സ്‌കൂളുകളില്‍ സൂംബ നൃത്തം പഠിപ്പിക്കാനുള്ള നിര്‍ദേശം അപക്വമെന്ന് മുജാഹിദ്‌ യുവജന സംഘടന
Kerala News
സ്‌കൂളുകളില്‍ സൂംബ നൃത്തം പഠിപ്പിക്കാനുള്ള നിര്‍ദേശം അപക്വമെന്ന് മുജാഹിദ്‌ യുവജന സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th May 2025, 11:00 pm

കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സ്‌കൂളുകളില്‍ സൂംബ നൃത്തം പഠിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം അപക്വമെന്ന് മുജാഹിദ്‌ യുവജനസംഘടനയായ ഐ.എസ്.എം.

ഇത്തരം നിര്‍ദേശങ്ങള്‍ കുട്ടികളുടെ മേലുള്ള അധ്യാപരുടേയും സ്‌കൂള്‍ അധികൃതരുടേയും നിയന്ത്രണം നഷ്ടപ്പെടുത്താന്‍ മാത്രമെ സഹായിക്കൂ എന്നും ഇതിന് പിന്നില്‍ രഹസ്യ അജണ്ടകള്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും ഐ.എസ്.എം ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി ആവശ്യപ്പെട്ടു.

കുട്ടികളുടെ മാനസിക, ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താന്‍ മറ്റ് അനേകം വഴികള്‍ ഉണ്ടെന്നിരിക്കെ പോംവഴിയായി ഒരു നൃത്തം തെരഞ്ഞെടുത്തത്തിന് പിന്നില്‍ ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ രഹസ്യ അജണ്ടകള്‍ ഉണ്ടെന്നാണ് സംശയമെന്നും സംഘടന അഭിപ്രായപ്പെട്ടു.

വിദ്യാര്‍ത്ഥികളുടെ മാനസിക ദുര്‍ബലതയ്ക്ക്‌ പിന്നിലെ യഥാര്‍ത്ഥ കാരണം ശാസ്ത്രീയ പഠനങ്ങള്‍ നടത്തി കണ്ടെത്തുന്നതിന് പകരം ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് തൊലിപ്പുറത്തുള്ള ചികിത്സ മാത്രമാണെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും ഷുക്കൂര്‍ സ്വലാഹി പറഞ്ഞു.

കൂടാതെ നൃത്തത്തോട് വ്യത്യസ്ത നിലപാടുകളുള്ള കുട്ടികളെ നൃത്തം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് അവരുടെ മനോനിലയെ തന്നെ ദോഷകരമായി ബാധിക്കുമെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.

Content Highlight: Mujahideen youth organization ISM says proposal to teach Zumba dance in schools is immature