ക്രിസ് ഗെയ്‌ലിനെപ്പോലെ വലിയ ഷോട്ടുകള്‍ മാത്രം കളിച്ചിരുന്ന താരം; പ്രശംസയുമായി കൈഫ്
ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. അഭിഷേകിനെ പോലുള്ള താരങ്ങള്‍ സാധാരണയായി സ്ഥിരത പുലര്‍ത്തുന്നവരല്ലെന്നും വലിയ ഷോട്ടുകളാണ് അത്തരം താരങ്ങള്‍ കളിക്കുകയെന്നും കൈഫ് പറഞ്ഞു. എന്നാല്‍ ഗെയ്ല്‍ പോലും ആദ്യ ഓവറില്‍ ശ്രദ്ധിച്ച് കളിക്കുമ്പോള്‍ അഭിഷേക് പൊരുത്തപ്പെടാന്‍ പോലും സമയമെടുക്കാതെ ആക്രമിച്ച് കളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘അഭിഷേകിനെ പോലുള്ള താരങ്ങള്‍ സാധാരണയായി സ്ഥിരത പുലര്‍ത്തുന്നവരല്ല. സമാനമായ ശൈലിയിലുള്ള നിരവധി വലിയ കളിക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്. ക്രിസ് ഗെയ്‌ലിനെപ്പോലെ എപ്പോഴും വലിയ ഷോട്ടുകള്‍ മാത്രം കളിക്കുന്ന താരമാണ് അദ്ദേഹം.

അഭിഷേക് ശര്‍മ- Photo: BCCI
പക്ഷേ ക്രിസ് ഗെയ്ല്‍ പോലും ബുദ്ധിശക്തിയോടെയാണ് കളിച്ചത്. എന്നാല്‍ അഭിഷേക് പിച്ചില്‍ പൊരുത്തപ്പെടാന്‍ പോലും അയാള്‍ സമയമെടുക്കുന്നില്ല. മിക്ക ഇന്നിങ്‌സിലും അദ്ദേഹം കഴിവ് തെളിയിക്കുന്നു. അദ്ദേഹത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല. അദ്ദേഹം ഒരു മാച്ച് വിന്നറാണ്,’ മുഹമ്മദ് കൈഫ് പറഞ്ഞു.
അതേസമയം ന്യൂസിലാന്‍ഡിനെതിരായ നാലാം ടി-20യില്‍ അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്. എന്നിരുന്നാലും പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ചറികള്‍ ഉള്‍പ്പെടെ 152 റണ്‍സാണ് അഭിഷേക് സ്വന്തമാക്കിയത്. രണ്ട് ഡക്കും താരത്തിനുണ്ട്.
നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി 36 ടി-20 ഇന്നിങ്‌സില്‍ നിന്ന് 1267 റണ്‍സാണ് താരം സ്വന്തമാക്കിയത്. 135 എന്ന ഇയര്‍ന്ന സ്‌കോറും 37.3 എന്ന മിന്നും ആവറേജിലുമാണ് താരത്തിന്റെ റണ്‍ വേട്ട. 194.9 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും രണ്ട് സെഞ്ച്വറികള്‍ താരത്തിനുണ്ട്.
Content Highlight: Muhammed Kaif Talking About Abhishek Sharma