'ജാറംകണ്ടി എന്ന പേര് ഇവിടെ വേണ്ട' സ്ഥലപ്പേരിനെതിരെ സലഫികള്‍
ഷഫീഖ് താമരശ്ശേരി

കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയ്ക്കടുത്തുള്ള ജാറംകണ്ടി എന്ന സ്ഥലത്തിന്റെ പേരിനെതിരെ സലഫി വിഭാഗക്കാരായ മുജാഹിദുകള്‍ രംഗത്ത്. സ്ഥലത്ത് പി.ഡബ്ല്യു.ഡി സ്ഥാപിച്ച ബോര്‍ഡ് നേരത്തെ നീക്കം ചെയ്ത ഇവര്‍ ഇപ്പോള്‍ സ്ഥലനാമത്തിനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ്.

പതിറ്റാണ്ടുകളായി പ്രദേശത്ത് ജാറവും മഖാമും സ്ഥിതി ചെയ്യുന്നതിനാലാണ് സ്ഥലത്തിന് ജാറംകണ്ടി എന്ന പേര് വന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വിശ്വാസപരമായി ജാറങ്ങളെയും മഖാമുകളെയുമെല്ലാം എതിര്‍ക്കുന്ന മുജാഹിദ് പ്രവര്‍ത്തകര്‍ പേരിനെതിരെ രംഗത്ത് വന്നിരിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.

തിരച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ പ്രദേശവാസികളുടെ ഔദ്യോഗികരേഖകളിലും മറ്റും സ്ഥലമായി രേഖപ്പെടുത്തിയിരിക്കുന്നത് ജാറംകണ്ടി എന്നുതന്നെയാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥലത്തെ കടകളിലും ഇങ്ങനെ തന്നെയാണുള്ളത്. കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് മൂന്ന് കോടി രൂപ ചെവലവഴിച്ച് നവീകരിച്ച റോഡില്‍ പി.ഡബ്ല്യൂ.ഡി ജാറംകണ്ടി എന്ന നെയിംബോര്‍ഡ് സ്ഥാപിച്ചതോടെയാണ് ഇതിനെതിരെ പ്രദേശത്തെ മുജാഹിദ് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്ത് വന്നത്. രാത്രിയില്‍ ബോര്‍ഡ് പിഴുതെറിയപ്പെടുകയും ചെയ്തു. ശേഷം കൊടുവള്ളി പൊലീസ് ബോര്‍ഡ് പുനസ്ഥാപിക്കുകയായിരുന്നു.

പ്രദേശത്ത് സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജാറവും മഖാമും നാടിന്റെ മതസൗഹാര്‍ദത്തിന്‍രെ കൂടി പ്രതീകമാണ്. ജാതിമത ഭേദമന്യേ വിശ്വാസികള്‍ ഇവിടെയെത്താറുണ്ട് എന്നുള്ളതാണ് ജാറംകണ്ടി മഖാമിന്റെ മറ്റൊരു പ്രത്യേകത. സ്ഥലപ്പേരിനെതിരെ എതിര്‍പ്പുമായി രംഗത്ത് വരുന്നവര്‍ നാടിന്റെ സാമുദായിക ഐക്യത്തെയാണ് തകര്‍ക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
Content Highlight: Mujahid Workers against the place name jaramkandy

ഷഫീഖ് താമരശ്ശേരി
ഡൂള്‍ന്യൂസ് ചീഫ് കറസ്‌പോണ്ടന്റ്