2:30ന് ലോട്ടറിയെടുത്തു, 3:10ന് റിസള്‍ട്ട് വന്നപ്പോള്‍ ഒരു കോടി സമ്മാനം; പെയ്ന്റിങ് തൊഴിലാളി ബാവയെ ഭാഗ്യം തേടിയെത്തിയത് അഞ്ച് മണിക്ക് വീട് വില്‍ക്കാനിരിക്കെ
Kerala News
2:30ന് ലോട്ടറിയെടുത്തു, 3:10ന് റിസള്‍ട്ട് വന്നപ്പോള്‍ ഒരു കോടി സമ്മാനം; പെയ്ന്റിങ് തൊഴിലാളി ബാവയെ ഭാഗ്യം തേടിയെത്തിയത് അഞ്ച് മണിക്ക് വീട് വില്‍ക്കാനിരിക്കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th July 2022, 10:18 pm

കാസര്‍ഗോഡ്: കടബാധ്യത കാരണം വീട് വില്‍ക്കാന്‍ രണ്ട് മണിക്കൂര്‍ മാത്രം അവശേഷിക്കേ ഒരു കോടി രൂപ ലോട്ടറി അടിച്ച ഞെട്ടലിലാണ് മഞ്ചേശ്വരത്തെ പെയിന്റിങ് തൊഴിലാളിയായ പാവൂരിലെ മുഹമ്മദ് എന്ന ബാവ(50). അമ്പത് ലക്ഷത്തോളം വരുന്ന കടം വീട്ടാനായി വീട് വില്‍ക്കുന്നതിന്റെ അഡ്വാന്‍സ് തുക തിങ്കളാഴ്ച വാങ്ങാനിരിക്കെയായിരുന്നു ഞാറാഴ്ച മുഹമ്മദ് ബാവയെ തേടി ഭാഗ്യം തേടിയെത്തിയത്.

ഞായറാഴ്ച 2:30നായിരുന്നു ബാവ ലോട്ടറിയെടുത്തത് 3:10ന് റിസള്‍ട്ട് വന്നപ്പോള്‍ ഒരു കോടി സമ്മാനം അടിക്കുകയും ചെയ്തു. അഞ്ച് മണിക്ക് വീട് വില്‍ക്കാനുള്ള തയ്യാറടുപ്പുകള്‍ നടക്കുന്നതിനിടെയാണ് ഭാഗ്യം തേടിയെത്തിയെതെന്ന് മുഹമ്മദ് ബാവ പറഞ്ഞു. ഞായറാഴ്ച നറുക്കെടുത്ത കേരള ഭാഗ്യക്കുറിയുടെ ഫിഫ്റ്റി-ഫിഫ്റ്റി ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് ബാവക്ക് സമ്മാനമായി ലഭിച്ചത്.

മനസില്ലാമനസോടെയാണ് വീട് വിറ്റ് കടം തീര്‍ക്കാന്‍ തീരുമാനിച്ചതെന്ന് ബാവ പറഞ്ഞു. വര്‍ഷങ്ങളോളം അധ്വാനിച്ച് ഉണ്ടാക്കിയ വീടാണ്. കടബാധ്യതയും ജപ്തിഭീഷണിയും പിടിമുറിക്കിയതോടെ മറ്റൊരു വഴിയും ഇല്ലാതായപ്പോഴാണ് വീട് വില്‍ക്കാന്‍ തീരുമാനിച്ചത്. വീട് വില്‍ക്കുന്നതിനുള്ള ടോക്കണ്‍ അഡ്വാന്‍സ് കൈപ്പറ്റാനിരുന്ന ദിവസം തന്നെയാണ് ലോട്ടറിയടിച്ചതെന്നും ബാവ പറഞ്ഞു.

സുഹൃത്ത് വഴിയാണ് ലോട്ടറിയെടുത്തത്. സ്ഥിരമായി ലോട്ടറിയെടുക്കുന്ന ശീലമൊന്നുമില്ല. കടബാധ്യതക്ക് ശേഷം ഇടക്ക് എടുക്കാറുണ്ട്. പടച്ചോന്‍ കൈവിട്ടില്ല. വീട് വില്‍ക്കാതെ തന്നെ കടബാധ്യത തീര്‍ക്കാമെന്നാണ് പ്രതീക്ഷയെന്നും ബാവ പറഞ്ഞു.

പെണ്‍മക്കളുടെ വിവാഹവും വീട് നിര്‍മാണവുമാണ് പെയിന്റിങ് തൊഴിലാളിയായ ബാവയെ 50 ലക്ഷത്തിന്റെ കടക്കാരനാക്കിയത്. മകന്‍ വിദേശത്ത് പോകുന്നതിന്റെ വിസ ചെലവിനുള്ള പണം പലിശയ്ക്ക് കടംവാങ്ങിയാണ് കണ്ടെത്തിയതും. ഇതും വലിയ ബാധ്യതയായി മാറിയായിരുന്നു.