മനസാ വാചാ കര്‍മണാ അറിയാത്ത കാര്യങ്ങളാണ് പലതും, അവര് എന്തുവേണമെങ്കിലും പറഞ്ഞോട്ടെടാ എന്ന മാനസികാവസ്ഥയിലാണ് മമ്മൂക്ക: മുകേഷ്
Malayalam Cinema
മനസാ വാചാ കര്‍മണാ അറിയാത്ത കാര്യങ്ങളാണ് പലതും, അവര് എന്തുവേണമെങ്കിലും പറഞ്ഞോട്ടെടാ എന്ന മാനസികാവസ്ഥയിലാണ് മമ്മൂക്ക: മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th August 2025, 12:17 pm

നാല് പതിറ്റാണ്ടിലധികമായ മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് മുകേഷ്. നായകനായി ഒരുകാലത്ത് ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞുനിന്ന താരം പിന്നീട് ക്യാരക്ടര്‍ റോളുകളിലേക്കും ചുവടുമാറ്റി. ഏത് തരം വേഷവും അനായാസമായി ചെയ്ത് ഫലിപ്പിക്കാനുള്ള കഴിവാണ് മറ്റുള്ളവരില്‍ നിന്ന് മുകേഷിനെ വ്യത്യസ്തനാക്കി നിര്‍ത്തുന്നത്.

മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ് മുകേഷ്. ആറ് മാസത്തിനടുത്തായി സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് നില്‍ക്കുന്ന മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് മുകേഷ്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് മമ്മൂട്ടി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് മുകേഷ് പറഞ്ഞു. അധികം വൈകാതെ അദ്ദേഹം തിരിച്ചെത്തുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നുള്ളത് ശരിയാണ്. അദ്ദേഹം ചികിത്സയിലാണ്. ഏത് ദിവസം വേണമെങ്കിലും തിരിച്ചുവരാം. ചികിത്സയുടെ അവസാനഘട്ടത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ മമ്മൂക്കയെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അതിന് അദ്ദേഹം നേരിട്ട് പറഞ്ഞില്ലെങ്കിലും ഇപ്പോഴത്തെ ആറ്റിറ്റിയൂഡ് എന്താണെന്ന് എനിക്ക് അറിയാം.

‘ഇത്രയും കാലം മനസാ വാചാ കര്‍മണാ അറിയാത്ത പല കാര്യങ്ങളെക്കുറിച്ചുമാണ് എല്ലാവരും സംസാരിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ അസുഖത്തിന്റെ കാര്യവുമായി ബന്ധപ്പെട്ട് വിശ്രമിക്കുമ്പോഴും അതിന് കുറവില്ല. അവര് പറഞ്ഞോട്ടെടാ’ എന്ന മൈന്‍ഡിലാണ് ഇപ്പോള്‍ മമ്മൂക്കയുള്ളത്. അദ്ദേഹത്തെ ഇതൊന്നും ബാധിക്കില്ല,’ മുകേഷ് പറഞ്ഞു.

AMMA സംഘടനയെക്കുറിച്ചും തെരഞ്ഞെടുപ്പിനെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടും മുകേഷ് പങ്കുവെച്ചു. AMMA എന്ന് പറയുന്നത് സത്യമുള്ള സംഘടനയാണെന്നും അതിന്റെ തുടക്കം മുതല്‍ താന്‍ കൂടെയുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. AMMA സംഘടന വന്നതിന് ശേഷമാണ് മലയാളത്തിലെ നടന്മാര്‍ക്ക് നിലയും വിലയും കിട്ടിത്തുടങ്ങിയതെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘AMMA സംഘടന നിലവില്‍ വരുന്നതിന് മുമ്പ് മമ്മൂട്ടിയുടെ വീട്ടില്‍ ഒരു അലമാര നിറയെ ബൗണ്‍സായ ചെക്കുകളായിരുന്നു. എനിക്കും അത്തരത്തില്‍ ഒരുപാട് ചെക്കുകള്‍ കിട്ടിയിട്ടുണ്ട്. അതെല്ലാം ഇപ്പോള്‍ മാറി. എല്ലാവര്‍ക്കും വേണ്ടി സംസാരിക്കാന്‍ സംഘടനയുണ്ട്. അവശരായ കലാകാരന്മാര്‍ക്ക് കൈനീട്ടം എന്ന പരിപാടിയും നടത്തുന്നുണ്ട്,’ മുകേഷ് പറയുന്നു.

 

Content Highlight: Mukesh shares his views on the rumors about Mammootty spreading on Social Media