ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ വെടിക്കെട്ട് വീരന്‍ അഭിഷേക് ശര്‍മ കളത്തിലിറങ്ങിയത്. എന്നാല്‍ യു.എസ്.എ പേസര്‍ അലി ഖാന്റെ പന്തില്‍ ഗോള്‍ഡന്‍ഡക്കായി പുറത്താകുകയായിരുന്നു താരം. ഡീപ്പ് കവറില്‍ സഞ്ജയ് കൃഷ്ണമൂര്‍ത്തിക്ക് ക്യാച്ച് നല്‍കിയായിരുന്നു അഭിഷേക് കൂടാരം കയറിയത്.
ഇതോടെ അഭിഷേക് അന്താരാഷ്ട്ര കരിയറിലെ മൂന്നാമത്തെ ഗോള്‍ഡന്‍ ഡക്കും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ ബാറ്റിങ് അവസാനിച്ച ശേഷം അഭിഷേക് മുഴുവന്‍ സമയം ഫീല്‍ഡിങ്ങിന് ഇറങ്ങിയില്ലായിരുന്നു. താരത്തിന് പകരം മലയാളി താരം സഞ്ജു സാംസണായിരുന്നു ഫീല്‍ഡ് ചെയ്തത്. ഇതിന്റെ കാരണമറിയാന്‍ ആരാധകരും ക്രിക്കറ്റ് പ്രേമികളും ശ്രമച്ചിരുന്നു.
എന്നാല്‍ മത്സര ശേഷം നടന്ന പത്ര സമ്മേളനത്തില്‍ പത്രസമ്മേളനത്തില്‍ സഞ്ജു ഫീല്‍ഡിങ്ങിന് ഇറങ്ങിയതിനെക്കുറിച്ച് മുഹമ്മദ് സിറാജ് സംസാരിച്ചിരുന്നു. അഭിഷേകിന്റെ വയറിന് അസ്വസ്ഥത ഉണ്ടായതിനാലാണ് ഫീല്‍ഡിങ്ങിന് ഇറങ്ങാത്തതെന്നും അടുത്ത മത്സരത്തില്‍ അദ്ദേഹം തിരിച്ചെത്തുമെന്നും സിറാജ് പറഞ്ഞു.
‘അദ്ദേഹത്തിന്റെ വയറിന് അല്പം അസ്വസ്ഥതയുണ്ടായിരുന്നു, അതിനാല്‍ അദ്ദേഹം ഫീല്‍ഡ് ചെയ്യാന്‍ ഇറങ്ങിയില്ല. അടുത്ത മത്സരത്തില്‍ അദ്ദേഹം തിരിച്ചെത്തുകയും ബാറ്റുകൊണ്ട് തന്റെ മാജിക് കാണിക്കുകയും ചെയ്യും,’ സിറാജ് പറഞ്ഞു.
അതേസമയം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ യു.എസ്.എയ്‌ക്കെതിരായ മത്സരത്തില്‍ 29 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ യു.എസ്.എയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് മാത്രമാണ് സ്വന്തമാക്കാനായത്.
മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് നാല് ഓവര്‍ എറിഞ്ഞ് 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. പരിക്ക് കാരണം പുറത്തായ ഹര്‍ഷിത് റാണയ്ക്ക് പകരം ടീമിലെത്തി മിന്നും പ്രകടനമാണ് സിറാജ് കാഴ്ചവെച്ചത്.
മാത്രമല്ല യു.എസ്.എയ്‌ക്കെതിരെ ഇന്ത്യ ഒന്നിന് പിറകെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിക്കൊണ്ടിരുന്നപ്പോള്‍ സൂര്യയുടെ ബാറ്റിങ് കരുത്തിലാണ് ടീം ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 49 പന്ത് നേരിട്ട താരം പുറത്താകാതെ 84 റണ്‍സാണ് സ്വന്തമാക്കിയത്. 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. മാത്രമല്ല 171.42 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. മത്സരത്തിലെ താരവും സൂര്യയായിരുന്നു.
അതേസമയം ലോകകപ്പില്‍ ഇനി ഇന്ത്യയുടെ മത്സരം ഫെബ്രുവരി 12നാഓണ്. ദല്‍ഹിയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ നമീബിയയാണ് ഇന്ത്യയുടെ എതിരാളി. സൂര്യയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയ്ക്ക് തങ്ങളുടെ വിന്നിങ് സ്ട്രീക്ക് നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മാത്രമല്ല നമീബിയക്കെതിരെ സൂപ്പര്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: Muhammed Siraj Talking About Why Sanju Samson Take Field Instead Abhishek Sharma