മുകേഷും ജയറാമും എന്നെ ഒരുപാട് പറ്റിച്ചിട്ടുണ്ട്; കൊഞ്ചലായിരുന്നു അന്ന്: ഉര്‍വശി
Malayalam Cinema
മുകേഷും ജയറാമും എന്നെ ഒരുപാട് പറ്റിച്ചിട്ടുണ്ട്; കൊഞ്ചലായിരുന്നു അന്ന്: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th September 2025, 2:40 pm

ഒരു കാലത്ത് ഉര്‍വശി ചെയ്തിരുന്ന കഥാപാത്രങ്ങള്‍ കണ്ട് നമ്മള്‍ മലയാളികള്‍ വിചാരിച്ചിട്ടുണ്ടാകും എങ്ങനെയാണ് ഇവര്‍ക്ക് ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതെന്ന്. ഒരുപാട് ചിരിപ്പിക്കുന്ന, കരയിപ്പിച്ചിരുന്ന, കണ്ടാല്‍ ഒരടി കൊടുക്കാന്‍ തോന്നുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍. എങ്ങനെയാണ് അത്തരം ആഴത്തില്‍ മനസില്‍ തൊടുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചത് എന്ന ചോദ്യത്തിന് ഉര്‍വശിക്ക് പറയാന്‍ ഉത്തരങ്ങളേറെയാണ്…

‘അത് അങ്ങനെയൊരു കാലമായിരുന്നു. അതിന്റെ ഫ്രഷ്നെസ് അന്ന് ചെയ്ത കഥാപാത്രങ്ങള്‍ക്കുണ്ട്. ഒരു ടെന്‍ഷനും ഉണ്ടായിരുന്നില്ല. ഉറങ്ങാന്‍ പറ്റുന്നില്ല എന്നത് മാത്രമായിരുന്നു ഒരേയൊരു നഷ്ടബോധം. ഞങ്ങളൊക്കെയും ഉറക്കപ്രിയരാണ്. ഉറങ്ങാന്‍ സമയം തികഞ്ഞിരുന്നില്ല,’ എന്ന്.

സന്തോഷമറിഞ്ഞാണ് താന്‍ വളര്‍ന്നതെന്നും ആരോടും ഗൗരവത്തില്‍ സംസാരിച്ചിട്ടില്ലെന്നും ഉര്‍വശി പറയുന്നു. കൊഞ്ചലായിരുന്നു അന്നൊക്കെയെന്നും തമാശ പറഞ്ഞ് പറ്റിക്കാനും ദേഷ്യപ്പെടാനും അനുസരണ പഠിപ്പിക്കാനും ഒക്കെ ചുറ്റിനും ആളുകള്‍ ഉണ്ടായിരുന്നുവെന്നും ഉര്‍വശി പറയുന്നു.

മുകേഷും ജയറാമുമൊക്കെ തന്നെ ഒരുപാട് പറ്റിച്ചിട്ടുണ്ടെന്നുംഅന്നൊന്നും കാരവന്‍ എന്ന സമ്പ്രദായമില്ലെന്നും പറഞ്ഞ ഉര്‍വശി, കിട്ടുന്ന സ്ഥലത്ത് ഒന്നിച്ചിരിക്കുകയും വര്‍ത്തമാനം പറയുകയും ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു.

തനിക്ക് എല്ലാവരോടും സൗഹ്യദമായിരുന്നുവെന്നും ഷൂട്ടിങ് കഴിഞ്ഞാല്‍ നേരേ വീട്ടില്‍ പോകുന്നതായിരുന്നു ശീലമെന്നും അവര്‍ പറഞ്ഞു.

കലാരഞ്ജിനിയുടെ കൂട്ടുകാരിയായിരുന്നു രോഹിണിയെന്നും പിന്നെ രോഹിണി തന്റെ കൂട്ടുകാരിയായെന്നും നടി പറഞ്ഞു. ആ സൗഹൃദം ഇപ്പോഴും തുടരുന്നുണ്ടെന്നും അതുപോലെ അടുപ്പമാണ് ഖുശ്ബുവിനോടും പാര്‍വതിയോടും തനിക്കുള്ളതെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

കല്‍പനയെക്കുറിച്ചും ഉര്‍വശി സംസാരിച്ചു,

കല്‍പനയ്ക്ക് കഴിവിനൊത്ത കഥാപാത്രങ്ങള്‍ കിട്ടിയിട്ടില്ലെന്നും അവര്‍ ആഗ്രഹിച്ചത് സീരിയസ് ആയിട്ടുള്ള റോള്‍ ചെയ്യണമെന്നായിരുന്നെന്നും നടി പറഞ്ഞു.

എന്നാല്‍ തമിഴില്‍ നല്ല കഥാപാത്രം ലഭിച്ചിട്ടുണ്ടെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കല്‍പ്പനയുടെ മരണശേഷം ഒരുപാട് അംഗീകാരങ്ങള്‍ തേടിയെത്തിയെന്നും അത്തരം പരിപാടികളുമായി താന്‍ സഹകരിച്ചിട്ടില്ലെന്നും നടി പറഞ്ഞു.

 

Content Highlight: Mukesh and Jayaram have been very fond of me says Urvashi