ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വീണ്ടും ഇടപെടലുമായി സുപ്രീം കോടതി. ഉന്നതാധികാര സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഇരുസംസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് കോടതി പറഞ്ഞു.
കഴിഞ്ഞ ദിവസം മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ കേരളവും തമിഴ്നാടും നടപ്പാക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്.
നിര്‍ദേശത്തില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ രണ്ടാഴ്ചക്കുള്ളില്‍ അറിയിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടിയ കോടതി, ഉത്തരവ് നടപ്പിലാക്കാന്‍ ഇരുസംസ്ഥാനങ്ങളും വേഗത്തില്‍ നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചു.
അതേസമയം പുതിയ അണക്കെട്ടെന്ന ആവശ്യം കേരളം ഇന്നും (ചൊവ്വ) കോടതിയില്‍ ഉന്നയിച്ചു. എന്നാല്‍ ഉന്നതാധികാര സമിതിയുടെ ശുപാര്‍ശകളുമായി മുന്നോട്ടുപോകാനാണ് കോടതി മറുപടി നല്‍കിയത്. ഇതില്‍ എതിര്‍പ്പ് അറിയിക്കുകയാണെങ്കില്‍ മെയ് 19ന് വീണ്ടും വാദം കേള്‍ക്കുമെന്നും കോടതി പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായി മരങ്ങള്‍ മുറിക്കണം എന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് അനുമതി നല്‍കണമെന്നാണ് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതേ ആവശ്യം ഉന്നയിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ വീണ്ടും കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കേണ്ടതുണ്ട്.
തമിഴ്‌നാട് സര്‍ക്കാര്‍ വീണ്ടും അപേക്ഷ നല്‍കുമ്പോള്‍ തുടര്‍ന്നുള്ള നടപടികള്‍ കേരളം വേഗത്തിലാക്കണമെന്നാണ് ഉന്നതാധികാര സമിതി മുന്നോട്ടുവെച്ച പ്രധാന ശുപാര്‍ശ.
കൂടാതെ അണക്കെട്ടിന്റെ അറ്റകുറ്റ പണികള്‍ക്ക് അനുമതി നല്‍കുക, അണക്കെട്ടിലേക്ക് പോകുന്ന ഗാട്ട് റോഡിന്റെ നവീകരണം നടത്തുക തുടങ്ങി നിര്‍ദേശങ്ങളും സമിതിയുടെ ശുപാര്‍ശകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
നേരത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാഭീഷണി ആശങ്ക മാത്രമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 135 വര്‍ഷത്തെ കാലവര്‍ഷം അണക്കെട്ട് മറികടന്നതാണെന്നും കോടതി പറഞ്ഞിരുന്നു.
അതേസമയം മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് അനുമതി നല്‍കരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് എഴുതിയ കത്തിലാണ് സ്റ്റാലിന്‍ ആവശ്യം ഉന്നയിച്ചത്. സുപ്രീം കോടതി ഉത്തരവ് മറികടന്നുകൊണ്ടാണ് കേരളത്തിന്റെ നീക്കമെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു.
Content Highlight: Mullaperiyar dispute; Both states have responsibility to implement the recommendations of the high-powered committee: Supreme Court