അവന്‍ രോഹിത്തിന്റെ ശരിയായ പകരക്കാരന്‍: മുഹമ്മദ് കൈഫ്
Sports News
അവന്‍ രോഹിത്തിന്റെ ശരിയായ പകരക്കാരന്‍: മുഹമ്മദ് കൈഫ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 19th September 2025, 2:15 pm

ഏഷ്യാ കപ്പില്‍ ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങുകയാണ്. ദുബായിയില്‍ നടക്കുന്ന മത്സരത്തില്‍ ഒമാനാണ് ഇന്ത്യയുടെ എതിരാളികള്‍. തുടര്‍ച്ചയായി മൂന്ന് വിജയങ്ങള്‍ സ്വന്തമാക്കി സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്കായി തയ്യാറെടുക്കാനാവും സൂര്യയും സംഘവും ലക്ഷ്യമിടുന്നത്. അതേസമയം, ഇതിനകം തന്നെ ഏഷ്യാ കപ്പില്‍ നിന്ന് പുറത്തായ ഒമാന്‍ വിജയത്തോടെ ടൂര്‍ണമെന്റ് അവസാനിപ്പിക്കാനാവും ആഗ്രഹിക്കുക.

ഇപ്പോള്‍ ഈ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെ പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. പാകിസ്ഥാനെതിരെ അവസാനം വരെ ബാറ്റ് ചെയ്‌തെന്നും മത്സരത്തില്‍ ഇന്ത്യയെ നന്നായി നയിച്ചെന്നും അദ്ദേഹം പറഞ്ഞു. തന്നെ സംബന്ധിച്ചടത്തോളം ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത്തിന് മികച്ച പകരക്കാരനാണ് സൂര്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘രോഹിത് ശര്‍മയ്ക്ക് ശേഷം ആരാവും ഇന്ത്യയെ നയിക്കുകയെന്നതിന് നമുക്ക് ഉത്തരം കിട്ടി. പാകിസ്ഥാനെതിരെയുള്ള വലിയ മത്സരത്തില്‍ സൂര്യ അവന്റെ മികവ് കാണിച്ചു.

ആ മത്സരം ബഹിഷ്‌കരണമെന്ന് ഒരുപാട് പേര്‍ ആഗ്രഹിച്ചത് കൊണ്ട് അതൊരിക്കലും എളുപ്പമായിരുന്നില്ല. അവന്‍ മത്സരം വളരെ ഭംഗിയായി നിയന്ത്രിച്ചു,’ കൈഫ് പറഞ്ഞു.

രോഹിത് ശര്‍മ 2024 ടി -20 ലോകകപ്പ് നേടിയതിന് പിന്നാലെ ഈ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിരുന്നു. അതോടെയാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ നായകനായത്. താരത്തിന് കീഴില്‍ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തുന്നത്. സൂര്യയ്ക്ക് കീഴില്‍ ഇറങ്ങിയ ഇന്ത്യ ബംഗ്ലാദേശ്, ശ്രീലങ്ക, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ പരമ്പരകള്‍ സ്വന്തമാക്കിയിരുന്നു.

ഇപ്പോള്‍ നടക്കുന്ന ഏഷ്യാ കപ്പിലും ഇന്ത്യ താരത്തിന് കീഴിയില്‍ മികച്ച പ്രകടനമാണ് നടക്കുന്നത്. ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യന്‍ സംഘം ആധികാരികമായ വിജയമാണ് സ്വന്തമാക്കിയത്. ഒന്നാം മത്സരത്തില്‍ യു.എ.ഇക്കെതിരെ ഒമ്പത് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിനുമാണ് ടീമിന്റെ വിജയം. രണ്ടിലും എതിരാളികള്‍ക്ക് വലിയ അവസരങ്ങള്‍ നല്‍കാതെയായിരുന്നു ടീമിന്റെ പ്രകടനങ്ങള്‍.

Content Highlight: Muhammed Kaif says that Suryakumar Yadav is the proper replacement for Rohit Sharma as a captain