സത്യം പറഞ്ഞാല്‍ ആ ഡയലോഗ് ഒന്നും മനസിലായില്ല, എനിക്കും മനസിലായില്ല എന്നാണ് മധു പറഞ്ഞത്: മുകേഷ്
Film News
സത്യം പറഞ്ഞാല്‍ ആ ഡയലോഗ് ഒന്നും മനസിലായില്ല, എനിക്കും മനസിലായില്ല എന്നാണ് മധു പറഞ്ഞത്: മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th May 2022, 6:45 pm

സി.ബി.ഐ ചിത്രങ്ങളില്‍ അഞ്ച് ഭാഗത്തിലും മമ്മൂട്ടിക്കൊപ്പം വേഷമിട്ട താരമാണ് മുകേഷ്. ഒന്നാം ഭാഗത്തില്‍ ചാക്കോയായി എത്തിയ മുകേഷ് അഞ്ചാം ഭാഗത്തിലും അതേ കഥാപാത്രത്തെ അവതരിപ്പിക്കാനായി എത്തിയിരുന്നു.

ഒന്നാം ഭാഗത്തിന്റെ ഷൂട്ടിനിടക്ക് സംഭവിച്ച രസകരമായ സംഭവം വിവരിക്കുകയാണ് മുകേഷ്. സിനിമയിലെ ഒരു ഡയലോഗ് മനസിലാക്കാതെയാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം പറയുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ സി.ബി.ഐ ടീമിന് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുകേഷ്.

‘സി.ബി.ഐ ഒന്നാം ഭാഗത്തില്‍ എനിക്ക് വലിയൊരു ഡയലോഗുണ്ടായിരുന്നു. കുമാരപുരം പരിസരത്ത് അന്ന് മഴ പെയ്തിരുന്നില്ല. ആദ്യം ബോഡി വീണു, പിന്നെ മഴ പെയ്തു, പിന്നെ ബോഡി വീണു, അങ്ങനെ. ഒരു കാര്യവും എനിക്ക് മനസിലായില്ല, അങ്ങ് പറഞ്ഞു.

പക്ഷേ വേറൊരു കാര്യത്തില്‍ സന്തോഷം തോന്നി. മൂന്നാമത്തെയോ നാലാമത്തെയോ ഭാഗത്തില്‍ സംവിധായകന്‍ എന്നോട് പറഞ്ഞു. അന്ന് ആ കുമാരപുരം പഞ്ചായത്തില്‍ മഴ പെയ്തില്ല എന്ന് പറഞ്ഞ ഡയലോഗ് വെല്ലോം മനസിലായോ എന്ന് ചോദിച്ചു. സത്യം പറഞ്ഞാല്‍ മനസിലായില്ല എന്ന് പറഞ്ഞു. എനിക്കും മനസിലായില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. കാരണം വലിയ കൊനഷ്ട് പിടിച്ച സംഭവങ്ങളാണ്. ചെറിയ മിസ്റ്റേക്ക് വന്ന് കഴിഞ്ഞാല്‍ കഥ തന്നെ മാറിപോവും,’ മുകേഷ് പറഞ്ഞു.

‘മദ്രാസിലെ സഫൈര്‍ തിയേറ്ററില്‍ 250 ദിവസം സി.ബി.ഐ ഓടിയിരുന്നു. 100 ദിവസമായപ്പോള്‍ അവിടുത്തെ എന്റെ കുറച്ച് സുഹൃത്തുക്കളുമായി ഞാന്‍ സിനിമ കാണാന്‍ പോയി. അപ്പോഴും സിനിമ ഹൗസ് ഫുള്ളായിരുന്നു. സിനിമ കണ്ടിറങ്ങിയ ഒരാള്‍ എന്റെയടുത്ത് വന്ന് പറഞ്ഞു. ഈ സിനിമ ഞങ്ങള്‍ തമിഴ്നാട്ടുകാര്‍ക്ക് വളരെ ഇഷ്ടപ്പെട്ടു. ഒരഭിപ്രായമുണ്ട്. മമ്മൂട്ടി സാറിന് പെരിയ ക്രിമിനല്‍ മൈന്‍ഡാണ്. അയാള്‍ ആ പറഞ്ഞത് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. മൊബൈല്‍ ഫോണ്‍ അന്ന് ഇല്ല. ഞാന്‍ എസ്.ടി.ഡി ബൂത്തില്‍ പോയി മമ്മൂട്ടിയെ വിളിച്ചു.

ഫോണില്‍ കിട്ടിയപ്പോള്‍ ഇങ്ങനെ ഒരു അഭിപ്രായം വന്നത് ഞാന്‍ പറഞ്ഞു. നീ എന്തു പറഞ്ഞുവെന്ന് എന്നോട് ചോദിച്ചു. ഇതൊക്കെ തമിഴ്നാട്ടില്‍ എങ്ങനെ അറിഞ്ഞുവെന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. കേരളത്തിലോട്ട് വാ എന്ന് എന്നോട് മമ്മൂക്കയും പറഞ്ഞു. അങ്ങനെ മധുരിക്കുന്ന ഒരുപാട് ഓര്‍മകള്‍ സി.ബി.ഐക്കുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: mukesh says he says a dialogue without understanding it in Oru CBI Diary Kurippu