സമസ്ത- സി.ഐ.സി തര്‍ക്കം; വളാഞ്ചേരി മര്‍ക്കസില്‍ എം.ടി. മുസ്‌ലിയാരെ സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ തടഞ്ഞു
Kerala News
സമസ്ത- സി.ഐ.സി തര്‍ക്കം; വളാഞ്ചേരി മര്‍ക്കസില്‍ എം.ടി. മുസ്‌ലിയാരെ സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ തടഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th May 2023, 8:40 am

വളാഞ്ചേരി: സമസ്തയും സി.ഐ.സി(കോഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസ്)യും തമ്മിലുള്ള തര്‍ക്കം തെരുവിലേക്ക്. സമസ്ത മുശാവാറ എം.ടി. അബ്ദുല്ല മുസ്‌ലിയാരെ ഒരു വിഭാഗം തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. സമസ്തയുടെ വളാഞ്ചേരി മര്‍ക്കസിന് കീഴിലുള്ള വാഫി വഫിയ്യ സിലബസ് തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്.

വളാഞ്ചേരി മര്‍ക്കസില്‍ വാഫി- വഫിയ്യ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ്
എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അടക്കമുള്ള സമസ്ത നേതാക്കളെ തടഞ്ഞുവെച്ചത്. പെണ്‍കുട്ടികളടക്കമുള്ളവര്‍ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു.

തിങ്കളാഴ്ച വളാഞ്ചേരി മര്‍ക്കസില്‍ സമസ്ത നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ വാഫി- വഫിയ്യ കോഴ്‌സുകള്‍ നിര്‍ത്തലാക്കി അതിന് ബദലായി സമസ്ത അവതരിപ്പിച്ച പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. യോഗത്തില്‍ പങ്കെടുത്ത് മടങ്ങവെയായിരുന്നു എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ക്ക് നേരെ പ്രതിഷേധമുണ്ടായത്.

വളാഞ്ചേരി മര്‍ക്കസ് സമസ്തയുടെ സ്ഥാപനമാണെന്നും, സമസ്തയുടെ തീരുമാനം അനുസരിച്ച് വാഫി വഫിയ്യ കോഴ്‌സുകള്‍ കോളജില്‍ നിര്‍ത്തലാക്കിയെന്നും എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ മറുപടി നല്‍കിയതോടെ പ്രതിഷേധക്കാര്‍ ക്ഷുഭിതരാവുകയായിരുന്നു.

വണ്ടിയില്‍ കയറി പോകാന്‍ ശ്രമിച്ച നേതാക്കളെ സംഘം തടഞ്ഞുവെക്കുകയും വിഷയത്തില്‍ തീരുമാനം എടുക്കാതെ ഒരാളെയും പുറത്തുപോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രതിഷേധക്കാര്‍ സ്ഥാപനത്തിന്റെ ഗേറ്റ് പൂട്ടുകയും ചെയ്യുകയായിരുന്നു.

വാഫി വഫിയ്യ രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ വളാഞ്ചേരി മര്‍ക്കസിലെത്തിയ വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചിരുന്നില്ല. തൊട്ടടുത്ത വീട്ടിലും വളാഞ്ചേരിയിലെ സ്വകാര്യ ട്യൂഷന്‍ സെന്ററിലും താല്‍ക്കാലികമായി ഒരുക്കിയ സ്ഥലത്തായിരുന്നു വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിരുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് നേതാക്കള്‍ക്കെതിരെ പ്രതിഷേധമുണ്ടായത്.

മുന്‍ സി.ഐ.സി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി ആദൃശ്ശേരിയാണ് വളാഞ്ചേരി മര്‍ക്കസിന് കീഴിലുള്ള വാഫി- വഫിയ്യ കോളേജുകളുടെ പ്രിന്‍സിപ്പാള്‍.