ലൈഫ് പട്ടിണിപ്പാവങ്ങള്‍ക്ക് വീടുവെച്ച് നല്‍കുന്ന പദ്ധതി; യു.ഡി.എഫ് അധികാരത്തില്‍ വന്നാലും പിരിച്ചുവിടില്ലെന്ന് മുല്ലപ്പള്ളി
Kerala News
ലൈഫ് പട്ടിണിപ്പാവങ്ങള്‍ക്ക് വീടുവെച്ച് നല്‍കുന്ന പദ്ധതി; യു.ഡി.എഫ് അധികാരത്തില്‍ വന്നാലും പിരിച്ചുവിടില്ലെന്ന് മുല്ലപ്പള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th January 2021, 2:46 pm

തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതി പട്ടിണിപ്പാവങ്ങള്‍ക്ക് വീടുവെച്ച് നല്‍കുന്ന പദ്ധതിയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്ന എം.എം ഹസന്റെ പ്രസ്താവനയേയും മുല്ലപ്പള്ളി തള്ളി.

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പദ്ധതി ഒരിക്കലും പിരിച്ചുവിടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

‘മുകളിലാകാശം മാത്രമായി നില്‍ക്കുന്ന പതിനായിരക്കണക്കിന് പാവങ്ങളുണ്ട്. അവര്‍ക്കൊരു ഭവനപദ്ധതി. ആ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത് ഞങ്ങളാണ്. യു.ഡി.എഫ് നാളെ അധികാരത്തില്‍ വന്നാല്‍ ആ പദ്ധതി ത്വരിതഗതിയില്‍ മുന്നോട്ടുകൊണ്ടുപോകും’, മുല്ലപ്പള്ളി പറഞ്ഞു.

നേരത്തെ ഹസനെ തള്ളി കെ. മുരളീധരനും രംഗത്തെത്തിയിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയത്തിന് പല കാരണങ്ങളുമുണ്ടെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വസ്തുനിഷ്ഠമായിട്ടുള്ള വിമര്‍ശനം നടത്തുന്നതില്‍ മുന്നണിക്ക് തെറ്റുപറ്റിയെന്നും മുരളീധരന്‍ പറഞ്ഞിരുന്ന.

ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തദ്ദേശതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് ഏറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ അദ്ദേഹം വിശദീകരിച്ചത്.

ലൈഫ് പദ്ധതിയിക്കെതിരായ യു.ഡി.എഫിലെ ചില നേതാക്കളുടെ പ്രസ്താവന പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും ലൈഫിലെ അഴിമതി ചൂണ്ടിക്കാണിക്കുന്നതിന് പകരം അധികാരത്തിലെത്തിയാല്‍ ലൈഫ് പദ്ധതി നിര്‍ത്തലാക്കുമെന്ന തരത്തിലുള്ള ചില പ്രസ്താവനകള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും മുരളീധരന്‍ പറഞ്ഞു.

നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പാണ് ഹസ്സന്‍ യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ ലൈഫ് മിഷന്‍ പദ്ധതി പിരിച്ചുവിടുമെന്ന് അഭിപ്രായപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mullappally Ramachandran Life Mission M.M Hassan