ഏറ്റവും കൂടുതല്‍ സിനിമകളില്‍ ആ നടനൊപ്പം ഒന്നിച്ച് അഭിനയിച്ചത് ഞാനാകാം: മുകേഷ്
Malayalam Cinema
ഏറ്റവും കൂടുതല്‍ സിനിമകളില്‍ ആ നടനൊപ്പം ഒന്നിച്ച് അഭിനയിച്ചത് ഞാനാകാം: മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th August 2025, 4:44 pm

മലയാളികള്‍ക്ക് മികച്ച നിരവധി സിനിമകള്‍ സമ്മാനിച്ചിട്ടുള്ള നടനാണ് മുകേഷ്. 1982ല്‍ പുറത്തിറങ്ങിയ ബലൂണ്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

നാല് പതിറ്റാണ്ട് നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ 275ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സാധിച്ച നടന്‍ കൂടിയാണ് മുകേഷ്. സിനിമയില്‍ മികച്ച സൗഹൃദങ്ങള്‍ സൂക്ഷിക്കുന്ന വ്യക്തിയാണ് അദ്ദേഹം.

ഒരു കാലത്ത് മിക്ക മുകേഷ് ചിത്രങ്ങളിലും നിറസാന്നിധ്യമായ നടനാണ് ഇന്നസെന്റ്. നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്നസെന്റിനെ കുറിച്ച് പറയുകയാണ് മുകേഷ്.

തങ്ങള്‍ക്കിടയില്‍ എവിടെയോ ഒരു പൂര്‍വബന്ധം കെട്ടുപിണഞ്ഞു കിടന്നിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഇന്നസെന്റ് എന്ന വ്യക്തിയെ ആദ്യമായി കണ്ടനാള്‍ തനിക്ക് കൃത്യമായി ഓര്‍മയില്ലെന്നും മുകേഷ് പറയുന്നു.

എന്നാല്‍ ഒരായുഷ്‌കാലം മുഴുവന്‍ ഓര്‍ത്തിരിക്കാന്‍ ഓര്‍മകളുടെ ഒരു ചിരിക്കാലം സമ്മാനിച്ചാണ് ഇന്നസെന്റ് കടന്നുപോയതെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരുപക്ഷേ ഒരേ വഴിയിലൂടെ സഞ്ചരിച്ച സഹയാത്രികരായിരുന്നു ഞങ്ങള്‍. 40 വര്‍ഷത്തോളം പഴക്കമുള്ള ആത്മബന്ധമാണ്. ഒരിക്കലും നിറം മങ്ങാത്ത ഇന്നസെന്റ് കഥകളിലെ സ്ഥിരം കഥാപാത്രങ്ങളില്‍ ഒരാളായിരുന്നു ഞാന്‍. ഇന്നസെന്റേട്ടനുമായി ഏറ്റവും കൂടുതല്‍ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചത് ഒരുപക്ഷേ ഞാനാകാം,’ മുകേഷ് പറയുന്നു.

കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമയുടെ ഡബ്ബിങ്ങിന് വേണ്ടി തിരുവനന്തപുരത്തെ കീര്‍ത്തി ഹോട്ടലില്‍ വെച്ച് ഇന്നസെന്റിനെ കണ്ടതും മുകേഷ് ഓര്‍ക്കുന്നു. അന്ന് നിര്‍മാതാവിന്റെ റോളിലായിരുന്നു ഇന്നസെന്റെന്നും കാളിദാസ കലാകേന്ദ്രത്തിന്റെ നാടകങ്ങളെക്കുറിച്ച് ഏറെ നേരം തങ്ങള്‍ സംസാരിച്ചെന്നും നടന്‍ പറയുന്നു.

‘എന്റെ അച്ഛന്‍ ഒ. മാധവന്റെ വലിയ ആരാധകനായിരുന്നു അദ്ദേഹം. അച്ഛന്റെ നാടകങ്ങളും സീനുകളുമൊക്കെ ചേട്ടന് മനഃപാഠമായിരുന്നു. സംഗമം എന്ന നാടകത്തിലെ എന്റെ അച്ഛന്റെ അഭിനയത്തെക്കുറിച്ചും സംഭാഷണങ്ങളെക്കുറിച്ചും നാടകത്തില്‍ കമ്പമുണ്ടായിരുന്ന ഇന്നസെന്റ് എന്ന നിര്‍മാതാവ് പറയുമ്പോള്‍ എന്റെയുള്ളില്‍ അഭിമാനം നിറഞ്ഞു,’ മുകേഷ് പറയുന്നു.

Content Highlight: Mukesh Talks About Innocent