ഇന്ത്യന്‍ ടീമില്‍ അവസരമില്ല; മറ്റൊരു ടീമിനൊപ്പം പുതിയ ചരിത്രമെഴുതി ഷമി
Cricket
ഇന്ത്യന്‍ ടീമില്‍ അവസരമില്ല; മറ്റൊരു ടീമിനൊപ്പം പുതിയ ചരിത്രമെഴുതി ഷമി
Sudev A
Sunday, 7th June 2026, 11:55 am

ബംഗാള്‍ പ്രൊ ലീഗില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. സെര്‍വോടെക് സിലുഗുരി സ്ട്രൈക്കേഴ്സ് താരമായ ഷമി ടൂര്‍ണമെന്റില്‍ ഹാട്രിക് നേടുന്ന ആദ്യ താരമായാണ് മാറിയത്. ഷ്രാച്ചി റാര്‍ ടൈഗേര്‍സിനെതിരെയാണ് ഷമിയുടെ ഹാട്രിക് പ്രകടനം.

മത്സരത്തിന്റെ 15ാം ഓവറിലാണ് ഷമിയുടെ ഹാട്രിക് പിറന്നത്. ഓവറിലെ മൂന്നാം പന്തില്‍ ഷ്രാച്ചി റാര്‍ ടൈഗേര്‍സ് ക്യാപ്റ്റനും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിലെ തന്റെ സഹതാരവുമായി ഷഹബാസ് അഹമ്മദിനെയാണ് ഷമി ആദ്യം വീഴ്ത്തിയത്. തൊട്ടടുത്ത പന്തുകളില്‍ രോഹിത് കുമാറിനെയും ദീപഞ്ജന്‍ മുഖര്‍ജിയെയും പുറത്താക്കിയാണ് ഷമി ഹാട്രിക് പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ നാല് ഓവറില്‍ 27 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്.

മുഹമ്മദ് ഷമി

ആഭ്യന്തര ലീഗുകളില്‍ മിന്നും പ്രകടനം നടത്തിയിട്ടും ഷമിക്ക് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുന്നില്ല. ഇപ്പോള്‍ വീണ്ടും പ്രതിഭയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് വീണ്ടും ഈ മിന്നും പ്രകടനങ്ങളിലൂടെ വിളിച്ചു പറയുകയാണ് ഷമി.

2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെയാണ് ഷമി അവസാനമായി ഇന്ത്യക്കായി ഏകദിനത്തില്‍ പന്തെറിഞ്ഞത്. 2023ലാണ് താരം അവസാനമായി ടെസ്റ്റ് കളിച്ചത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഷമിയുടെ അവസാന റെഡ് ബോള്‍ മത്സരം. 2025ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഷമിയുടെ അവസാന ടി-20 മത്സരം.

രഞ്ജി ട്രോഫിയില്‍ ഈ സീസണില്‍ ബംഗാളിനായി ഏഴ് മത്സരങ്ങളില്‍ നിന്നും 37 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ആറാമനായായിരുന്നു ഷമി ഫിനിഷ് ചെയ്തിരുന്നത്.

ഫെബ്രുവരിയില്‍ നടന്ന രഞ്ജി സെമി ഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ നേടി ഷമി തിളങ്ങിയിരുന്നു. ഐ.പി.എല്ലില്‍ ഈ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിന് വേണ്ടി 13 മത്സരങ്ങളില്‍ നിന്നും 12 വിക്കറ്റുകളും ഷമി നേടിയിട്ടുണ്ട്.

Photo: CricketGully/x.com

അതേസമയം മത്സരത്തില്‍ 24 റണ്‍സിന്റെ വിജയമാണ് സെര്‍വോടെക് സിലുഗുരി സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സെര്‍വോടെക് സിലുഗുരി 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ടൈഗേഴ്സ് ഇന്നിങ്‌സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

 

Content Highlight: Muhammed Shami is the first player to take hatric in Bengal Pro League

 

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.