സഞ്ജു അടുത്ത ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ യോഗ്യന്‍: മുന്‍ ഇന്ത്യന്‍ താരം
Cricket
സഞ്ജു അടുത്ത ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ യോഗ്യന്‍: മുന്‍ ഇന്ത്യന്‍ താരം
ഫസീഹ പി.സി.
Tuesday, 10th March 2026, 8:52 pm

ടി – 20യില്‍ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാവാന്‍ സഞ്ജു സാംസണ് യോഗ്യതയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. നിലവില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സ്ഥാനം ഒഴിയുകയാണെങ്കില്‍ സഞ്ജുവിന് ക്യാപ്റ്റന്‍സി നല്‍കണമെന്നും ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച അനുഭവ പരിചയം താരത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു ക്യാപ്റ്റന്‍ അനുഭവ സമ്പത്തുള്ളയാളും ഫോമില്ലാത്ത താരങ്ങളെ പിന്തുണക്കുന്നവരുമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് രവീഷ് ബിഷ്തുമയായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കൈഫ്.

Photo: MuhammedKaif/facebook.com

‘ഇന്ത്യയുടെ അടുത്ത ക്യാപ്റ്റന്‍ ആരാണെന്ന് ഇപ്പോള്‍ പറയാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ, ഈ സ്ഥാനത്തിന് സഞ്ജു സാംസണ്‍ അര്‍ഹനാണ്. അവന് എന്തുകൊണ്ട് ക്യാപ്റ്റന്‍ ആയിക്കൂടാ? ഒരു ക്യാപ്റ്റന്‍ അനുഭവ സമ്പത്തുള്ളയാളായിരിക്കണം. ബൗളിങ് മാറ്റങ്ങള്‍ വരുത്താനും കൃത്യമായ പ്ലെയിങ് ഇലവന്‍ തീരുമാനിക്കാനും കഴിവുള്ള ഒരാളായിരിക്കണം ക്യാപ്റ്റന്‍. ഒപ്പം അഭിഷേക് ശര്മയെയും വരുണ്‍ ചക്രവര്‍ത്തിയെയും പോലെ ഫോമില്ലാത്ത താരങ്ങളെ പിന്തുണക്കുകയും വേണം.

ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയവര്‍ക്ക് മാത്രമേ ഈ ചെറിയ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കൂ. അതുകൊണ്ട് സഞ്ജു നല്ലൊരു ഓപ്ഷനാണെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ, സൂര്യകുമാര്‍ യാദവ് മികച്ച നിലയില്‍ കളിക്കുന്നത് തുടര്‍ന്നാല്‍ അവന് സ്ഥാനം നിലനിര്‍ത്തും. ഫിറ്റാണെങ്കില്‍ 38 – 39 വയസ് വരെ കളിക്കാം. ടി – 20യില്‍ പരിചയസമ്പത്തുള്ള ക്യാപ്റ്റന്‍ വിലപ്പെട്ടതാണ്.

സൂര്യ സ്ഥാനം ഒഴിഞ്ഞാല്‍ സഞ്ജുവിന് ആ സ്ഥാനം ഏറ്റെടുക്കാം. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിച്ച സഞ്ജുവിന് മികച്ച ക്യാപ്റ്റന്‍സിയില്‍ അനുഭവപരിചയമുണ്ട്. അവന് 31 വയസ് മാത്രമാണ് പ്രായം. അതിനാല്‍ അവന്‍ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായേക്കാം,’ കൈഫ് പറഞ്ഞു.

2026 ടി – 20 ലോകകപ്പിലെ പ്ലെയർ ഓഫ് ദി അവാർഡുമായി സഞ്ജു സാംസൺ. Photo: BCCI/x.com

2026 ടി – 20 ലോകകപ്പില്‍ മിന്നും പ്രകടനങ്ങളുമായി സഞ്ജു ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. താരം ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങള്‍ മാത്രം കളിച്ച് 321 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. കൂടാതെ ടൂര്‍ണമെന്റ് താരവുമായിരുന്നു.

ലോകകപ്പിനിടെ ഫോമില്ലാതിരുന്ന അഭിഷേകിനെ സഞ്ജു പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഫൈനല്‍ അഭിഷേകിന്റെ ദിവസമായിരിക്കുമെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഒപ്പം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ നല്ല രീതിയില്‍ റണ്‍ വഴങ്ങിയ വരുണ്‍ ചക്രവര്‍ത്തിക്ക് താരം നിര്‍ദേശവും നല്‍കിയിരുന്നു.

വരുണ്‍ ബൗള്‍ ചെയ്യുമ്പോള്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ താരത്തെ പ്രഹരിച്ചപ്പോള്‍ റിലാക്സായി ബൗള്‍ ചെയ്യൂവെന്ന് സഞ്ജു പറഞ്ഞു. പിന്നാലെ വരുണ്‍ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഇതെല്ലാം മുന്‍ നിര്‍ത്തിയാണ് കൈഫിന്റെ പ്രതികരണം.

Content Highlight: Muhammed Kaif says that Sanju Samson could be India’s next T20I Captain

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി