'പ്രതിപക്ഷ നേതാവായി വി.ഡി സതീശന് തിളങ്ങാനാകട്ടെ', രമേശ് ചെന്നിത്തലയുടെ പ്രകടനം പ്രശംസനീയമായിരുന്നെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍
Kerala News
'പ്രതിപക്ഷ നേതാവായി വി.ഡി സതീശന് തിളങ്ങാനാകട്ടെ', രമേശ് ചെന്നിത്തലയുടെ പ്രകടനം പ്രശംസനീയമായിരുന്നെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd May 2021, 11:46 am

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി ഹെെക്കമാന്റ് തീരുമാനിച്ച വി.ഡി സതീശന് തിളങ്ങാനാകട്ടെ എന്ന് ആശംസിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി സതീശന്റെ പേരിലേക്ക് എത്തിയത് എങ്ങനെയെന്ന് അറിയില്ലെന്നും കേന്ദ്ര തീരുമാനം അറിയിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കമാന്റിന്റെ തീരുമാനം പുറത്തുവന്നതിന് പിന്നാലെ കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.ഡി സതീശന്‍ നിയമസഭയില്‍ സാമാജികനെന്ന നിലയില്‍ പാടവം തെളിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്പീക്കര്‍ക്ക് ഉടന്‍ തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി സതീശന്റെ പേര് നിര്‍ദ്ദേശിച്ച കത്ത് നല്‍കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രകടനം പ്രശംസനീയമായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

കഠിനാധ്വാനിയായ രാഷ്ട്രീയക്കാരനാണ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും നിഷേധിക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി ശനിയാഴ്ച രാവിലെയാണ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് തീരുമാനം അറിയിച്ചത്.

ഹൈക്കമാന്റ് തീരുമാനം മാറ്റത്തിന് വേണ്ടിയാണെന്ന് ഖാര്‍ഗെ പറഞ്ഞു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരെ ഖാര്‍ഗെ തീരുമാനം അറിയിച്ചു.

നേരത്തെ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തന്നെ മതിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. എന്നാല്‍ വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Mullappally Ramachandran comment about VD Satheesan become Leader of Opposition’