ഇഷ്ടമില്ലാതെ എന്റെ മാനസിക പ്രതലത്തില്‍പോലും കയറാനനുവദിക്കില്ല; ശരീരത്തിലേക്കുള്ള കടന്നുകയറ്റം ന്യായീകരിക്കുന്നവരോട് ലജ്ജ തോന്നുന്നു: തഹ്‌ലിയ
Kerala News
ഇഷ്ടമില്ലാതെ എന്റെ മാനസിക പ്രതലത്തില്‍പോലും കയറാനനുവദിക്കില്ല; ശരീരത്തിലേക്കുള്ള കടന്നുകയറ്റം ന്യായീകരിക്കുന്നവരോട് ലജ്ജ തോന്നുന്നു: തഹ്‌ലിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th January 2023, 4:36 pm

കോഴിക്കോട്: പൊതുവേദിയിലെ മോശം പെരുമാറ്റത്തില്‍ നടി അപര്‍ണ ബാലമുരളി പ്രതികരിച്ച സംഭവത്തില്‍ അവര്‍ക്ക് പിന്തുണയുമായി എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ. മറ്റുള്ളവരുടെ സ്വകാര്യതയെ വിവേകപൂര്‍വം തിരിച്ചറിയാനും ബഹുമാനിക്കാനുമാണ് പരിശീലനം കൊടുക്കേണ്ടെന്ന് തഹ്‌ലിയ പറഞ്ഞു.

എറണാകുളം ലോ കോളേജില്‍ നടന്ന സംഭവത്തെ ന്യായീകരിക്കുന്നവരെ കാണുമ്പോള്‍ ലജ്ജ തോന്നുന്നുവെന്നും തഹ്‌ലിയ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു അവരുടെ പ്രതികരണം.

‘എന്റെ ശരീരത്തിലേക്കെന്നല്ല എന്റെ മാനസിക പ്രതലത്തിലേക്കും (intimate Space) ഇഷ്ടമില്ലാതെ ഒരാളേയും കയറാന്‍ ഞാന്‍ അനുവദിക്കാറില്ല. അങ്ങനെ ആരെങ്കിലും ശ്രമിച്ചാല്‍ പിടിച്ചുപുറത്തിടാനും അനിഷ്ടം തുറന്ന് പ്രകടിപ്പിക്കാനും ഞാന്‍ ശ്രമിക്കാറുണ്ട്. അതിനര്‍ത്ഥം അതെളുപ്പമാണെന്നല്ല.

പൊതുവേ അങ്ങനെ ചെയ്യുന്ന സ്ത്രീകള്‍ക്ക് സ്വയം പരിക്കേല്‍പ്പിക്കാതെ അങ്ങനെ പ്രവര്‍ത്തിക്കല്‍ പോലും അസാധ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് മറ്റുള്ളവരുടെ സ്വകാര്യതയെ വിവേകപൂര്‍വം തിരിച്ചറിയുകയും ബഹുമാനിക്കാനുമാണ് നാം പരിശീലനം കൊടുക്കേണ്ടത്.

നമ്മുടെ പെണ്‍കുട്ടികളെ ശക്തരും പ്രതികരണ ശേഷിയുമുള്ളവരും ആക്കുന്നതിന്റെ പ്രസക്തിയും ഇവിടെയാണ്. അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിലേക്കുള്ള കടന്നുകയറ്റം ന്യായീകരിക്കുന്നവരെ കാണുമ്പോള്‍ ലജ്ജ തോന്നുന്നു,’ തഹ്‌ലിയ പറഞ്ഞു.

ഒരിക്കല്‍ പോലും പരിചയമില്ലാത്തവരോട് അങ്ങനെ ചെയ്യരുത് എന്ന വിചിത്ര ഉപദേശവും വരുന്നു. എന്ത് വാദമാണത്. ഇനി പരിചയമുണ്ടെങ്കില്‍ തന്നെ, ഇഷ്ട്ടമില്ലാത്ത ഒരാളുടെ സ്‌പേസിലേക്ക് നിങ്ങള്‍ക്കെങ്ങനെ കയറിചെല്ലാന്‍ പറ്റും. അവരൊരു സിനിമാ നടിയോ, രാഷ്ട്രീയക്കാരിയോ, പൊതുമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്നവരോ ആവട്ടെ, അവരെങ്ങനെയാണ് നിങ്ങള്‍ക്ക് ‘പൊതുമുതല്‍’ ആവുന്നത്?

അപരന്റെ ഇഷ്ടവും താല്‍പ്പര്യവും പരിഗണിക്കാതെ ‘എന്നാണ് നമുക്ക് നമ്മുടെ ശരീരത്തെ മറികടക്കാന്‍ കഴിയുക’ എന്ന മുദ്രാവാക്യം പോലും ആപത്കരമാണ്. വ്യക്തികളുടെ അടുപ്പങ്ങളും താല്‍പ്പര്യങ്ങളും തിരിച്ചറിയാനുള്ള അളവുകോല്‍ മനുഷ്യന്റെ കയ്യിലുണ്ട്. ബഹുമാനത്തിന്റേയും തിരിച്ചറിവിന്റേയും കരുതലിന്റേയും ഇടപെടലാണിതെന്നും തഹ്‌ലിയ പറഞ്ഞു.

‘എല്ലാം നോര്‍മലൈസ് ചെയ്യുകയും പരിഷ്‌കൃത മനോഭാവമെന്ന് സ്വയം പറയുകയും ജന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നവര്‍ സ്വന്തം സ്വാതന്ത്ര്യത്തിനപ്പുറത്തെ അപരന്റെ സ്വകാര്യതയെ എപ്പോള്‍ മാനിക്കാണ്?,’ തഹ്‌ലിയ കൂട്ടിച്ചേര്‍ത്തു.

ഒരു സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എറണാകുളം ലോ കോളേജില്‍ നടന്ന പരിപാടിക്കിടയിലായിരുന്നു അപര്‍ണ ബാലമുരളിക്ക് മോശം പെരുമാറ്റം നേരിടേണ്ടിവന്നത്.

നടിക്ക് പൂവ് സമ്മാനിക്കുവാനായി വേദിയില്‍ കയറിയ വിദ്യാര്‍ത്ഥി അപര്‍ണയുടെ കയ്യില്‍ പിടിച്ചു വലിച്ച് എഴുന്നേല്‍പ്പിക്കുകയും തുടര്‍ന്ന് തോളില്‍ കയറി പിടിക്കുകയുമായിരുന്നു. ഉടന്‍ അപര്‍ണ അതില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു. തുടര്‍ന്ന് ‘എന്തോന്നാടോ, ലോ കോളേജ് അല്ലെ’ എന്ന് അപര്‍ണ പറയുന്നുണ്ട്.
അപര്‍ണയ്ക്കൊപ്പം നടന്‍ വിനീത് ശ്രീനിവാസന്‍, സംഗീത സംവിധായകന്‍ ബിജിബാല്‍ തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിദ്യാര്‍ത്ഥിയുടെ പെരുമാറ്റത്തില്‍ മറ്റൊരു വിദ്യാര്‍ത്ഥി അപര്‍ണയോട് ക്ഷമ ചോദിക്കുന്നതും, പിന്നാലെ താന്‍ ഒന്നും ഉദ്ദേശിച്ച് ചെയ്തതല്ല എന്നും ആരാധകനായത് കൊണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണെന്നും യുവാവ് വേദിയിലെത്തി പറയുന്നതും വീഡിയോയിലുണ്ട്. തുടര്‍ന്ന് അപര്‍ണക്ക് ഇയാള്‍ കൈകൊടുക്കാന്‍ ശ്രമിക്കുകയും നടി വിസമ്മതിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.

Content Highlight: MSF leader fathima thahiliya supports actress Aparna Balamurali on her React in  public misbehavior