എംബാപെക്കൊന്നുമല്ല അത് അവന് അര്‍ഹതപ്പെട്ടതാണ്; തന്റെ ബാലണ്‍ ഡി ഓര്‍ വിജയിയെ പ്രഖ്യാപിച്ച് ലയണല്‍ മെസി
Football
എംബാപെക്കൊന്നുമല്ല അത് അവന് അര്‍ഹതപ്പെട്ടതാണ്; തന്റെ ബാലണ്‍ ഡി ഓര്‍ വിജയിയെ പ്രഖ്യാപിച്ച് ലയണല്‍ മെസി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th August 2022, 10:42 pm

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തെ തെരഞ്ഞെടുക്കുന്നതിനായി ബാലണ്‍ ഡി ഓര്‍ നോമിനേഷനുകള്‍ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ജേതാവായിരുന്ന സൂപ്പര്‍താരം ലയണല്‍ മെസിയെ ഒഴിവാക്കികൊണ്ടാണ് ഇത്തവണത്തെ ലിസ്റ്റ്.

പതിനഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായാണ് മെസി ബാലണ്‍ ഡി ഓര്‍ പട്ടികയില്‍ ആദ്യ 30 സ്ഥാനത്ത് നിന്നും പുറത്തായത്. പി.എസ്.ജിക്കായി വെറും 11 ഗോള്‍ മാത്രമായിരുന്നു മെസിക്ക് ലീഗ് വണ്ണില്‍ നിന്നും യു.സി.എല്ലില്‍ നിന്നുമായി നേടാനായത്.

ഇപ്പോഴിതാ ബാലണ്‍ ഡി ഓര്‍ വിജയിക്കാന്‍ ഏറ്റവും അര്‍ഹമായ താരത്തിനെ വെളിപ്പെടുത്തിയിരിക്കുകയാണ് മെസി. റയല്‍ മാഡ്രിഡ് താരമായ ഫ്രാന്‍സിന്റെ മുന്നേറ്റനിര താരമായ കരീം ബെന്‍സിമ ഇത്തവണ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കുമെന്നാണ് മെസി വിശ്വസിക്കുന്നത്.

ഇത്തവണ ബാലണ്‍ ഡി ഓര്‍ ആര് നേടുമെന്നതില്‍ ഒരു സംശയവും വേണ്ടെന്നും ബെന്‍സിമയാണ് റയലിന്‍ ചാമ്പ്യന്‍സ് ലീഗ് നേടികൊടുത്തതെന്നും മെസി പറഞ്ഞു.

‘റയല്‍ മാഡ്രിഡിന് വേണ്ടി ബെന്‍സിമ യു.സി.എല്‍ നേടി, റൗണ്ട് ഓഫ് 16 മുതല്‍ അങ്ങോട്ട് അദ്ദേഹം ടീമില്‍ നിര്‍ണായകനായിരുന്നു. ബെന്‍സിമ ഒരു അത്ഭുതകരമായ കളിക്കാരനാണ്.

ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓറിന് അര്‍ഹതയുള്ളത് ആരാണെന്ന കാര്യത്തില്‍ എന്തെങ്കിലും സംശയം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അത് ബെന്‍സിമ ആണെന്ന് വ്യക്തമാണ്. അദ്ദേഹത്തിന് അവിശ്വസനീയമായ ഒരു വര്‍ഷമായിരുന്നു ഇത്,’ മെസി പറഞ്ഞു.

കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിന്റെ ചാമ്പ്യന്‍സ് ലീഗ് വിജയിച്ചത്തില്‍ ഫ്രഞ്ച് സ്ട്രൈക്കര്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. 15 ഗോളുകളുമായി യു.സി.എല്ലില്‍ ടോപ് സ്‌കോററകാന്‍ ബെന്‍സിമക്ക് സാധിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ മാഡ്രിഡ് ലാ ലിഗയും നേടിയിരുന്നു. 27 ഗോളുകളുമായി ബെന്‍സിമ തന്നെയാണ് ലീഗിലെയും ടോപ് സ്‌കോററായത്.

മെസിയുടെ ടീമായ പി.എസ്.ജിയെ പ്രീക്വാര്‍ട്ടറില്‍ റയല്‍ തോല്‍പിച്ചപ്പോള്‍ ബെന്‍സിമ ഹാട്രിക്ക് നേടിയിരുന്നു. അവസാന ഇരുപത് മിനിട്ടിലായിരുന്നു ബെന്‍സിമ പി.എസ്.ജിയെ തകര്‍ത്തത്.

Content Highlights: Lionel Messi says Karim Benzema will win the Ballon d Or this year