ബീഹാറിന്റെ ഗതി മാറ്റിയ മുസ്‌ലിം വോട്ടുകള്‍
Bihar Election
ബീഹാറിന്റെ ഗതി മാറ്റിയ മുസ്‌ലിം വോട്ടുകള്‍
മുജീബ് റഹ്മാന്‍ കിനാലൂര്‍
Monday, 17th November 2025, 11:34 am
തങ്ങളെ കേവലം 'വോട്ട് ബാങ്ക്' ആയി മാത്രം കാണുന്നുവെന്നും, വികസന വിഷയങ്ങളില്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്നും ഉള്ള വികാരം ഒരു വിഭാഗം മുസ്‌ലിം വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇത് ബീഹാറില്‍ എ.ഐ.എം.ഐ.എമ്മിന് അനുകൂലമായ ഘടകമായി മാറി | മുജീബ് റഹ്‌മാന്‍ കിനാലൂര്‍ ഡൂള്‍ന്യൂസില്‍ എഴുതുന്നു

2025-ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്, സംസ്ഥാന രാഷ്ട്രീയത്തിലെ പരമ്പരാഗത സമവാക്യങ്ങള്‍ അടിമുടി മാറ്റിമറിച്ചിരിക്കുന്നു. എന്‍.ഡി.എ (ബി.ജെ.പി – ജെ.ഡി.യു – എല്‍.ജെ.പി(ആര്‍.വി) സഖ്യം) 200ലധികം സീറ്റുകള്‍ നേടി ചരിത്രവിജയം കുറിച്ചപ്പോള്‍, ആര്‍.ജെ.ഡി-കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ‘മഹാസഖ്യം’ തകര്‍ന്നടിഞ്ഞു.

ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും നിര്‍ണായകമായ ഘടകങ്ങളിലൊന്ന് മുസ്‌ലിം ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചുപോയതും, തത്ഫലമായി നിയമസഭയിലെ അവരുടെ പ്രാതിനിധ്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചതുമാണ്.

മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലെ വിജയികള്‍

മുസ്‌ലിം ജനസംഖ്യ നിര്‍ണായകമായ, കിഴക്കന്‍ ബിഹാറിലെ സീമാഞ്ചല്‍ (കിഷന്‍ഗഞ്ച്, കതിഹാര്‍, അരാരിയ, പൂര്‍ണിയ ജില്ലകള്‍) മേഖലയിലാണ് ഏറ്റവും നാടകീയമായ ഫലങ്ങള്‍ ഉണ്ടായത്. ഈ മേഖല പരമ്പരാഗതമായി ആര്‍.ജെ.ഡി – കോണ്‍ഗ്രസ് സഖ്യത്തിന്റെ ‘എം-വൈ’ (മുസ്‌ലിം-യാദവ) സമവാക്യത്തിന്റെ കോട്ടയായാണ് അറിയപ്പെട്ടിരുന്നത്.

എന്നാല്‍ 2025ല്‍ ഈ കോട്ട പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം 2020ലെ പ്രകടനം ആവര്‍ത്തിച്ചുകൊണ്ട്, സീമാഞ്ചല്‍ മേഖലയില്‍ 5 സീറ്റുകള്‍ (അമൗര്‍, കോച്ചാധാമന്‍, ബഹാദൂര്‍ഗഞ്ച്, ജോക്കിഹട്ട്, ബൈസി) നിലനിര്‍ത്തി.

Owaisi says he will support Sudarshan Reddy for the post of Vice President

അസദുദ്ദീന്‍ ഉവൈസി

2020ല്‍ വിജയിച്ച 5 എം.എല്‍.എമാരില്‍ 4 പേര്‍ ആര്‍.ജെ.ഡിയിലേക്ക് കൂറുമാറിയിട്ടും, അതേ മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വിജയിപ്പിക്കാന്‍ ഉവൈസിയുടെ പാര്‍ട്ടിക്ക് സാധിച്ചു എന്നത് ശ്രദ്ധേയമാണ്.

എന്‍.ഡി.എയുടെ വന്‍മുന്നേറ്റം

സീമാഞ്ചലിലെ 24 മണ്ഡലങ്ങളില്‍ 14 ഇടത്തും എന്‍.ഡി.എ സഖ്യമാണ് (ബി.ജെ.പി 7, ജെ.ഡി.യു 5, എല്‍.ജെ.പി(ആര്‍.വി) 2) വിജയിച്ചത്. മുസ്‌ലിം വോട്ടുകള്‍ ഭിന്നിച്ചതാണ് ഇവിടെ എന്‍.ഡി.എയ്ക്ക് വലിയ നേട്ടമായി മാറിയത് എന്ന് വ്യക്തം.

എന്‍.ഡി.എ

തങ്ങളുടെ ഉറച്ച വോട്ട് ബാങ്ക് എന്ന് കരുതിയിരുന്ന സീമാഞ്ചലില്‍ ആകെ 5 സീറ്റുകള്‍ (കോണ്‍ഗ്രസ് 4, ആര്‍.ജെ.ഡി 1) മാത്രമാണ് മഹാസഖ്യത്തിന് നേടാനായത്.

എന്തുകൊണ്ട് മുസ്‌ലിം വോട്ടുകള്‍ ഭിന്നിച്ചു?

സംസ്ഥാനത്ത് പൊതുവില്‍ എന്‍.ഡി.എ തരംഗം ആഞ്ഞടിച്ചപ്പോള്‍, ന്യൂനപക്ഷ വോട്ടുകള്‍ക്ക് അത് തടയാനായില്ല. ഇതിന് പല കാരണങ്ങളുണ്ട്. അതില്‍ പ്രധാാനപ്പെട്ടത് എ.ഐ.എം.ഐ.എം ഫാക്റ്ററാണ്. സീമാഞ്ചല്‍ മേഖലയില്‍ മഹാസഖ്യവും എ.ഐ.എം.ഐ.എമ്മും തമ്മില്‍ വോട്ടുകള്‍ വിഭജിക്കപ്പെടുകയായിരുന്നു.

മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങള്‍ക്കും പ്രാതിനിധ്യത്തിനും വേണ്ടി ശക്തമായി വാദിക്കുന്ന ഒരു പാര്‍ട്ടി എന്ന നിലയില്‍ എ.ഐ.എം.ഐ.എം ഒരു വിഭാഗം വോട്ടര്‍മാരെ ആകര്‍ഷിക്കുക സ്വാഭാവികം. ഇത് മഹാസഖ്യത്തിന്റെ വോട്ട് ബാങ്കില്‍ നേരിട്ട് വിള്ളല്‍ വീഴ്ത്തി.

എ.ഐ.എം.ഐ.എം വിജയിച്ച 5 സീറ്റുകള്‍ക്ക് പുറമെ, മറ്റ് പല മണ്ഡലങ്ങളിലും അവര്‍ പതിനായിരക്കണക്കിന് വോട്ടുകള്‍ പിടിച്ചു. ഈ വോട്ടുകള്‍ മഹാസഖ്യത്തിന് ലഭിച്ചിരുന്നെങ്കില്‍ അവിടെ അവര്‍ക്ക് എന്‍.ഡി.എയോട് ശക്തമായി മത്സരിക്കാമായിരുന്നു. ചുരുക്കത്തില്‍, ന്യൂനപക്ഷ വോട്ടുകളിലെ ഈ ത്രികോണ മത്സരം എന്‍.ഡി.എയുടെ വിജയം എളുപ്പമാക്കി.

പരമ്പരാഗത പാര്‍ട്ടികളോടുള്ള മുസ്‌ലിങ്ങളുടെ അതൃപ്തി മറ്റൊരു ഘടകമാണ്. തങ്ങളെ കേവലം ‘വോട്ട് ബാങ്ക്’ ആയി മാത്രം കാണുന്നുവെന്നും, വികസന വിഷയങ്ങളില്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്നും ഉള്ള വികാരം ഒരു വിഭാഗം മുസ്‌ലിം വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇത് എ.ഐ.എം.ഐ.എമ്മിന് അനുകൂലമായ ഘടകമായി മാറി.

നിയമസഭയിലെ മുസ്‌ലിം പ്രാതിനിധ്യം

2025ലെ തെരഞ്ഞെടുപ്പ് ഫലം മുസ്‌ലിം സമുദായത്തിന്റെ നിയമസഭയിലെ പ്രാതിനിധ്യത്തെ അതീവ ഗുരുതരമായാണ് ബാധിച്ചത്. സംസ്ഥാന ജനസംഖ്യയുടെ 17.7% വരുന്ന സമുദായത്തിന്, സഭയില്‍ ലഭിച്ച പ്രാതിനിധ്യം വെറും 4.52% മാത്രമാണ്. ഇത് 1990ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്.

2025ലെ 11 എം.എല്‍.എമാരുടെ പാര്‍ട്ടി തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്: എ.ഐ.എം.ഐ.എം – 5, ആര്‍.ജെ.ഡി – 3, കോണ്‍ഗ്രസ് – 2, ജെ.ഡി.യു – 1, ബി.ജെ.പി – 0.

വെറും 11 മുസ്‌ലിം എം എല്‍ എ മാര്‍ മാത്രമാണ് ബീഹാര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

2025-ലെ ബീഹാര്‍ ഫലം വ്യക്തമായ ചില സൂചനകള്‍ നല്‍കുന്നു. ഒന്ന്, മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ വിഭജിക്കപ്പെട്ടതിനാല്‍ എന്‍.ഡി.എയുടെ ഹിന്ദു വോട്ട് ഏകീകരണത്തെ തടയാന്‍ അവര്‍ക്ക് സാധിച്ചില്ല.

രണ്ട്, മുസ്‌ലിം വോട്ടര്‍മാര്‍ക്കിടയില്‍ പരമ്പരാഗത ‘സെക്യുലര്‍’ പാര്‍ട്ടികളോടുള്ള വിധേയത്വത്തിന് മാറ്റം വരുന്നു എന്നതിന്റെ സൂചനയായി എ.ഐ.എം.ഐ.എമ്മിന്റെ പ്രകടനത്തെ വിലയിരുത്താം.

എന്നാല്‍, ഈ രാഷ്ട്രീയ മാറ്റം ഒരു ഐക്യരൂപത്തിലെത്താത്തതിനാല്‍, അത് സമുദായത്തിന്റെ രാഷ്ട്രീയ വിലപേശല്‍ ശക്തിയും നിയമസഭയിലെ പ്രാതിനിധ്യവും ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിച്ചു.

ബി.ജെ.പി ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ പോലും മത്സരിപ്പിച്ചില്ല എന്നത് മനസ്സിലാക്കാം. എന്നാല്‍ ഇതര കക്ഷികളും അവരെ അവഗണിക്കുകയായിരുന്നു എന്നതാണ് വാസ്തവം.

ലാലു പ്രസാദ് യാദവിന്റെയും മകന്‍ തേജസ്വിയുടെയും നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) വളരെക്കാലമായി ബീഹാറിലെ മുസ്‌ലിങ്ങങ്ങളുടെ പ്രധാന രാഷ്ട്രീയ അഭയ കേന്ദ്രമാണ്. എന്നാല്‍ ആര്‍.ജെ.ഡിയുടെ 143 സ്ഥാനാര്‍ത്ഥികളില്‍ 18 പേര്‍ മാത്രമാണ് മുസ്‌ലിങ്ങള്‍, ഏകദേശം 12.6 ശതമാനം.

ലാലു പ്രസാദും തേജസ്വിയും

ആനുപാതികമായി, 41 സീറ്റുകള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കെ പകുതി പോലും നല്‍കിയില്ല. മാത്രമല്ല നിരവധി സിറ്റിങ് മുസ്‌ലിം എം.എല്‍.എമാര്‍ക്ക് ടിക്കറ്റ് നിഷേധിച്ചു, പലരുടെയും മണ്ഡലങ്ങള്‍ മാറ്റി.

അതേസമയം, ആര്‍.ജെ.ഡിക്കുള്ളില്‍ ജനസംഖ്യയുടെ ഏകദേശം 14 ശതമാനം വരുന്ന യാദവ സമുദായം നിര്‍ണായകമായ ആധിപത്യം പുലര്‍ത്തുകയും ചെയ്യുന്നു.

മഹാസഖ്യത്തില്‍ 61 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് 10 മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി, അതായത് 16.7 ശതമാനം. ഇത് ഭേദപ്പെട്ട വിഹിതമായിരുന്നു. മറ്റൊരു സഖ്യകക്ഷിയായ മുകേഷ് സാഹ്നിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വി..െഎപി) ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്തുകയുണ്ടായില്ല.

പരമ്പരാഗതമായി മുസ്‌ലിം വോട്ടര്‍മാരുടെ ഒരു വിഭാഗത്തിന്റെ പിന്തുണയുള്ള ഇടതുപക്ഷ പാര്‍ട്ടികളും മുസ്‌ലിങ്ങളെ വേണ്ട വിധം പരിഗണിച്ചില്ല. ഗ്രാന്‍ഡ് അലയന്‍സ് ബാനറില്‍ മത്സരിച്ച സി.പി.ഐ (എം.എല്‍) രണ്ട് മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി.

പക്ഷെ, മറ്റ് കമ്മ്യൂണിസ്റ്റ് വിഭാഗങ്ങള്‍ ആരെയും നിര്‍ത്തിയില്ല. മൊത്തത്തില്‍, ഗ്രാന്‍ഡ് അലയന്‍സ് 243 സീറ്റുകളിലായി 30 മുസ്‌ലിം സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയത്; മൊത്തം സീറ്റിന്റെ ഏകദേശം 11.9 ശതമാനം മാത്രം.

ഇത് ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട സീറ്റുകളേക്കാള്‍ വളരെ കുറവാണ്. ഈ അവഗണനയാണ് ബീഹാറിലെ തെരഞ്ഞെടുപ്പ് ഗതിയെ നിര്‍ണായകമായി മാറ്റി മറിച്ച ഘടകം എന്ന് ന്യായമായും പറയാം.

 

Content Highlight: Mujeeb Rahman Kinalur on the Muslim community in Bihar and the 2025 assembly elections

 

മുജീബ് റഹ്മാന്‍ കിനാലൂര്‍
മാധ്യമപ്രവര്‍ത്തകന്‍, അധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍ പൗരോഹിത്യം വേണ്ട; വക്കം അബ്ദുല്‍ ഖാദര്‍ മൗലവി, അക്കരൈപത്ത്, ഇസ്‌ലാമോഫോബിയ വംശവെറിയുടെ രാഷ്ട്രീയം എന്നീ പുസ്തകങ്ങളുടെ രചയിതാവ്‌