ആ വിക്കറ്റ് കീപ്പറെ ടീമിലെടുത്തതില്‍ ഏറെ പഴി കേട്ടു, ഗ്ലൗ ധരിക്കാന്‍ പോലും അറിയാത്തവനെന്നായിരുന്നു വിമര്‍ശനം; എം.എസ്.കെ പ്രസാദ്
Sports News
ആ വിക്കറ്റ് കീപ്പറെ ടീമിലെടുത്തതില്‍ ഏറെ പഴി കേട്ടു, ഗ്ലൗ ധരിക്കാന്‍ പോലും അറിയാത്തവനെന്നായിരുന്നു വിമര്‍ശനം; എം.എസ്.കെ പ്രസാദ്
ആദര്‍ശ് എം.കെ.
Saturday, 21st March 2026, 8:41 pm

ഇന്ത്യന്‍ സൂപ്പര്‍ താരം റിഷബ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ തനിക്ക് വലിയ തോതിലുള്ള വിമര്‍ശനങ്ങളേറ്റുവാങ്ങേണ്ടി വന്നിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരവും സെലക്ടറുമായ എം.എസ്.കെ പ്രസാദ്. അവനെ ടെസ്റ്റ് ടീമിലെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു പലരും പറഞ്ഞതെന്നും ഏറെ പ്രയാസപ്പെട്ടാണ് അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

എം.എസ്.കെ പ്രസാദ്

‘റിഷബ് പന്തിന്റെ സെലക്ഷനെ കുറിച്ച് പറയുകയാണെങ്കില്‍, എനിക്കന്ന് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അവന് മര്യാദയ്ക്ക് ഒരു ഗ്ലൗസ് പോലും ധരിക്കാന്‍ അറിയില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. ടെസ്റ്റ് ടീമില്‍ പന്തിന് സ്ഥാനമില്ലെന്നായിരുന്നു അവരുടെ നിലപാട്. അവനെ ടീമിലെടുക്കണമെന്ന് അവരെ ബോധ്യപ്പെടുത്താന്‍ എനിക്കേറെ പാടുപെടേണ്ടി വന്നു,’ പ്രസാദ് പറഞ്ഞു.

റിഷബ് പന്ത്. Photo: BCCI/x.com

നേരത്തെയും പന്തിന്റെ സെലക്ഷനെ കുറിച്ച് എം.എസ്.കെ പ്രസാദ് സംസാരിച്ചിരുന്നു.

‘പന്തിനെ ടീമിലെടുത്തപ്പോള്‍ ധാരാളം വിവാദങ്ങള്‍ ഉണ്ടായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹത്തിന് ബാറ്റ് ചെയ്യാന്‍ കഴിയില്ലെന്നും വെല്ലുവിളി നിറഞ്ഞ വിക്കറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്നും ആളുകള്‍ പറഞ്ഞു.

ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ വെല്ലുവിളി നിറഞ്ഞ ബാറ്റിംഗ് സാഹചര്യങ്ങളില്‍ അദ്ദേഹം ബാറ്റ് ചെയ്ത രീതിയും ഏറെ മികച്ചതായിരുന്നു. സാധ്യതകളെ തിരിച്ചറിയുക എന്നതാണ് ഒരു സെലക്ടറിന്റെ കടമ. പന്ത് ഇത്രയും മികച്ചവനാണെന്ന് പലരും ഒരിക്കലും വിശ്വസിച്ചിരുന്നില്ല,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഏറ്റവും മികച്ച റെഡ് ബോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ പ്രധാനിയായ വൃദ്ധിമാന്‍ സാഹയെ മറികടന്നുകൊണ്ടായിരുന്നു പന്തിന്റെ രംഗപ്രവേശം. സാഹയ്ക്ക് പകരം പന്തിന് വിദേശ പര്യടനങ്ങളില്‍ അവസരം നല്‍കാനാണ് സെലക്ടര്‍മാര്‍ ആഗ്രഹിച്ചതെന്നും ആ നീക്കം ഒടുവില്‍ ഫലം കണ്ടതില്‍ സന്തോഷമുണ്ടെന്നും പ്രസാദ് പറഞ്ഞു.

വിരാട് കോഹ്‌ലിക്കൊപ്പം വൃദ്ധിമാന്‍ സാഹ

നിലവില്‍ ഇന്ത്യയ്ക്കായി 49 ടെസ്റ്റുകളില്‍ റിഷബ് പന്ത് കളത്തിലിറങ്ങിയിട്ടുണ്ട്. 86 ഇന്നിങ്‌സില്‍ നിന്നും 42.91 ശരാശരിയില്‍ 3476 റണ്‍സാണ് താരം സ്വന്തമാക്കിയത്. കരിയര്‍ ആരംഭിച്ച് അധികം വൈകാതെ തന്നെ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ടീമിന്റെ വിശ്വസ്തനായ താരം എട്ട് സെഞ്ച്വറികളും 18 അര്‍ധ സെഞ്ച്വറികളും തന്റെ പേരിലാക്കിയിട്ടുണ്ട്. 2019ല്‍ സിഡ്‌നിയില്‍ ഓസ്‌ട്രേയിലക്കെതിരെ പുറത്താകാതെ നേടിയ 159 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

റിഷബ് പന്ത്. Photo: BCCI/x.com

അതേസമയം, ഐ.പി.എല്ലിന്റെ തിരക്കുകളിലേക്കാണ് പന്ത് കാലെടുത്ത് വെക്കുന്നത്. കഴിഞ്ഞ സീസണില്‍ കാഴ്ചവെച്ച മോശം പ്രകടനത്തിന് പുതിയ സീസണില്‍ മറുപടി നല്‍കാന്‍ കൂടി വേണ്ടിയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ ഒരുങ്ങുന്നത്.

ഏപ്രില്‍ ഒന്നിനാണ് പന്തും സംഘവും ആദ്യ മത്സരത്തിനിറങ്ങുന്നത്. സ്വന്തം തട്ടകമായ എകാനയില്‍ നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍.

 

Content Highlight: MSK Prasad about Rishabh Pant

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.