ഹിന്ദുമതക്കാരന്റെ വീട് വാങ്ങിയത് ഷാഹിദ് ഖുറേഷി; യു.പിയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലി ഹിന്ദു സംഘടനകളുടെ പ്രതിഷേധം
India
ഹിന്ദുമതക്കാരന്റെ വീട് വാങ്ങിയത് ഷാഹിദ് ഖുറേഷി; യു.പിയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലി ഹിന്ദു സംഘടനകളുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th November 2025, 10:54 pm

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഹിന്ദുമത വിശ്വാസിയില്‍ നിന്നും വീട് വാങ്ങിയ മുസ്‌ലിം മതവിശ്വാസിക്കെതിരെ ഹിന്ദു സംഘടനകളുടെ പ്രതിഷേധം. അനുഭവ് കല്‍റ എന്നയാളുടെ വീട് ഒരു കോടി രൂപയ്ക്ക് വാങ്ങിയ ഷാഹിദ് ഖുറേഷി എന്ന വ്യക്തിക്കാണ് ദുരനുഭവമുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് മാസത്തോളമായി അനുഭവ് വീട് വില്‍പ്പനയ്ക്കായി വെച്ചിട്ട്. ഒരു കോടി രൂപ വിലയുള്ള വീട് വാങ്ങാന്‍ ആരുമെത്തിയില്ല. ഒടുവില്‍ ആവശ്യപ്പെട്ട പണം നല്‍കി ഷാഹിദ് ഖുറേഷി വീട് വാങ്ങിക്കുകയായിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

വില്‍പന നടന്നതായി അറിഞ്ഞതിന് പിന്നാലെ പ്രദേശത്തെ തീവ്രഹിന്ദു സംഘടനകള്‍ വീടിന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. വീട് സീല്‍ ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഒടുവില്‍ പൊലീസ് പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കുകയും വീട് പൂട്ടിയിടുകയും ചെയ്തു.

എന്നാല്‍ ഇതിലും തൃപ്തരാകാത്ത ഹിന്ദുത്വ വാദികള്‍ പ്രദേശത്തെ പൊലീസ് സ്റ്റേഷന് മുന്നിലെത്തുകയും ഉറക്കെ ഹനുമാന്‍ ചാലിസ ചൊല്ലി പ്രതിഷേധിക്കുകയും ചെയ്തു. ഇന്ന് (ശനിയാഴ്ച) ആയിരുന്നു സംഭവം.

ഷാഹിദ് ഖുറേഷി വീടൊഴിയണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ താന്‍ വീട് വാങ്ങാനായി ചെലവിട്ട പണം നല്‍കിയാല്‍ വീടുവിട്ടു പോകാമെന്ന് ഖുറേഷി അറിയിച്ചെങ്കിലും പണം നല്‍കി വീട് വാങ്ങാന്‍ പ്രതിഷേധത്തിനെത്തിയ ഒരാള്‍ പോലും തയ്യാറായില്ലെന്ന് സോഷ്യല്‍മീഡിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു,

പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുന്ന ഒരു കൂട്ടം ഹിന്ദുത്വ വാദികളുടെ വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

അതേസമയം, മുസ്‌ലിങ്ങള്‍ സമാധാനപരമായി പ്രാര്‍ത്ഥിക്കുന്നതിന് എതിരെ, പൊതുയിടത്തില്‍ മതാചാരം നിര്‍വഹിച്ചെന്ന് പറഞ്ഞ് കേസെടുക്കുന്ന പൊലീസ്, പരസ്യമായി സ്റ്റേഷന് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലിയിട്ടും ഇതിനെതിരെ ചെറുവിരലനക്കാത്തത് ചോദ്യം ചെയ്യുകയാണ് സോഷ്യല്‍മീഡിയ.

Content Highlight: Shahid Qureshi bought a Hindu’s house; Hindu Extremists protest by reciting Hanuman Chalisa in front of a police station in UP