എഡിറ്റര്‍
എഡിറ്റര്‍
‘കുഞ്ഞാലിക്കുട്ടി സാഹിബിന് അഭിനന്ദനങ്ങള്‍. പക്ഷേ…’; ആഹ്ലാദ പ്രകടനത്തിന് ശേഷം യു.ഡി.എഫിനെ ഈ ചോദ്യങ്ങള്‍ വേട്ടയാടുമെന്ന് മുഹമ്മദ് റിയാസ്
എഡിറ്റര്‍
Monday 17th April 2017 7:55pm

കോഴിക്കോട്: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിജയവാര്‍ത്തയോട് പ്രതികരിച്ച് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി.എ മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് റിയാസ് പ്രതികരിച്ചത്. ആഹ്ലാദപ്രകടനത്തിന് ശേഷം യു.ഡി.എഫിനെ വേട്ടയാടുന്ന ചില ചോദ്യങ്ങള്‍ എന്ന് പറഞ്ഞുകൊണ്ടാണ് മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘കുഞ്ഞാലിക്കുട്ടി സാഹിബിന് അഭിനന്ദനങ്ങള്‍’ എന്ന് പറഞ്ഞുകൊണ്ടാണ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. അതിനു ശേഷം ആഹ്ലാദ പ്രകടനത്തിന് ശേഷം യു.ഡി.എഫിനെ വേട്ടയാടുന്ന ചില ചോദ്യങ്ങളുണ്ട് എന്ന് പറഞ്ഞുകൊണ്ട് റിയാസ് ചോദ്യങ്ങള്‍ ഓരോന്നായി ചോദിക്കുന്നു. എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങിയവരുടെ 80,000-ത്തോളം വോട്ടുകള്‍ ഇത്തവണ ലഭിച്ചിട്ടും നിങ്ങള്‍ക്ക് കിട്ടിയ ഭൂരിപക്ഷത്തിലും മൊത്തം കിട്ടിയ വോട്ടുകളിലും നിങ്ങള്‍ സംതൃപ്തരാണോ എന്നാണ് റിയാസിന്റെ ആദ്യ ചോദ്യം.

എല്‍.ഡി.എഫിന് ഒരു ലക്ഷത്തിലധികം വോട്ടും, 8 ശതമാനത്തിലധികം വോട്ട് വര്‍ധിച്ചതും പുതുതലമുറയും മതനിരപേക്ഷ വോട്ടര്‍മാരും എല്‍.ഡി.എഫിനൊപ്പം ആണെന്നതിന്റെ തെളിവല്ലേയെന്നാണ് റിയാസ് രണ്ടാമത് ചോദിക്കുന്നത്. മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും മത-വര്‍ഗീയ അജണ്ടകള്‍ക്കെതിരെയും തുടര്‍ച്ചയായി എല്‍.ഡി.എഫ് കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിജയമല്ലേ ബി.ജെ.പിക്ക് ഏറ്റ കനത്ത തിരിച്ചടിക്ക് കാരണമെന്നു നിങ്ങള്‍ക്ക് അംഗീകരിക്കാതിരിക്കാന്‍ നിര്‍വാഹമുണ്ടോയെന്നും റിയാസ് ചോദിക്കുന്നു.

യു.ഡി.എഫിനോടുള്ള അദ്ദേഹത്തിന്റെ മറ്റ് ചോദ്യങ്ങള്‍ ഇവയാണ്: ആയിരം, അഞ്ഞൂറ് നോട്ട് നിരോധനത്തിന് ശേഷം കേരളത്തില്‍ നടന്ന വലിയ തിരഞ്ഞെടുപ്പില്‍ ബി ജെ പി ക്ക് വോട്ടു വര്‍ദ്ധിക്കാതിരുന്നത് ഇന്ത്യയിലെ കോണ്‍ഗ്രസ് പാര്‍ടിക്ക് കൂടി തിരിച്ചറിയെണ്ട പാഠമല്ലെ? കേരളത്തില്‍ നോട്ടു നിരോധനത്തിനും നവലിബറല്‍ നയങ്ങള്‍ക്കുമെതിരെ തുടര്‍ച്ചയായി എല്‍.ഡി.എഫ് നടത്തിയ ക്യാമ്പയിന്‍ പോലെ,
ഇപ്പോള്‍ തെരെഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സും മറ്റു പാര്‍ട്ടികളും നടത്താതിരുന്നത് തെറ്റായിരുന്നു എന്ന് സ്വയം വിമര്‍ശനപരമായി ഉള്‍ക്കൊള്ളാന്‍ തയ്യാറുണ്ടോ? 2014-ല്‍ ഉമ്മന്‍ചാണ്ടി ഭരിച്ച സന്ദര്‍ഭത്തിനെക്കാള്‍ 2017-ല്‍ സഖാവ് പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ ഒരു ലക്ഷത്തിലധികം വോട്ട് എല്‍.ഡി.എഫിന് കൂടുതല്‍ കിട്ടിയതിനെ ഭരണ പരാജയമായി പറയുവാന്‍ ശ്രമിക്കുന്നത് നിങ്ങളുടെ പാപ്പരത്തമല്ലേ?

ഇനിയുമേറെ ചോദ്യം ആഹ്ലാദ പ്രകടനത്തിന് ശേഷം നിങ്ങള്‍ക്കകത്തുനിന്ന് തന്നെ ഉയരുവാന്‍ ഇരിക്കുന്നതെ ഉള്ളു എന്നറിയാവുന്നത് കൊണ്ട് കൂടുതല്‍ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നില്ലെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. അതിന് ശേഷം ബി.ജെ.പി നേതൃത്വത്തോടായി റിയാസ് പറഞ്ഞത് ഇങ്ങനെ: ‘മാര്‍ക്‌സിസ്റ്റ്, ന്യൂനപക്ഷ വിരുദ്ധ കുപ്രചരണത്തിനു രാജ്യമാകെ നിങ്ങള്‍ ഉപയോഗിക്കുന്ന രണ്ടു ജില്ലകളാണല്ലോ കണ്ണൂരും മലപ്പുറവും. മലപ്പുറത്തെ വോട്ടര്‍മാര്‍ തക്ക സമയത്ത് നിങ്ങള്‍ക്ക് മറുപടി നല്‍കി കഴിഞ്ഞു. കണ്ണൂരും കേരളവും അവസരം കാത്തിരിക്കയാണ്.’

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കുഞ്ഞാലിക്കുട്ടി സാഹിബിന് അഭിനന്ദനങ്ങള്‍..
ആഹ്ലാദ പ്രകടനത്തിന് ശേഷം യു ഡി എഫിനെ വേട്ടയാടുന്ന ചില ചോദ്യങ്ങള്‍…
1) SDPI, വെല്‍ഫെയര്‍ പാര്‍ടി തുടങ്ങിയവരുടെ എണ്‍പതിനായിരുത്തോളം വോട്ടുകള്‍ ഇത്തവണ നിങ്ങള്‍ക്ക് ലഭിച്ചിട്ടും നിങ്ങളുടെ ഭൂരിപക്ഷത്തിലും നിങ്ങള്‍ക്ക് മൊത്തം കിട്ടിയ വോട്ടിലും നിങ്ങള്‍ സംതൃപ്തരാണോ?
(2)എല്‍ ഡി എഫിന് ഒരു ലക്ഷത്തിലധികം വോട്ടും,
8% ലധികം വോട്ടിംഗ് ശതമാനം വര്‍ദ്ധിച്ചതും ,
പുതു തലമുറയും മത നിരപേക്ഷ വോട്ടര്‍മാരും എല്‍ ഡി എഫിനൊപ്പം ആണെന്നതിന്റെ തെളിവല്ലേ?
3)മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും മത വര്‍ഗീയ അജണ്ടകള്‍ക്കെതിരെയും തുടര്‍ച്ചയായി എല്‍ ഡി എഫ് കേരളത്തില്‍ നടത്തിയ പ്രചരണ പ്രവര്‍ത്തനങ്ങളുടെ വിജയമല്ലേ
ബി ജെ പി ക്ക് ഏറ്റ കനത്ത തിരിച്ചടിക്ക് കാരണമെന്നു നിങ്ങള്‍ക്ക് അംഗീകരിക്കാതിരിക്കാന്‍ നിര്‍വാഹമുണ്ടോ? 4)ആയിരം, അഞ്ഞൂറ് നോട്ട് നിരോധനത്തിന് ശേഷം കേരളത്തില്‍ നടന്ന വലിയ തിരഞ്ഞെടുപ്പില്‍ ബി ജെ പി ക്ക് വോട്ടു വര്‍ദ്ധിക്കാതിരുന്നത് ഇന്ത്യയിലെ കോണ്‍ഗ്രസ് പാര്‍ടിക്ക് കൂടി തിരിച്ചറിയെണ്ട പാഠമല്ലെ? 5)കേരളത്തില്‍ നോട്ടു നിരോധനത്തിനും നവലിബറല്‍ നയങ്ങള്‍ക്കുമെതിരെ തുടര്‍ച്ചയായി എല്‍ ഡി എഫ് നടത്തിയ ക്യാമ്പയിന്‍ പോലെ ,
ഇപ്പോള്‍ തെരെഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സും മറ്റു പാര്‍ട്ടികളും നടത്താതിരുന്നത് തെറ്റായിരുന്നു എന്ന് സ്വയം വിമര്‍ശനപരമായി ഉള്‍ക്കൊള്ളാന്‍ തയ്യാറുണ്ടോ?
6) 2014ല്‍ ഉമ്മന്‍ചാണ്ടി ഭരിച്ച സന്ദര്‍ഭത്തിനെക്കാള്‍ 2017ല്‍ സഖാവ് പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ ഒരു ലക്ഷത്തിലധികം വോട്ട് എല്‍ ഡി എഫിന് കൂടുതല്‍ കിട്ടിയതിനെ ഭരണ പരാജയമായി പറയുവാന്‍ ശ്രമിക്കുന്നത് നിങ്ങളുടെ പാപ്പരത്തമല്ലേ ?
ഇനിയുമേറെ ചോദ്യം ആഹ്ലാദ പ്രകടനത്തിന് ശേഷം നിങ്ങള്‍ക്കകത്തുനിന്ന് തന്നെ ഉയരുവാന്‍ ഇരിക്കുന്നതെ ഉള്ളു എന്നറിയാവുന്നത് കൊണ്ട് കൂടുതല്‍ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നില്ല
ബി ജെ പി നേതൃത്വത്തോട് ഒരു കാര്യം സൂചിപ്പിക്കട്ടെ
‘മാര്‍ക്‌സിസ്റ്റ്, നൂനപക്ഷ വിരുദ്ധ കുപ്രചരണത്തിനു രാജ്യമാകെ നിങ്ങള്‍ ഉപയോഗിക്കുന്ന രണ്ടു ജില്ലകളാണല്ലോ കണ്ണൂരും ,മലപ്പുറവും.
മലപ്പുറത്തെ വോട്ടര്‍മാര്‍ തക്ക സമയത്ത് നിങ്ങള്‍ക്ക് മറുപടി നല്‍കി കഴുഞ്ഞു.
കണ്ണൂരും,കേരളവും അവസരം കാത്തിരിക്കയാണ്.

Advertisement