ഗാനരചയിതാവും നടനുമായ മുല്ലനേഴി അന്തരിച്ചു
Movie Day
ഗാനരചയിതാവും നടനുമായ മുല്ലനേഴി അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd October 2011, 11:24 am

mullanezhi Neelakandan Namboothiri
തൃശൂര്‍: പ്രശസ്ത കവിയും ഗാനരചയിതാവും നടനുമായ മുല്ലനേഴി അന്തരിച്ചു. ഹൃദയാഘാദത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു 63കാരനായ മുല്ലനേഴി എം.എന്‍.നീലകണ്ഠന്‍ നമ്പൂതിരിയുടെ അന്ത്യം. ഇന്നലെ രാത്രി ആവണിശേരിയിലെ മുല്ലനേഴി മനയില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എ. അയ്യപ്പന്റെ അനുസ്മരണ പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയതിന് ശേഷമാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. മരണസമയത്ത് മകന്‍ അരുണ്‍ കൂടെയുണ്ടായിരുന്നു. ഉറ്റ സുഹൃത്തും സംവിധായകനുമായ പ്രിയനന്ദനനും മറ്റ് സുഹൃത്തുക്കളും മരണസമയത്ത് അടുത്തുണ്ടായിരുന്നു. ഇന്ന് വൈകിട്ട് 5 മണിക്ക് മുല്ലനേഴിയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.

രാമവര്‍മ്മപുരം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ മുല്ലനേഴി 1980 മുതല്‍ 83 വരെ കേരള സംഗീത അക്കാദമി അംഗമായിരുന്നു. പി.എം. അബ്ദുല്‍ അസീസ് 1970കളുടെ തുടക്കത്തില്‍ രചിച്ച ചാവേര്‍പ്പട എന്ന നാടകത്തില്‍ പ്രേംജിയോടൊപ്പം അഭിനയിച്ചുകൊണ്ടാണ് മുല്ലനേഴി കലാരംഗത്തേക്ക് കടന്നുവന്നത്. അദ്ദേഹത്തിന്റെ സംഭാവനകളെ 1995ലെയും 2010ലെയും കേരളസാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഉള്ളൂര്‍ കവിമുദ്ര പുരസ്‌കാരം എന്നിവ നല്‍കി ആദരിച്ചിട്ടുണ്ട്. 1981ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരവും മുല്ലനേഴിക്ക് ലഭിച്ചു. ഉള്ളൂര്‍ അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ്, നാലപ്പാടന്‍ സ്മാരക പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടി എത്തി.