ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സിനിമയാണ് ‘ജോമോന്റെ സുവിശേഷങ്ങള്‍’. ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അച്ഛനായി എത്തിയത് മുകേഷായിരുന്നു. മുകേഷിന്റെ ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോള്‍ ആ സിനിമയെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും പറയുകയാണ് മുകേഷ്. സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.
‘ഞാന്‍ ദുല്‍ഖറിന്റെ കൂടെ ജോമോന്റെ സുവിശേഷങ്ങള്‍ ചെയ്തതിന് ശേഷം ഒരുപാട് അച്ഛന്‍ വേഷം എനിക്ക് വന്നിട്ടുണ്ട്. അതൊക്കെ ഞാന്‍ നിരസിച്ചു.
അച്ഛന്‍ വേഷം ചെയ്യാനുള്ള വിഷമം കൊണ്ടോ പ്രായം കൂടുതല്‍ തോന്നും എന്നുള്ളത് കൊണ്ടോയല്ല. ഞാന്‍ അതിനകത്ത് വന്നത്, അച്ഛന്‍ ആ സിനിമയില്‍ ഒരു മെയിന്‍ റോള്‍ ആയത് കൊണ്ടാണ്.
ആ അച്ഛന്‍ കഥാപാത്രമെടുത്തത് നന്നായെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ദുല്‍ഖറ് തന്നെ എന്നോട് ചില രംഗങ്ങള്‍ കണ്ടിട്ട് ഇതിനികത്ത് മുകേഷങ്കിളാണ് ഹീറോയെന്ന് പറഞ്ഞിട്ടുണ്ട്.
ആ സിനിമ ഞാന്‍ സെലക്ട് ചെയ്യാന്‍ കാരണം അതാണ്. അല്ലാതെ ഒരു ചെറിയ അച്ഛന്‍ റോള്‍ വന്നിട്ട് കാര്യമില്ല. എന്തിന് വേണ്ടി ആ റോള്‍ എടുത്തെന്ന് നമ്മുക്ക് പറയാന്‍ പറ്റണം,’ മുകേഷ് പറയുന്നു.
അഭിമുഖത്തില്‍ തന്റെ ഗോഡ്ഫാദര്‍ സിനിമയെ കുറിച്ചും താരം സംസാരിച്ചു. മൂന്നുറ് സിനിമകളില്‍ അഭിനയിച്ചതാണോ അതോ നാനൂറിലധികം ദിവസം തിയേറ്ററില്‍ ഓടിയ അല്ലെങ്കില്‍ ഏറ്റവും അധികം കാലം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട മലയാള സിനിമയുടെ നായകന്‍ ആയതിലാണോ സന്തോഷമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
‘രണ്ടും ഒരുപോലെ സന്തോഷം തരുന്ന കാര്യമാണ്. പക്ഷേ വ്യക്തിപരമായിട്ട് പറയുകയാണെങ്കില്‍ ഗോഡ്ഫാദറിന്റെ വിജയം കണ്ട് അന്ന് ഞാന്‍ ഒരുപാട് സന്തോഷിച്ചിരുന്നു.
ഞങ്ങള്‍ക്ക് ഭയങ്കര അത്ഭുതവും സന്തോഷവും തോന്നി. അന്ന് ഞങ്ങള് കരുതിയിരുന്നത് വേറെ പടം വന്ന് ഇത് മറികടക്കും എന്നായിരുന്നു. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ വിശ്വസിക്കുന്നത് അങ്ങനെ സംഭവിക്കില്ല എന്നാണ്.
ഈ റെക്കോഡ് തകര്‍ക്കാന്‍ ഇനി സാധിക്കില്ല. കാരണം പറ്റേണ്‍ ഒക്കെ മാറി പോയല്ലോ. മുമ്പ് കുറച്ച് തിയേറ്ററില്‍ മാത്രമേ സിനിമ റിലീസ് ഉണ്ടാകുള്ളുവായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല.
എല്ലാ സ്ഥലത്തും റിലീസ് ഉണ്ട്. രണ്ടാഴ്ചയോ മൂന്നു ആഴ്ചയോ കഴിയുമ്പോള്‍ വലിയ പടങ്ങള്‍ പോലും തിയേറ്റര്‍ വിട്ടു പോകും. അന്ന് അങ്ങനെയല്ല. അപ്പോള്‍ അതിനകത്തുള്ള സന്തോഷം വളരെ വലുതാണ്,’ മുകേഷ് പറഞ്ഞു.
Content Highlight: Mukesh Talks About Dulquer Salman