ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മുഹറം ഘോഷയാത്രക്കിടെ കല്ലേറ്. കുശിനഗര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ എട്ട് വയസുകാരന് പരിക്കേറ്റു. ഇന്നലെ (തിങ്കള്‍)യാണ് സംഭവം നടന്നത്. പരിക്കേറ്റ അഖ്‌ലാഖ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
ടെക്കുവാട്ടര്‍ മാര്‍ക്കറ്റിലുണ്ടായ തര്‍ക്കമാണ് കല്ലേറിന് കാരണമായത്. ഡി.ജെ ഉള്‍പ്പെടെയുള്ള ഘോഷയാത്രകളാണ് കുശിനഗറില്‍ നടന്നത്.
ഇതിനിടെ ഡി.ജെ പാട്ടുകളെ ചൊല്ലി രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലാകുകയും ഘോഷയാത്രക്ക് നേരെ ഒരു വിഭാഗം കല്ലെറിയുകയുമായിരുന്നു. എന്നാല്‍ തെറ്റിദ്ധാരണ മൂലമാണ് കല്ലേറ് ഉണ്ടായതെന്ന് നാട്ടുകാരില്‍ ചിലര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘സമാധാനപരമായാണ് ഇവിടെ ഘോഷയാത്ര നടന്നത്. പ്രശ്‌നങ്ങളുണ്ടാക്കാന്‍ മനപൂര്‍വം ആരും ശ്രമിക്കരുത്. വ്യാജമായ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുത്. ഇത് എല്ലാവരോടുമുള്ള അഭ്യര്‍ത്ഥനയാണ്,’ പ്രദേശവാസിയായ മുഹമ്മദ് ഇര്‍ഫാന്‍ പറഞ്ഞു.
An eight-year-old boy was injured after a stone pelting incident was reported during a Muharram procession on Sunday, in parts of Uttar Pradesh’s Kushinagar district.
ഇവിടെയുള്ള മനുഷ്യര്‍ വര്‍ഷങ്ങളായി പരസ്പരം പങ്കിട്ട സ്‌നേഹവും സമാധാനവും തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അതിനെ അവരെ അനുവദിക്കരുത്,’ രാംകോള സ്വദേശിയായ സുനില്‍ മിശ്ര പറഞ്ഞു. നിലവില്‍ കലാപ സാധ്യത കണക്കിലെടുത്ത് കുശിനഗറിലുടനീളമായി നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ഘോഷയാത്രയില്‍ പച്ചക്കൊടി ഉയര്‍ത്തിയെന്ന് പറഞ്ഞാണ് ഗുല്‍ഹാരിയ ഗ്രാമത്തില്‍ സംഘര്‍ഷമുണ്ടായത്. കഴിഞ്ഞ ദിവസം യു.പിയിലെ സീതാപൂര്‍, ബറേലി, ലഖിംപൂര്‍-ഖേരി എന്നീ ജില്ലകളിലും സമാനമായ ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സീതാപൂരിലെ സഹദത്ത്‌നഗറിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ സി.ഒ മഹോളി ദീപക് സിങ്, എസ്.എച്ച്.ഒ ഇമാലിയ കനോജിയ എന്നിവര്‍ സ്ഥലത്തെത്തുകയും നാട്ടുകാരെ സമാധാനിപ്പിക്കുകയുമായിരുന്നു.
ഘോഷയാത്രക്കിടെ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന് ആരോപിച്ചാണ് ബറേലിയില്‍ ആക്രമണമുണ്ടായത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബറേലിയിലെ അക്രമ സംഭവത്തില്‍ ഏതാനും ഹിന്ദുത്വ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ലഖിംപൂരിലെ സംഘര്‍ഷത്തില്‍ വലിയ തോതിലുള്ള നാശനഷ്ടമാണ് രേഖപ്പെടുത്തിയത്. ഹിന്ദുത്വരുടെ ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബീഹാറിലും സമാനമായ അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
മുഹറം ഘോഷയാത്രക്കിടെ ഗസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫലസ്തീന്‍ പതാക ഉയര്‍ത്തിയതിനാണ് ബീഹാറിലെ ജാമുയി നഗരത്തില്‍ ഹിന്ദുത്വര്‍ അക്രമം അഴിച്ചുവിട്ടത്. കിഴക്കന്‍ ചമ്പാരനിലെ മെന്‍ഹാസിയില്‍ ഘോഷയാത്രക്ക് നേരെ ഹിന്ദുത്വര്‍ ആക്രോശിച്ച് എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. ഏറ്റുമുട്ടലില്‍ 22 വയസുകാരനായ അജയ് യാദവ് മരണപ്പെടുകയും നാല് പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Content Highlight: Stone pelting during Muharram procession in UP; Eight-year-old injured