കെ.ടി. ജലീലിന്റെ രാജ്യസ്‌നേഹത്തെ അളക്കാന്‍ മാധ്യമങ്ങളേ, നിങ്ങളാരാണ്?
FB Notification
കെ.ടി. ജലീലിന്റെ രാജ്യസ്‌നേഹത്തെ അളക്കാന്‍ മാധ്യമങ്ങളേ, നിങ്ങളാരാണ്?
മുഹമ്മദലി കിനാലൂര്‍
Sunday, 14th August 2022, 10:52 pm

കെ.ടി. ജലീലിനെ മാധ്യമങ്ങള്‍ വളഞ്ഞിട്ടാക്രമിക്കുകയാണ്. സ്വതന്ത്രനിരീക്ഷകരുടെ കുപ്പായത്തില്‍ ചാനലുകളില്‍ വന്നിരുന്ന് സംഘപരിവാറിന് വേണ്ടി പണിയെടുക്കുന്ന ചിലര്‍ക്ക് ജലീലിനെ താമസംവിനാ രാജ്യദ്രോഹി ആയി പ്രഖ്യാപിക്കണം, അടുത്ത മണിക്കൂറില്‍ അദ്ദേഹത്തെ അഴിക്കുള്ളിലാക്കണം, പറ്റിയാല്‍ നാളെത്തന്നെ തൂക്കിക്കൊല്ലണം ജലീലിന്റെ പോസ്റ്റുകളിലെ തെറ്റായ പരാമര്‍ശങ്ങളുടെ പേരില്‍ അദ്ദേഹത്തെ വിമര്‍ശിച്ചോളൂ. അദ്ദേഹം ആ വിമര്‍ശം അര്‍ഹിക്കുന്നുണ്ട് എന്നുതന്നെ ഞാനും വിശ്വസിക്കുന്നത്.

പക്ഷെ ഇപ്പോള്‍ അദ്ദേഹത്തിന് നേരെ നടക്കുന്നത് വിഷയാധിഷ്ഠിത വിമര്‍ശനം അല്ല, അദ്ദേഹത്തെ കടിച്ചുകീറി രക്തം കുടിക്കാനുള്ള ഹിംസയാണ്. ജലീല്‍ രാജ്യദ്രോഹിയാണ്, പാകിസ്ഥാന്‍ അനുകൂലിയാണ് എന്നൊക്കെ ചിലര്‍ വ്യാഖ്യാനിക്കുന്നത് എന്തിന്റെ പുളിച്ചുതികട്ടലാണ് എന്നും ആരാണ് ഇതിന് പിറകിലെന്നും ആരുടെ ക്വട്ടേഷന്‍ ആണിതെന്നും അരിഭക്ഷണം കഴിക്കാത്തവര്‍ക്കുപോലും മനസിലാകും.

ജലീലിന്റെ പരാമര്‍ശത്തില്‍ കേസെടുക്കാന്‍ വകുപ്പുണ്ടെങ്കില്‍(അതിന്റെ നിയമവശം അറിയാത്തതുകൊണ്ടാണ് ‘എങ്കില്‍’ പ്രയോഗം) കേസെടുക്കട്ടെ. അദ്ദേഹം കോടതിയില്‍ വിചാരണ നേരിടട്ടെ. അതിനപ്പുറം കെ.ടി. ജലീലിന്റെ രാജ്യസ്‌നേഹത്തെ അളക്കാന്‍ മാധ്യമങ്ങളേ, നിങ്ങളാരാണ്? സംഘിക്ക് കങ്കാണിപണി എടുക്കുന്ന ചങ്കരന്‍മാര്‍ ഏത് അളവുയന്ത്രം ഉപയോഗിച്ചാണോ ഇപ്പോള്‍ ജലീലിനെ അളക്കുന്നത്, അതേ അളവുയന്ത്രം കൊണ്ട് നാളെ ആരെ വേണമെങ്കിലും അളക്കുമെന്നും രാജ്യദ്രോഹി ആക്കുമെന്നും മനസിലാക്കാന്‍ വലിയ രാഷ്ട്രീയവിദ്യാഭ്യാസമൊന്നും വേണ്ട.

ജനം ചാനലിനും മീഡിയ വണ്ണിനും ജലീലിന്റെ ഇറച്ചി ഒരുപോലെ സ്വാദിഷ്ടമാകുന്നതിന്റെ രാഷ്ട്രീയം ജലീലിന്റെ ഇപ്പോഴത്തെ ഫേസ്ബുക് പോസ്റ്റ് അല്ലെന്ന് ഗണിച്ചെടുക്കാന്‍ പാഴൂര്‍പടി വരെ പോകേണ്ടതുമില്ല.