അത്യാവശ്യത്തിന് മാത്രം വിളിക്കാറുള്ള ലാലു അലക്‌സ് എന്റെ ആ സിനിമ കണ്ടിട്ട് ഫോണ്‍ വിളിച്ച് പൊട്ടിക്കരഞ്ഞു: മുകേഷ്
Malayalam Cinema
അത്യാവശ്യത്തിന് മാത്രം വിളിക്കാറുള്ള ലാലു അലക്‌സ് എന്റെ ആ സിനിമ കണ്ടിട്ട് ഫോണ്‍ വിളിച്ച് പൊട്ടിക്കരഞ്ഞു: മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th August 2025, 10:05 pm

നാല് പതിറ്റാണ്ടോളമായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന നടനാണ് മുകേഷ്. നായക വേഷങ്ങളിലൂടെയും ക്യാരക്ടര്‍ റോളുകളിലൂടെയും മുകേഷ് പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കി. കോമഡിയും സീരിയസ് വേഷവും അനായാസം ചെയ്ത് ഫലിപ്പിക്കാന്‍ കഴിയുന്ന ചുരുക്കം ചില നടന്മാരില്‍ ഒരാള്‍ കൂടിയാണ് മുകേഷ്.

മുകേഷിന്റെ സിനിമാജീവിതത്തിലെ 300ാമത്തെ ചിത്രമായിരുന്നു 2023ല്‍ പുറത്തിറങ്ങിയ ഫിലിപ്‌സ്. നവാഗതനായ ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്നസെന്റിന്റെ അവസാനചിത്രം കൂടിയായിരുന്നു ഫിലിപ്‌സ്. ചിത്രത്തെക്കുറിച്ച് ലാലു അലക്‌സ് പറഞ്ഞ അഭിപ്രായം പങ്കുവെക്കുകയാണ് മുകേഷ്.

ഫിലിപ്‌സ് സിനിമ റിലീസായ സമയത്ത് ലാലു അലക്‌സ് എന്നെ വിളിച്ചിരുന്നു. അങ്ങനെ എപ്പോഴും വിളിച്ച് സംസാരിക്കുന്നയാളല്ല ലാലു. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ വിളിക്കാറുള്ളൂ. പക്ഷേ നേരിട്ട് കണ്ടാല്‍ മണിക്കൂറുകളോളം സംസാരിച്ചുകൊണ്ടിരിക്കും. അങ്ങനെയാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം.

അപ്പോള്‍ അയാള്‍ വിളിച്ചത് എന്തെങ്കിലും പ്രധാനപ്പെട്ട കാര്യത്തിനായിരിക്കുമെന്ന് വിചാരിച്ച് ഫോണെടുത്തു. ഫിലിപ്‌സ് സിനിമ കണ്ടിട്ട് അഭിപ്രായം പറയാന്‍ വേണ്ടിയായിരുന്നു വിളിച്ചത്. ‘എടാ ഞാന്‍ ഫിലിപ്‌സ് കണ്ടു. നല്ല സിനിമയാണ്. എനിക്കിഷ്ടപ്പെട്ടു. പക്ഷേ, പടത്തില്‍ ആ കൊച്ചിന്റെ തലയില്‍ ഷോട്ട് പുട്ട് വീഴുന്നത് കണ്ടിട്ട് സഹിക്കാന്‍ പറ്റിയില്ല’ എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു.

പുള്ളിക്ക് മൂന്ന് മക്കളാണുള്ളത്. ആ സിനിമ ലാലുവിന് നല്ല രീതിയില്‍ കണക്ടായിട്ടുണ്ട്. ഒരുപാട് നേരം കരഞ്ഞു. ആ സിനിമക്ക് കിട്ടിയ വലിയൊരു അംഗീകാരമാണത്. പടത്തിന്റെ ഡയറക്ടറുടെയും റൈറ്ററുടെയും നമ്പര്‍ കൊടുത്തിട്ട് അവരെ വിളിക്കാന്‍ ലാലുവിനോട് പറഞ്ഞു. പുതിയ പിള്ളേര്‍ക്ക് അതെല്ലാം വലിയ പ്രചോദനമാണ്,’ മുകേഷ് പറഞ്ഞു.

ഹെലന്‍ എന്ന ഹിറ്റിന് ശേഷം മാത്തുകുട്ടി സേവ്യര്‍ തിരക്കഥയൊരുക്കിയ ചിത്രമാണ് ഫിലിപ്‌സ്. ബെംഗളൂരുവിലെ സാധാരണക്കാരനായ ഫിലിപ്‌സിന്റെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറഞ്ഞത്. ഹിഷാം അബ്ദുള്‍ വഹാബിന്റെ സംഗീതവും ചിത്രത്തെ കൂടുതല്‍ മികച്ചതാക്കി. നോബിള്‍ ബാബു തോമസ്, നവനി ദേവാനന്ദ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Content Highlight: Mukesh shares the appreciation of Lalu Alex about Philip’s movie