റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഭുവിക്ക് 36 വയസായെങ്കിലും കരിയറിന്റെ തുടക്ക കാലത്തേത് പോലെ തന്നെ ഇപ്പോഴും എതിരാളികളെ വിറപ്പിക്കുന്നുണ്ടെന്നും ടീമിലേക്ക് തിരിച്ചുവിളിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഐ.പി.എല്ലിലെ ഭുവിയുടെ ബൗളിങ് തന്നെ താരത്തിന്റെ ഉത്തര്‍പ്രദേശിനായി ഒരുമിച്ച് കളിച്ചത് ഓര്‍മിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നമ്മളെ വികാരഭരിതരാക്കുന്ന പല നിമിഷങ്ങളുമുണ്ട്. ഇന്ന് ഭുവി (ഭുവനേശ്വര്‍ കുമാര്‍) പന്തെറിയുന്നത് കണ്ടപ്പോള്‍ എനിക്ക് 17ാം വയസിലെ അവനെ ഓര്‍മവന്നു. ആ സമയത്ത് ഞാന്‍ ഉത്തര്‍പ്രദേശ് ക്യാപ്റ്റനായിരുന്നു.
അവന്റെ ബൗളിങ്ങിലെ സ്വിങ്ങും നിയന്ത്രണവും കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. പക്ഷേ, സെലക്ടര്‍മാര്‍ അവനെ ചെറുപ്പമാണെന്ന് പറഞ്ഞെങ്കിലും എന്റെ നിര്‍ബന്ധത്തിന് വഴങ്ങി ടീമിലെടുത്തു. രഞ്ജി ട്രോഫിയിലൂടെ അരങ്ങേറിയ ഭുവി ടൂര്‍ണമെന്റ് ഫൈനലില്‍ സച്ചിന്‍ പാജിയെ (സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍) ഡക്കിന് പുറത്താക്കി.
ഇപ്പോള്‍ അവന്‍ 36 വയസായി. പക്ഷേ, ഇപ്പോളും മികച്ച ബാറ്റര്‍മാരെ വരെ തന്റെ സ്വിങ് കൊണ്ട് അവന്‍ ബുദ്ധിമുട്ടിക്കുന്നു. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവുണ്ടാകുമോ? എന്തുകൊണ്ട് പറ്റില്ല? പഴയ ഭുവി ഇപ്പോഴും അവനിലുണ്ട്,’ കൈഫ് പറഞ്ഞു.
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഭുവനേശ്വർ കുമാർ. Photo: IndianPremierLeague/x.com
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ദല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ ഭുവി ബൗളിങ്ങില്‍ തിളങ്ങിയിരുന്നു. മത്സരത്തില്‍ മൂന്ന് ഓവര്‍ മാത്രം എറിഞ്ഞ താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. വെറും അഞ്ച് റണ്‍സ് വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ പ്രകടനം. 1.67 ആയിരുന്നു താരത്തിന്റെ ഈ മത്സരത്തിലെ എക്കോണമി.
ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതും ഭുവി തന്നെയാണ്. എട്ട് മത്സരങ്ങളില്‍ കളിച്ച താരം 14 വിക്കറ്റുകളാണ് വീഴ്ത്തിയത്. സീസണില്‍ 7.61 എന്ന എക്കോണമിയാണ് താരത്തിനുള്ളത്.
Content Highlight: Muhammed Kaif praises Bhuvanshwar Kumar performance in IPL 2026