അറസ്റ്റിന് പിന്നാലെ ജാമ്യത്തിലിറങ്ങി പി.കെ. നവാസ്: നിരപരാധിത്വം തെളിയിക്കാനുള്ള അവസരമെന്ന് പ്രതികരണം
Kerala
അറസ്റ്റിന് പിന്നാലെ ജാമ്യത്തിലിറങ്ങി പി.കെ. നവാസ്: നിരപരാധിത്വം തെളിയിക്കാനുള്ള അവസരമെന്ന് പ്രതികരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th September 2021, 2:56 pm

മലപ്പുറം: ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയില്‍ അറസ്റ്റിലായതിന് പിന്നാലെ ജാമ്യത്തിലിറങ്ങി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്.

ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു നവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഐ.പി.സി 354 എ വകുപ്പായിരുന്നു ചുമത്തിയത്. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

വെള്ളയില്‍ പൊലീസായിരുന്നു നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്ത്. പിന്നീട് വനിതാ പൊലീസുള്ള ചെങ്ങമ്മാട് പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുകയായിരുന്നു. തുടര്‍ന്ന് ഈ സ്‌റ്റേഷനിലേക്ക് ചോദ്യം ചെയ്യലിനായി രാവിലെ 12 മണിയോടെ നവാസിനെ വിളിച്ചുവരുത്തുകയായിരുന്നു.

അതേസമയം നിരപരാധിത്വം തെളിയിക്കാനുള്ള അവസരമായാണ് ഈ അറസ്റ്റിനെ കാണുന്നതെന്ന് നവാസ് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒരു കേസുവന്നാല്‍ സ്വാഭാവികമായും ആ കേസില്‍ ഉന്നയിക്കപ്പെടുന്ന ആക്ഷേപങ്ങള്‍ തെളിയിക്കപ്പെടേണ്ടത് നമ്മുടെ ബാധ്യതയാണ്. രാജ്യത്തിന്റെ നിയമവ്യവസ്ഥിതി അങ്ങനെയാണ്. ഈ അറസ്റ്റോടു കൂടി ഞാന്‍ ഈ കേസിന്റെ ഭാഗമായി. എന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ഒരു അവസരം കൂടിയാണ് ഇത്. ഈ അറസ്റ്റിനെ ഞാനൊരു അവസരമായി കാണുകയാണ്.

സ്ത്രീത്വത്തെ അപമാനിച്ചു എന്ന രൂപത്തിലുള്ള കുറ്റങ്ങളാണ് എനിക്കെതിരെ ചുമത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ അസത്യങ്ങളും അര്‍ധസത്യങ്ങളുമാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിനെ കുറിച്ചൊക്കെ കുറേയേറെ കാര്യങ്ങള്‍ എനിക്ക് പറയാനുണ്ട്. എന്റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കന്‍മാരുടെ അനുവാദത്തോടുകൂടി അടുത്ത ദിവസം തന്നെ മാധ്യമങ്ങളെ കാണുന്നതായിരിക്കും, നവാസ് പറഞ്ഞു.

അറസ്റ്റിന്റെ പേരില്‍ പാര്‍ട്ടി നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് അത് തനിക്ക് പറയാന്‍ കഴിയില്ലെന്നും പാര്‍ട്ടി സ്ഥാനത്ത് തുടരണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും നവാസ് പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളാണ് ഞങ്ങളുടെ പാര്‍ട്ടിയുടെ അധ്യക്ഷന്‍. ഇന്ന് വൈകീട്ട് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറണമെന്ന് തന്നോട് പറഞ്ഞാല്‍ പോലും നൂറ് ശതമാനം അത് സ്വീകരിച്ചുകൊണ്ട് ഒരു നെഗറ്റീവ് കമന്റും പറയാതെ അത് അനുസരിക്കുമെന്നും നവാസ് മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടിയുടെ അനുവാദത്തോടെ എല്ലാ വിഷയവും ഞാന്‍ സംസാരിക്കും. ഇത്തരം വാര്‍ത്തകളുടെ പേരില്‍ വ്യക്തിപരമായി വേദനിക്കുന്ന ആളാണ് ഞാന്‍. വസ്തുതയോട് പുലബന്ധം പോലും ഇല്ലാതിരുന്നിട്ടും എന്തുകൊണ്ട് പ്രതികരണം ഉണ്ടാകുന്നില്ല എന്ന് പലരും ചോദിക്കുന്നുണ്ട്. പ്രതികരണം ഇല്ലാതിരുന്നതിന് കാരണമുണ്ട്.

തെരഞ്ഞെടുപ്പാനന്തര മുസ്‌ലിം ലീഗ് രാഷ്ട്രീയത്തില്‍ പാര്‍ട്ടിക്കുണ്ടാകുന്ന പലതരം പ്രതിസന്ധികളുണ്ട്. അതിലൊന്നായി ഇപ്പോള്‍ ഇതും പാര്‍ട്ടിക്കെതിരെ പല തരത്തില്‍ ഉപയോഗിക്കുന്നുണ്ട്. പാര്‍ട്ടിയെ താലിബാന്‍ ലീഗെന്ന് പോലും പലരും വിളിക്കുന്ന അവസ്ഥയില്‍ എന്റെ ഒരു വാചകം കൊണ്ടുപോലും പാര്‍ട്ടിക്ക് പ്രയാസം ഉണ്ടാകരുതെന്ന് ബോധ്യമുണ്ട്. അതുകൊണ്ടാണ് പരസ്യമായി പ്രതികരിക്കാത്തത്, നവാസ് പറഞ്ഞു.
ഹരിത നല്‍കിയ പരാതിയെ പൂര്‍ണമായി തള്ളിക്കൊണ്ടായിരുന്നു നവാസ് നേരത്തേയും രംഗത്തെത്തിയത്.

അതേസമയം സ്ത്രീവിരുദ്ധ പരാമര്‍ശനത്തിനെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ എം.എസ്.എഫ് വിദ്യാര്‍ത്ഥിനി സംഘടനയായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു.

ഈ നടപടിയില്‍ മുസ്‌ലിം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹരിത നേതാവും സംസ്ഥാന കമ്മിറ്റി പ്രസിഡന്റുമായ മുഫീദ തെസ്നി രംഗത്തെത്തിയിരുന്നു.

മാധ്യമത്തില്‍ ‘ഞങ്ങള്‍ പൊരുതും; ഹരിത പകര്‍ന്ന കരുത്തോടെ’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് മുഫീദ തന്റെ പ്രതികരണം വ്യക്തമാക്കിയത്. അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നും വനിതാകമ്മീഷനില്‍ പോവുകയെന്നത് ഭരണഘടനാപരമായ അവകാശമാണെന്നും മുഫീദ പറഞ്ഞിരുന്നു.

സ്ത്രീവിരുദ്ധപരാമര്‍ശങ്ങളെ പാര്‍ട്ടി നേതൃത്വം ഗൗരവമായി കാണുമെന്നായിരുന്നു പ്രതീക്ഷയെന്നും എങ്കിലും ഇപ്പോഴും പിടിച്ച കൊടി തെറ്റിയിട്ടില്ലെന്ന് തന്നെയാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും മുഫീദ ലേഖനത്തില്‍ വ്യക്തമാക്കി. ഈ പോരാട്ടം തുടരുമെന്നും അതിനുള്ള കരുത്ത് ഹരിത തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മുഫീദ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് ഹരിതയുടെ സംസ്ഥാനകമ്മറ്റി പിരിച്ചുവിട്ടതായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം അറിയിച്ചത്. ഹരിത നടത്തിയത് കടുത്ത ചട്ടലംഘനമാണെന്നായിരുന്നു പി.എം.എ. സലാം മാധ്യമങ്ങളോട് പറഞ്ഞത്. ഹരിത കമ്മറ്റിയുടെ കാലാവധി നേരത്തേ അവസാനിച്ചതാണെന്നും പുതിയ കമ്മറ്റി ഉടനെ വരുമെന്നും സലാം കൂട്ടിച്ചേര്‍ത്തിരുന്നു.

ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയുമായി ഹരിത നേതാക്കള്‍ രംഗത്തുവന്നതാണ് ഈ പിരിച്ചുവിടലിലേക്ക് നയിച്ചത്. നവാസിനെ കൂടാതെ മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ. വഹാബ് എന്നിവരും സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് ഹരിത നേതാക്കള്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: MSF State President Pk Nawas about his arrest