സഞ്ജുവിന് ശേഷം പരാഗല്ല, അവനാവട്ടെ രാജസ്ഥാന്റെ ക്യാപ്റ്റന്‍: കൈഫ്
Sports News
സഞ്ജുവിന് ശേഷം പരാഗല്ല, അവനാവട്ടെ രാജസ്ഥാന്റെ ക്യാപ്റ്റന്‍: കൈഫ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 10th November 2025, 7:18 am

റിയാന്‍ പരാഗല്ല, യശസ്വി ജെയ്സ്വാള്‍ രാജസ്ഥാൻ റോയല്‍സിന്റെ ക്യാപ്റ്റന്‍ ആവണമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. താരത്തിന് പരാഗിനെക്കാള്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കൈഫ്.

‘റിയാന്‍ പരാഗ് കുറച്ച് കാലമായി കളിക്കുന്നുണ്ടെങ്കിലും ജെയ്സ്വാളിന് അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ച പരിചയമുണ്ട്. അത് ടീമിനെ നയിക്കാന്‍ സഹായിക്കും. അത് നമുക്ക് എഴുതി തള്ളാനാവില്ല.

അവന്‍ കളിക്കുമ്പോഴെല്ലാം മികച്ച ബാറ്റിങ്ങാണ് നടത്തുന്നത്. അതിനാല്‍ തന്നെ അവന്‍ ക്യാപ്റ്റനാവണം,’ കൈഫ് പറഞ്ഞു.

ഇന്ത്യക്കായി ജെയ്സ്വാളിന് ടി – 20 യിലും ഏകദിനത്തിലും കളിക്കാന്‍ കഴിയാത്തത് നിര്‍ഭാഗ്യമാണെന്നും കൈഫ് പറഞ്ഞു. അവന്‍ എന്തിനും തയ്യാറാണ്. വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ എന്നിവര്‍ ഉള്ളതിനാല്‍ അവന്‍ കാത്തിരിക്കണം. പക്ഷേ ബാറ്റിങ്ങില്‍ ജെയ്സ്വാള്‍ തന്റെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര കളിച്ചതിനാല്‍ സമ്മര്‍ദം കൈകാര്യം ചെയ്യുന്നതില്‍ ജെയ്സ്വാളിന് കൂടുതല്‍ പരിചയസമ്പത്തുള്ളതിനാല്‍, പരാഗിനെ ക്യാപ്റ്റനാക്കാനുള്ള ഏതൊരു തീരുമാനത്തിനും ക്ഷമയും സമയവും ആവശ്യമാണെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

ഐ.പി.എല്‍ 2016ന് മുന്നോടിയായി നിലവിലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ സഞ്ജു സാംസണ്‍ മറ്റൊരു ടീമിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്സുമായുള്ള (സി.എസ്.കെ) താരത്തിന്റെ സ്വാപ്പ് ഡീല്‍ ഏകദേശം ഉറപ്പായിയെന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.

രവീന്ദ്ര ജഡേജയെയും സാം കറനിനെയും വിട്ടുനല്‍കിയാണ് സഞ്ജുവിനെ ടീമിലെത്തിക്കാന്‍ സി.എസ്.കെ ശ്രമിക്കുന്നത്. നേരത്തെ, സഞ്ജുവിന് പകരക്കാരായി ജഡേജക്കൊപ്പം ഡെവാള്‍ഡ് ബ്രെവിസിനെയുമാണ് ആവശ്യപ്പെട്ടിരുന്നത്. അതിന് ശേഷം ജഡേജയിലും കറനിലും എത്തുകയായിരുന്നുവെന്നാണ് വിവരം.

ഇതിന്റെ പശ്ചാത്തലത്തിലാണ് കൈഫിന്റെ പ്രതികരണം. കഴിഞ്ഞ സീസണില്‍ സഞ്ജുവിന് പരിക്കേറ്റപ്പോള്‍ പരാഗിനെയായിരുന്നു ആര്‍.ആര്‍ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചത്. ഇതാണ് സഞ്ജു ടീം വിടുന്നതിലേക്ക് നയിക്കുന്നതെന്നും നേരത്തെ അഭ്യൂഹങ്ങളുമുണ്ടായിരുന്നു.

Content Highlight: Muhammed Kaif says that not Riyan Parag, Yashasvi Jaiswal should be the captain of Rajasthan Royals after Sanju Samson