മലയാളി താരം സഞ്ജു സാംസണ്‍ ഏഷ്യാ കപ്പിന്റെ പ്ലെയിങ് ഇലവനില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. തിലക് വര്‍മ ചെറുപ്പമെന്നും സഞ്ജു മൂന്നാം നമ്പറില്‍ ഇറങ്ങട്ടെയെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അഭിഷേക് ശര്‍മയും ശുഭ്മന്‍ ഗില്ലുമായിരിക്കും ഏഷ്യാ കപ്പില്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പറില്‍ സഞ്ജു എത്തട്ടെ. തിലക് വര്‍മ ഒരു യുവതാരമാണ്. അവന്‍ അവസരത്തിനായി വീണ്ടും കാത്തിരിക്കാമെന്നാണ് എനിക്ക് തോന്നുന്നത്.
സഞ്ജു അനുഭവപരിചയമുള്ള ഒരു താരമാണ്. മൂന്നാം നമ്പറില്‍ സ്ഥിരമായി അവന് അവസരം നല്‍കി അദ്ദേഹത്തെ വളര്‍ത്തിയെടുക്കണം. ആറ് മാസത്തിന് ശേഷം ലോകകപ്പ് വരാനുണ്ട്. സഞ്ജു ഒരു അവസരം അര്‍ഹിക്കുന്നുണ്ട്,’ കൈഫ് പറഞ്ഞു.
സഞ്ജു സാംസണായിരുന്നു ഇന്ത്യയുടെ അവസാന ടി – 20 മത്സരങ്ങളില്‍ ഓപ്പണ്‍ ചെയ്തിരുന്നത്. മൂന്നാം നമ്പറില്‍ ഇറങ്ങിയത് തിലക് വര്‍മയുമായിരുന്നു. ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി ടീമില്‍ എത്തിയതോടെ സഞ്ജുവിന്റെ ടീമിലെ സ്ഥാനം അനിശ്ചിതത്തിലാണ്.
സ്‌ക്വാഡിനെ പ്രഖ്യാപിക്കാന്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സഞ്ജു ഓപ്പണിങ്ങില്‍ എത്തിയതിന് കാരണം ഗില്ലും യശസ്വി ജെയ്‌സ്വാളും ഇല്ലാത്തതാണ് എന്ന് അജിത് അഗാര്‍ക്കര്‍ പറഞ്ഞിരുന്നു. അതോടെ ഏഷ്യ കപ്പില്‍ താരം ഓപ്പണിങ്ങില്‍ എത്തില്ലെന്ന് ഏറെ കുറെ ഉറപ്പാണ്.
അതോടെയാണ് താരത്തിനെ മൂന്നാം നമ്പറില്‍ ഇറക്കണമെന്ന് കൈഫ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ മൂന്നാം നമ്പറില്‍ കളിക്കുന്ന തിലക് വര്‍മ മികച്ച പ്രകടനമാണ് നടത്തുന്നത്. അതുപോലെ 22 കാരനായ ഇടം കൈയ്യന്‍ ബാറ്റര്‍ നിലവില്‍ ഐ.സി.സി ടി – 20 ബാറ്റിങ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുണ്ട്.
അതേസമയം, ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഏഷ്യാ കപ്പ് സെപ്റ്റംബര്‍ ഒമ്പത് മുതലാണ് ആരംഭിക്കുക. എട്ട് ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ ഗ്രൂപ്പ് എ-യിലാണ്. യു.എ.ഇയില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. യു.എ.ഇയും ഒമാനുമാണ് ഗ്രൂപ്പ് എയിലെ മറ്റ് ടീമുകള്‍.