ലഖ്‌നൗവിന്റെ തോല്‍വിക്ക് കാരണം പന്തല്ല; മറ്റൊരു താരത്തെ കുറ്റപ്പെടുത്തി മുഹമ്മദ് കൈഫ്
2025 IPL
ലഖ്‌നൗവിന്റെ തോല്‍വിക്ക് കാരണം പന്തല്ല; മറ്റൊരു താരത്തെ കുറ്റപ്പെടുത്തി മുഹമ്മദ് കൈഫ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 15th May 2025, 8:59 pm

2025 ഐ.പി.എല്ലില്‍ ഏഴാം സ്ഥാനത്താണ് റിഷബ് പന്ത് നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. 11 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും ആറു തോല്‍വിയും ഉള്‍പ്പെടെ 10 പോയിന്റാണ് ടീം നേടിയത്. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തിയെങ്കിലും തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ പന്തിനും സംഘത്തിനും വലിയ തിരിച്ചടിയാണ് നല്‍കിയത്.

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരം ആയിട്ടും ബാറ്റിങ്ങില്‍ വമ്പന്‍ പരാജയമായിരുന്നു പന്ത്. ഒരു അര്‍ധ സെഞ്ച്വറി ഒഴിച്ചാല്‍ വളരെ മോശം പ്രകടനമാണ് താരം കാഴ്ചവെച്ചത്.

എന്നാല്‍ ലഖ്‌നൗവിന്റെ പരാജയങ്ങള്‍ക്ക് കാരണം ടീമിലെ വിന്‍ഡീസ് ബാറ്റര്‍ നിക്കോളാസ് പൂരനാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് അഭിപ്രായപ്പെടുന്നത്. പൂരന് ഫോം നഷ്ടപ്പെട്ടതാണ് എല്‍.എസ്.ജിയുടെ പരാജയങ്ങള്‍ക്ക് കാരണമെന്നും പൂരന്‍ മികവ് പുലര്‍ത്തിയ മത്സരങ്ങളെല്ലാം ടീം വിജയിച്ചുവെന്നും കൈഫ് അഭിപ്രായപ്പെട്ടു.

‘പൂരന് ഫോം നഷ്ടപ്പെട്ടതാണ് ഏറ്റവും വലിയ തിരിച്ചടി. പൂരന്‍ കളിക്കുമ്പോള്‍ ലഖ്‌നൗ തുടര്‍ച്ചയായി മത്സരങ്ങള്‍ ജയിച്ചിരുന്നു. പൂരന്റെ ബാറ്റ് നിശബ്ദമായതിനുശേഷം അവരുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചു. ഫുള്‍ ബൗള്‍ ചെയ്ത് അയാളെ എല്‍.ബി.ഡബ്ല്യു ആയി പുറത്താക്കുകയോ ബൗള്‍ഡ് ചെയ്യുകയോ ചെയ്യാനുള്ള തന്ത്രങ്ങള്‍ ബൗളര്‍മാര്‍ കണ്ടുപിടിച്ചത് മുതല്‍ അത് വലിയ ആശങ്കയ്ക്ക് കാരണമായി മാറിയിരിക്കുന്നു. തുടക്കത്തില്‍ പൂരന്‍ ഒറ്റയ്ക്ക് മത്സരങ്ങള്‍ ജയിക്കുകയായിരുന്നു. എന്നിരുന്നാലും എയ്ഡന്‍ മാര്‍ക്രമും മിച്ചല്‍ മാര്‍ഷും നന്നായി കളിച്ചു,’ കൈഫ് സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് 200.98 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 410 റണ്‍സ് ആണ് നിക്കോളാസ് പൂരന്‍ നേടിയത്. സീസണില്‍ 87 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം സ്വന്തമാക്കിയിട്ടുണ്ട്. നാല് അര്‍ധ സെഞ്ച്വറികളാണ് നിക്കോളാസ് സീസണില്‍ അടിച്ചിട്ടത്.

മറുഭാഗത്ത് 27 കോടി മുടക്കി എല്‍.എസ്.ജി വാങ്ങിയ പന്ത് 11 മത്സരങ്ങളില്‍ നിന്ന് വെറും 128 റണ്‍സ് മാത്രമാണ് നേടിയത്. 99.22 സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ പ്രകടനം. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ പന്തിന്റെ മോശം പ്രകടനമാണിത്.

Content Highlight: Muhammad Kaif says Nicholas Pooran’s failure to perform well is a setback for LSG