാരമായി കാണുകയാണെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രദീപ് ഘരത് പറഞ്ഞു.

ജൂലൈ 20നായിരുന്നു കേസില്‍ അവസന വദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചിരുന്നത്. എന്നാല്‍ അന്നേ ദിവസം പ്രതികളോ അവര്‍ക്ക് വേണ്ട ഹജരാകേണ്ട അഭിഭാഷകനോ കോടതിയില്‍ എത്തിയിരുന്നില്ല.

കോടതിയില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നതോടെ കേസില്‍ തുടര്‍ നടപടികള്‍ക്ക് വേണ്ടി ഹാജരാകുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ രംഗത്തെത്തിയിരുന്നു. കേസ് ഇനി ആഗസ്റ്റ് 11ന് പരിഹഗണിക്കും.

മഹാരാഷ്ട്രയില്‍ ബി.ജെ.പി അനുകൂല ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് ജൂണിലായിരുന്നു. ഭരണത്തിലുണ്ടായിരുന്ന എന്‍.സി.പി, കോണ്‍ഗ്രസ്, ശിവസേന സഖ്യകക്ഷി സര്‍ക്കാരിനെ അട്ടിമറിച്ചുകൊണ്ടായിരുന്നു ഇവരുടെ വിജയം.

സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു മാസം പിന്നിട്ടിട്ടും മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ നല്‍കിയിട്ടില്ല എന്ന് വിമര്‍ശനവും ഷിന്‍ഡെ സര്‍ക്കാരിന് നേരെ ഉയരുന്നുണ്ട്.

Content Highlight: Mumabi police says that ravi rana and navneet rana has not attended the court trials after shinde govt came into power