വഖഫ് വിവാദം; ആശങ്കകളുടെ കാണാപ്പുറങ്ങള്‍
Kerala Politics
വഖഫ് വിവാദം; ആശങ്കകളുടെ കാണാപ്പുറങ്ങള്‍
എം.എസ്. ഷൈജു
Sunday, 5th December 2021, 2:56 pm
സര്‍ക്കാരിന്റെ നിയന്ത്രണമുള്ള സ്ഥാപനമായിരുന്നിട്ടും മന്ത്രിയുടെ താല്‍പര്യങ്ങളെ മറികടന്ന് ലീഗ് താല്‍പര്യങ്ങള്‍ നിലനിര്‍ത്താന്‍ പോന്നവിധം ആധിപത്യം മുസ്‌ലിം ലീഗ് എന്ന പാര്‍ട്ടിക്ക് വഖഫ് ബോര്‍ഡിലുണ്ട് എന്ന സര്‍ക്കാറിന്റെ ബോധ്യത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്ന നിലപാടുകള്‍ക്ക് കാരണമായിരിക്കുന്നത്.

മനുഷ്യരില്‍ ആര്‍ക്കും ഉടമസ്ഥതയില്ലാത്ത വിശുദ്ധ സ്വത്താണ് വഖഫ്. ഏതൊക്കെയോ മനുഷ്യര്‍, പല കാലങ്ങളിലായി പുണ്യം പ്രതീക്ഷിച്ച് കൊണ്ട് സ്വന്തത്തില്‍ നിന്ന് വിടുതല്‍ നല്‍കി ദൈവത്തിന്റെ പേരില്‍ ഉടമസ്ഥാവകാശം നല്‍കിയിട്ടുള്ളവയാണ് ഈ സ്വത്തുക്കള്‍. അതാര്‍ക്കും കൈമാറാനോ വില്‍ക്കുവാനോ കഴിയില്ല. അവക്ക് ചില ലക്ഷ്യങ്ങളും ഉത്തരവാദിത്തങ്ങളുമുണ്ട്. ദേവസ്വം പോലെ മുസ്‌ലിം സമുദായത്തിന്റെ വിശുദ്ധ സ്വത്താണത്. ദൈവപ്രീതിക്കായി ദൈവമാര്‍ഗത്തിലേക്ക് സമര്‍പ്പിക്കപ്പെട്ട സ്ഥായിയായ മൂല്യമുള്ള എന്തും വഖഫാകും.

വഖഫുകളെ നമ്മുടെ ഭരണഘടന അംഗീകരിക്കുന്നുണ്ട്. അത് അനാമത്താകാതെ സംരക്ഷിക്കാനുള്ള ബാധ്യതയും നമ്മുടെ രാജ്യം ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ പല കാലങ്ങളിലായി ഈ സ്വത്തുക്കളില്‍ പലതും കൈമോശം വന്ന് പോയിട്ടുണ്ട്. മുസ്‌ലിം സമുദായത്തിന്റെ അലംഭാവവും അലക്ഷ്യതയും കൊണ്ടാണ് ഇന്ത്യയിലെ ഭൂരിപക്ഷം വഖഫ് സ്വത്തുക്കളും അന്യാധീനപ്പെട്ട് പോയിട്ടുള്ളത്.

മുസ്‌ലിങ്ങളെപ്പോലെ തന്നെ മുസ്‌ലിങ്ങളല്ലാത്ത കക്ഷികളും വഖഫ് കയ്യേറുകയും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. വഖഫിനെ ചൂഷണം ചെയ്തും പിടിച്ചെടുത്തും അതിനോട് അക്രമം കാണിച്ചിട്ടുള്ള കക്ഷികള്‍ക്കെതിരായി പല കേസുകളും നിലവിലുണ്ട്. അതില്‍ മുസ്‌ലിങ്ങളും അല്ലാത്തവരുമൊക്കെ പ്രതിസ്ഥാനത്തുണ്ട്.

വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ രാജ്യം നടത്തിയിട്ടുള്ള ഇടപെലുകളാണ് വഖഫ് നിയമങ്ങളായും വഖഫ് കൗണ്‍സിലുകളായും വഖഫ് ബോര്‍ഡുകളായുമൊക്കെ ഇന്ന് നിലനില്‍ക്കുന്നത്. ഇന്ത്യ ഒരു മതാത്മക രാജ്യമല്ലാതിരുന്നിട്ട് കൂടി വിവിധ മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത് രാജ്യം പുലര്‍ത്തുന്ന സാമൂഹികവും സാമുദായികവുമായ നീതിസങ്കല്പങ്ങള്‍ കൊണ്ടാണ്.

വ്യവസ്ഥാപിതവും സ്വതന്ത്രാധികാരബദ്ധവുമായ പ്രവര്‍ത്തനങ്ങളുള്ള വഖഫ് ബോര്‍ഡുകള്‍ക്ക് ഭരണഘടനാധിഷ്ഠിതമായ സ്ഥാനങ്ങളും അവയുടെ നടത്തിപ്പിനായി ജീവനക്കാരുമുണ്ട്. ഇതൊക്കെയാണ് വഖഫുമായി ബന്ധപ്പെട്ടുള്ള ചില പ്രാഥമിക വിവരങ്ങള്‍.

കേരളത്തിലെ വഖഫ് ബോര്‍ഡ് ജീവനക്കാരെ നിയമിച്ച് കൊണ്ടിരുന്ന രീതിയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു മാറ്റമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. വഖഫ് ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനത്തോട് അനുകൂലിച്ചും എതിര്‍ത്തും മുസ്‌ലിം സമുദായം തന്നെ രണ്ട് ചേരിയായിട്ടുണ്ട്. മുസ്‌ലിം ലീഗും അവരെ പിന്തുണക്കുന്ന വിവിധ മതസംഘടനകളിലെ പ്രവര്‍ത്തകരുമാണ് മുഖ്യമായും എതിര്‍പ്പുകള്‍ ഉയര്‍ത്തിരിക്കുന്നത്. ഒപ്പം കേരളത്തിലെ ഇസ്‌ലമിസ്റ്റുകളും.

മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും മേല്‍ സര്‍ക്കാര്‍ നടത്തുന്ന കയ്യേറ്റമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് എതിര്‍പ്പുകള്‍ ഉയര്‍ത്തുന്നവര്‍ ഉന്നയിക്കുന്ന ഏറ്റവും പ്രധാന ആരോപണം. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം വഖഫ് ബോര്‍ഡിന്റെ സുതാര്യതയ്ക്ക് വേണ്ടിയാണെന്നും ഏകപക്ഷീയമായ നിയമനങ്ങള്‍ക്ക് പകരം മുസ്‌ലിം സമുദായത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും തുല്യാവസരം ലഭിക്കത്തക്ക വിധമുള്ള പുതിയ നിയമനം സമുദായത്തിന് ഗുണകരമാണെന്നുമാണ് സര്‍ക്കാര്‍ അനുകൂലികള്‍ വാദിക്കുന്നത്. ഈ രണ്ട് വാദങ്ങളുടെയും വസ്തുതകള്‍ കൂടി നാം പരിശോധിക്കേണ്ടതുണ്ട്.

ഏതാണ്ട് ഇരുന്നൂറില്‍ താഴെ മാത്രം ജീവനക്കാരുള്ളതും വര്‍ഷത്തില്‍ പരമാവധി രണ്ടോ മൂന്നോ നിയമനങ്ങള്‍ മാത്രം നടക്കുന്നതുമായ ഒരു ചെറിയ തൊഴില്‍ദായക ഘടനയാണ് വഖഫ് ബോര്‍ഡുകളുടേത്. എന്നിട്ടും എന്തുകൊണ്ടാണ് വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ ഒരു വലിയ വിവാദത്തിന് ഹേതുവാകുന്നതെന്ന ഒരു സംശയം ഇവിടെയുണ്ടാകാം. പ്രത്യക്ഷവും പരോക്ഷവുമായ ചില കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്.

പ്രധാനമായും മൂന്ന് താല്‍പര്യങ്ങളാണ് ഇപ്പോഴത്തെ തീരുമാനത്തിനും പ്രതിഷേധങ്ങള്‍ക്കും പിന്നിലുള്ളത്. ഒന്ന്, ആര് ഭരിച്ചാലും മുസ്‌ലിം ലീഗിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധമുള്ള ബോര്‍ഡിന്റെ ആഭ്യന്തരഘടനയെ ഉടച്ചുവാര്‍ക്കുക എന്ന സര്‍ക്കാര്‍ താല്‍പര്യം. രണ്ട്, കാലങ്ങളായി വഖഫ് ബോര്‍ഡ് നിലപാടുകളെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുകൂലമാക്കി നിലനിര്‍ത്തി പോന്ന ഒരു സംവിധാനം ഇല്ലാതാകുന്നതിലുള്ള ലീഗിന്റെ രാഷ്ട്രീയ അമര്‍ഷം.

മൂന്ന്, തങ്ങള്‍ വിശുദ്ധമായി കാണുന്ന പള്ളികള്‍ ഉള്‍പ്പെടുന്ന വിവിധ മതസ്ഥാപനങ്ങളുടെ നടത്തിപ്പില്‍ വിശ്വാസികളല്ലാത്ത ആളുകള്‍ കടന്ന് വരുമോയെന്ന വിശ്വാസികളുടെ ആശങ്ക. ഈ താത്പര്യങ്ങളെയും ആശങ്കകളെയും മുന്നില്‍ വെച്ച് വേണം ഈ വിഷയത്തില്‍ ഒരു നിലപാട് സ്വീകരിക്കേണ്ടത്. വഖഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തന ശൈലിയെക്കുറിച്ച് കൂടി പറഞ്ഞാലേ ഈ കാരണങ്ങളുടെ വിവിധ വശങ്ങള്‍ കൂടി നമുക്ക് വ്യക്തമാകുകയുള്ളൂ.

വഖഫ് ആക്ട് പ്രകാരമാണ് വഖഫ് ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ മുസ്‌ലിം ആരാധനാലായങ്ങള്‍, ഖബര്‍സ്ഥാനുകള്‍, അനാഥാലയങ്ങള്‍, വിവിധ ദര്‍ഗകള്‍, മദ്രസകള്‍, ഇവയ്ക്ക് കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍, വ്യക്തികളും സ്ഥാപനങ്ങളുമൊക്കെ ദൈവനാമത്തില്‍ വിട്ട് നല്‍കിയിട്ടുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ തുടങ്ങിയവയുടെ സംരക്ഷണവും മേല്‍നോട്ടവുമാണ് വഖഫ് ബോര്‍ഡിന്റെ പ്രധാനപ്പെട്ട ചുമതല.

സംസ്ഥാനത്തുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ വിശദമായ രേഖകളും വിവരങ്ങളും നഷ്ടപ്പെടാതെ സൂക്ഷിക്കുക, അവയില്‍ നിന്നുള്ള ആദായങ്ങള്‍ നഷ്ടപ്പെടുത്താതെ ശേഖരിക്കുക, നിശ്ചിത ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കു മാത്രമാണ് അവ ചെലവിടുന്നതെന്ന് ഉറപ്പുവരുത്തുക, ആവശ്യമായി വരികയാണെങ്കില്‍ വസ്തു കൈമാറ്റങ്ങള്‍ നടത്തുക, കോടതി വ്യവഹാരങ്ങളില്‍ ഭാഗമാകുക, വഖഫുമായി ബന്ധപ്പെട്ടുണ്ടാകുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുക, നിര്‍ബന്ധിത സാഹചര്യങ്ങളില്‍ വഖഫുകളുടെ മേല്‍നോട്ടക്കാരെ മാറ്റുക തുടങ്ങിയ പ്രധാനപ്പെട്ട കര്‍ത്തവ്യങ്ങളാണ് വഖഫ് ബോര്‍ഡ് നിര്‍വഹിക്കുന്നത്.

അതൊക്കെക്കൂടി പരിഗണിച്ചാല്‍ വഖഫ് ബോര്‍ഡ് വെറുമൊരു സാമുദായിക സ്ഥാപനമാണെന്ന് നമുക്ക് പറയാനാകില്ല. കാരണം സമുദായത്തിലെ വിവിധ വിഭാഗങ്ങളുടെ വിശ്വാസ-ആചാര അനുഷ്ഠാനങ്ങള്‍ക്കനുസൃതമായി അവരുടെ മതസ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ കൂടി ബോര്‍ഡ് ബാധ്യസ്ഥമാണ്.

ബോര്‍ഡിന്റെ ഭരണത്തിനും നടത്തിപ്പിനുമായി ആളുകളെ തെരഞ്ഞെടുക്കാനുള്ള ചുമതല സര്‍ക്കാരിനാണ്. ബോര്‍ഡ് ചെയര്‍മാനെ സര്‍ക്കാരാണ് നിയമിക്കുന്നത്. നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ, എം.പിമാരില്‍ നിന്നുമുള്ള മുസ്‌ലിങ്ങളായ രണ്ട് പേര്‍, ഹൈക്കോടതിയിലെ ബാര്‍ കൗണ്‍സിലില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മുസ്‌ലിമായ ഒരു വക്കീല്‍, ഒരു ലക്ഷം രൂപ വരുമാനമുള്ള മഹല്ലുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് മുത്തവല്ലിമാര്‍, ശരീഅത്ത് നിയമം അറിയുന്ന സമൂഹിക പ്രവര്‍ത്തകരായ രണ്ടു പേര്‍, ഒരു ഗവണ്‍മെന്റ് സെക്രട്ടറി എന്നിവരാണ് മറ്റ് അംഗങ്ങള്‍.

ഇതില്‍ അവസാനം പറഞ്ഞ മൂന്ന് പേരെയും സര്‍ക്കാര്‍ തന്നെയാണ് നോമിനേറ്റ് ചെയ്യുന്നത്. അതായത് മുതവല്ലിമാരല്ലാത്ത മറ്റെല്ലാ അംഗങ്ങളെയും സര്‍ക്കാര്‍ തന്നെയാണ് നോമിനേറ്റ് ചെയ്യുന്നതെന്ന് സാരം. ഈ ബോര്‍ഡാണ് സംസ്ഥാനത്തെ വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത്. അതായത് ഇവരാണ് വഖഫ് കൈകാര്യകര്‍ത്താക്കള്‍.

ഇതില്‍ എന്തെങ്കിലും മാറ്റമോ തിരുത്തലോ സര്‍ക്കാരിന്റെ പുതിയ തീരുമാനപ്രകാരം ഇപ്പോള്‍ വന്നിട്ടുണ്ടൊ? അതിനാണോ ലീഗ് നേതൃത്വത്തില്‍ നടക്കുന്ന ഇപ്പോഴത്തെ ബഹളങ്ങള്‍? ഇതിന് രണ്ടിനും ‘അല്ല’ എന്നാണുത്തരം. പിന്നെ എവിടെയാണ് മാറ്റം വന്നിരിക്കുന്നത്?

വര്‍ഷത്തില്‍ രണ്ടോ മൂന്നോ നിയമനങ്ങള്‍ മാത്രം നടക്കുന്നതും, വഖഫ് ബോര്‍ഡിന് കീഴിലുള്ള ഒരു താല്‍കാലിക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി നടത്തിക്കൊണ്ടിരുന്നതുമായ ഒരു നിയമനപ്രക്രിയയെ കേരള പി.എസ്.സിക്ക് വിട്ടതാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് ആധാരമായിരിക്കുന്നത്.

ആകെ ഇരുന്നൂറില്‍ താഴെ ജീവനക്കാര്‍ മാത്രമാണ് വഖഫ് ബോര്‍ഡിലുള്ളത്. അതില്‍ ഭൂരിപക്ഷവും താല്‍ക്കാലിക ജീവനക്കാരുമാണ്. അത് മാത്രമല്ല, ആരെ നിയമിച്ചാലും വഖഫ് ആക്ട് അനുസരിച്ചും വഖഫ് ബോര്‍ഡിന്റെ തീരുമാനമനുസരിച്ചും മാത്രമേ ഏത് ജീവനക്കാരനും പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. പിന്നെ എന്തുകൊണ്ടാണ് ലീഗിന് ഇത് ഇത്രമാത്രം വൈകാരികമായ ഒരു പ്രശ്‌നമായി മാറുന്നത്? അതിനും ചില കാരണങ്ങളുണ്ട്.

വഖഫ് ബോര്‍ഡ്, ലീഗിന് വ്യക്തമായ ആധിപത്യമുള്ള ഒരു സംവിധാനമാണ് എന്നത് എല്ലാവര്‍ക്കുമറിയാം. അവിടെ നിയമിക്കപ്പെടുന്ന ഭൂരിപക്ഷം പേരും ലീഗ് താല്‍പര്യം കൊണ്ട് നിയമിക്കപ്പെടുന്നവരാണ്. ഏത് സര്‍ക്കാര്‍ ഭരിച്ചാലും വഖഫ് ബോര്‍ഡ് നിലപാടുകള്‍ ലീഗ് താല്‍പര്യത്തിനനുസരിച്ച് മാത്രമേ രൂപപ്പെടാറുള്ളൂ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ.ടി. ജലീല്‍ വഖഫ് ചുമതലയുള്ള മന്ത്രിയായിരുന്നപ്പോഴാണ് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് ലീഗുമായി ചില ഉരസലുകള്‍ രൂപപ്പെടുന്നത്.

സര്‍ക്കാരിന്റെ നിയന്ത്രണമുള്ള ഒരു സ്ഥാപനമായിരുന്നിട്ടും മന്ത്രിയുടെ താല്‍പര്യങ്ങളെ മറികടന്ന് ലീഗ് താത്പര്യങ്ങള്‍ നിലനിര്‍ത്താന്‍ പോന്ന വിധം ഒരു ആധിപത്യം മുസ്‌ലിം ലീഗ് എന്ന പാര്‍ട്ടിക്ക് ബോര്‍ഡിലുണ്ട് എന്ന് അപ്പോള്‍ സര്‍ക്കാറിന് ബോധ്യപ്പെടുകയും ചെയ്തു. ആ ബോധ്യത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്ന നിലപാടുകളിലേക്ക് എത്തിച്ചേരാന്‍ കാരണമായിരിക്കുന്നത്.

മുസ്‌ലിം സമുദായം ഇത്രയേറെ വൈകാരികമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒരു വിഷയത്തില്‍ നിര്‍ണായകമായ ഒരു തീരുമാനം കൈക്കൊള്ളുമ്പോള്‍ അതിന്റെ നൈതികതയും അനിവാര്യതയും മുസ്‌ലിം സമുദായത്തെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ അത്രകണ്ട് വിജയിച്ചിട്ടില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. വലിയ തോതിലുള്ള സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനമാണ് വഖഫ് ബോര്‍ഡ്. പക്ഷെ ജീവനക്കാരുടെ ശമ്പളമടക്കമുള്ള അതിന്റെ ദൈനംദിന ചെലവുകള്‍ നടത്താന്‍ പര്യാപ്തമായ ഒരു വരുമാനം ബോര്‍ഡിന് അതിന്റെ ആസ്തികളില്‍ നിന്ന് തന്നെ ലഭിക്കുന്നുണ്ട്.

ബോര്‍ഡിന്റെ പ്രവര്‍ത്തനപരിധിയില്‍ വരുന്ന മേഖലകളില്‍ സര്‍ക്കാര്‍ പങ്കാളിത്തത്തോടെയുള്ള വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഗ്രാന്റുകള്‍ ഉപയോഗിക്കുന്നത്. ഈ ഗ്രാന്റുകള്‍ നല്‍കുന്നതിന്റെ പേരിലുള്ള അവകാശത്തില്‍ ബോര്‍ഡിന്റെ ജീവനക്കാരുടെ നിയമന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ തയാറാകുന്ന സര്‍ക്കാരിന് മുന്നില്‍ ചില ചോദ്യങ്ങളുണ്ട്. എന്നാല്‍ ഇപ്പോഴുണ്ടാകുന്ന ബഹളങ്ങള്‍ അത്തരം ചോദ്യങ്ങളെക്കൂടിയാണ് ഇല്ലായ്മ ചെയ്യുന്നത്.

ഓരോ വര്‍ഷവും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 10,000 കോടി രൂപ ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കുന്ന എയ്ഡഡ് മേഖലയെക്കുറിച്ച് ഈയവസരത്തില്‍ പറയാതിരിക്കാനാകില്ല. എറ്റവും വലിയ സാമൂഹിക അനീതിയുടെ മകുടോദാഹരണമായാണ് സംസ്ഥാനത്തെ എയ്ഡഡ് മേഖല നിലനില്‍ക്കുന്നത്.

ഒരേ തൊഴില്‍ ചെയ്ത് ഒരേ ശമ്പളം വാങ്ങുന്ന രണ്ട് കൂട്ടര്‍! ഒരു കൂട്ടര്‍ കഠിനമായി പരിശ്രമിച്ച് മികവ് തെളിയിച്ച് ജോലി നേടി ശമ്പളം വാങ്ങുമ്പോള്‍ അവരുടെ മൂന്നിരട്ടി വരുന്ന മറ്റൊരു വിഭാഗം സര്‍ക്കാറിന്റെ യാതൊരു നിയന്ത്രണത്തിലും വരാതെ, ഒരു മികവും തെളിയിക്കാതെ അഴിമതിയിലൂടെയും സ്വജനപക്ഷപാതത്തിലൂടെയും ജോലി നേടി സര്‍ക്കാരിന്റെ 10,000 കോടി രൂപ ഖജനാവില്‍ നിന്ന് ശമ്പളമായി തന്നെ കൈക്കലാക്കുന്നു.

ഭരണഘടനാപരമായ സംവരണംപോലും അട്ടിമറിച്ചും സാമൂഹിക നീതിയെ നിരാകരിച്ചും നടക്കുന്ന ഈ അഴിമതി നിയമനത്തില്‍ ഇടപെടാനുള്ള ഒരു നടപടി പോലും സ്വീകരിക്കാതെ കണ്ണടച്ച് കളയുന്ന സര്‍ക്കാര്‍, രണ്ട് കെ.എസ്.ആര്‍.ടി.സി ബസില്‍ കൊള്ളാന്‍ മാത്രമുള്ള വഖഫ് ബോര്‍ഡ് ജീവനക്കാരെ നിയമിക്കുന്നത് പി.എസ്.സിക്ക് വിട്ട് സാമുദായിക നീതി നടപ്പാക്കാന്‍ കാണിക്കുന്ന ശുഷ്‌കാന്തി സമുദായത്തെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്താന്‍ ഇനിയും ഒരുപാട് വിയര്‍ക്കേണ്ടി വരും.

ലീഗിനെ സംബന്ധിച്ചിടത്തോളം വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ ഒരു മതപ്രശ്നമേയല്ല. പക്ഷേ പൊതുസമൂഹത്തില്‍ മതേതര നിലപാടുകള്‍ മാത്രം ഉയര്‍ത്തിപ്പിടിക്കാന്‍ എപ്പോഴും ശ്രമിക്കുന്ന ലീഗ് ഉഗ്രമായ പ്രകോപനത്തിന് വശംവദരായിരിക്കുന്നു എന്നതിന്റെ സൂചനയാണ് പള്ളി മിമ്പറുകള്‍ വഴി വിഷയം അവതരിപ്പിച്ച് മുസ്‌ലിങ്ങളെ വൈകാരികമാക്കി തെരുവില്‍ ഇറക്കാന്‍ അവര്‍ നടത്തിയ നീക്കം. മുസ്‌ലിം സമുദായത്തില്‍ ഏറ്റവും ആധികാരികവും ഭൂരിപക്ഷ പ്രതിനിധ്യവുമുള്ള ‘സമസ്ത’യുടെ മറ പിടിച്ചാണ് ഈയൊരു അവിവേകത്തിന് ലീഗ് ശ്രമിച്ചത്.

രാഷ്ട്രീയമായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയം ആരാധനാലായങ്ങളിലേക്ക് കൊണ്ടുവന്ന് സാമുദായിക ധ്രുവീകരണമുണ്ടാക്കാനാണ് ശ്രമിച്ചതെന്ന ആരോപണം ലീഗിന് നേരെ ഉയരുന്നുണ്ടെങ്കില്‍ അതവര്‍ വിളിച്ചുവരുത്തിയത് തന്നെയാണ്. വിശ്വാസികളല്ലാത്ത സമുദായാംഗങ്ങള്‍ പി.എസ്.സി വഴി വഖഫ് ബോര്‍ഡിലെത്തിയാല്‍ വഖഫ് കൈകാര്യത്തിലെ വിശുദ്ധതയ്ക്ക് പരിക്ക് പറ്റുമെന്ന വാദം ഉയര്‍ത്തിയാണ് വിശ്വാസികളെ പ്രകോപിപ്പിക്കാന്‍ ശ്രമം നടന്നത്.

ഒരേസമയം ഒരു മതേതര സമൂഹത്തിന് യോജിക്കാത്തതും സത്യസന്ധമല്ലാത്തതുമായ ഒരു വാദം മാത്രമാണത്. ലീഗിനെ പിന്തുണക്കുന്ന മതസംഘടനകള്‍ തങ്ങളുടെ പള്ളികളില്‍ ഉയര്‍ത്താന്‍ ശ്രമിച്ചതും ഇതേ വികാരമാണ്.

ഏറ്റവും കുറഞ്ഞത് ലീഗിനെ സംബന്ധിച്ചിടത്തോളമെങ്കിലും ഇത് ഒട്ടും സത്യസന്ധതയില്ലാത്ത ഒരു നിലപാടാണ്. കാരണം വഖഫ് കൈകാര്യം ചെയ്യുന്നത് വഖഫ് ബോര്‍ഡാണെന്നും അതിന്റെ ജീവനക്കാര്‍, എല്‍പ്പിക്കപ്പെടുന്ന തൊഴിലെടുക്കുന്ന വെറും ശമ്പളക്കാര്‍ മാത്രമാണെന്നതും എല്ലാവര്‍ക്കുമറിയാം. വഖഫ് ബോര്‍ഡ് തന്നെ സര്‍ക്കാര്‍ നോമിനേഷനാണ്. വിശ്വാസികളല്ലാത്ത വഖഫ് മന്ത്രിമാര്‍ക്ക് കീഴില്‍ അനുസരണയോടെ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ് ലീഗ് ഭാരവാഹികളും വിവിധ മതനേതാക്കളുമടങ്ങുന്ന വഖഫ് ബോര്‍ഡ് മെമ്പര്‍മാര്‍.

കേരളത്തിലെ അനേകം വഖഫ് സ്ഥാപനങ്ങള്‍ വിവിധ ജോലികള്‍ക്കായി മുസ്‌ലിങ്ങളല്ലാത്ത നിരവധി ജീവനക്കാരെ പ്രവര്‍ത്തനസൗകര്യങ്ങള്‍ക്കായി നിയമിച്ചിട്ടുണ്ട്. വഖഫ് ബോര്‍ഡ് തന്നെ അമുസ്‌ലിങ്ങളായ ജീവനക്കാരെ റിക്രൂട്ട് ചെയ്തിട്ടുമുണ്ട്. അപ്പോളൊന്നുമുയരാത്ത മതാഭിനിവേശവും ഇരവാദവും വിശുദ്ധി വാദവും ഇപ്പോഴുയരുന്നതിന്റെ യുക്തി മുസ്‌ലിം ലീഗും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു.

കേരളത്തില്‍ ഇതപര്യന്തം വഖഫ് ബോര്‍ഡ് നടത്തി വന്ന സേവനങ്ങളും പ്രവര്‍ത്തനങ്ങളും ഇനി അത്ര കാര്യക്ഷമതയോടെയും ആത്മാര്‍ത്ഥതയോടെയും നടക്കാതെ പോകുമോ എന്ന ആശങ്കയാണല്ലോ ലീഗിനേയും അവര്‍ക്ക് പിന്നില്‍ വീറോടെ നില്‍ക്കുന്ന മത സംഘടനകളെയും ഇത്രമേല്‍ അസ്വസ്ഥമാക്കുന്നത്. ഏറ്റവും കുറഞ്ഞപക്ഷം മധ്യകേരളത്തിലെയും ഉത്തരകേരളത്തിലെയും കോടിക്കണക്കിന് വിലയുള്ള വഖഫ് അധിനിവേശങ്ങള്‍ തിരികെപ്പിടിക്കുന്നതില്‍ വഖഫ് ബോര്‍ഡ് എന്ത് സേവനങ്ങള്‍ ചെയ്തു എന്നൊരു സോഷ്യല്‍ ഓഡിറ്റിനെങ്കിലും അവരെ വിധേയമാക്കണം.

ഉത്തരകേരളത്തിലെ വിവിധ തര്‍ക്കങ്ങളില്‍ വഖഫ് ബോര്‍ഡ് സ്വീകരിച്ച ഏകപക്ഷീയമായ നിലപാടുകളെ സംബന്ധിച്ചുള്ള പരാതികളും പരിശോധിക്കേണ്ടതാണ്. ഇതിലൊക്കെ തീര്‍ത്തും നിര്‍ജീവമായതും അലസമായതുമായ സമീപനങ്ങള്‍ പുലര്‍ത്തിയ ഒരു സംവിധാനം മാറ്റങ്ങളില്ലാതെ തുടരണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് ലീഗും അനുകൂല സംഘടനകളും പറയാതെ പറയുന്നത്.

സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, മികച്ച നിലവാരം പുലര്‍ത്തുന്ന അനേകം ഉദ്യോഗാര്‍ഥികള്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭിക്കുന്ന മറ്റൊരു പ്രശ്‌നമായ എയ്ഡഡ് നിയമനപ്രശ്‌നം സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ച് ജനകീയ പിന്തുണ നേടാന്‍ കഴിയുന്ന ഒരവസരമായി മുസ്‌ലിം സമുദായത്തിന് ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്താന്‍ സാധിക്കുമായിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ എയ്ഡഡ് സ്ഥാപനങ്ങളേയും പി.എസ്.സിയുടെ പരിധിയില്‍ കൊണ്ടുവരാനുള്ള ഒരാവശ്യം ലീഗിനും മതസംഘടനകള്‍ക്കും ഉയര്‍ത്താമായിരുന്നു. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനും പൊതുസമൂഹത്തിന്റെ പിന്തുണ നേടാനും അതുവഴി ലീഗിന് സാധിക്കുമായിരുന്നു.

പക്ഷെ മതവികാരം ഉണര്‍ത്തി ഉണ്ടായില്ലാ വെടിയുതിര്‍ത്ത് സര്‍ക്കാരിനെ രാഷ്ട്രീയമായി ആക്രമിക്കാനാണ് ലീഗ് ശ്രമിച്ചത്. സമുദായത്തിന്റെ പേരില്‍ ലഭിക്കുന്ന ന്യൂനപക്ഷ പദവിയിലൂടെ സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ആനൂകൂല്യം പറ്റുന്ന സ്ഥാപനങ്ങളില്‍ പോലും സമുദായത്തിലെ അടിത്തട്ടുകാര്‍ക്ക് പ്രാതിനിധ്യമുണ്ടാകുന്നില്ല. സമ്പന്നര്‍ കോഴ നല്‍കിയും വരേണ്യര്‍ സ്വജനപക്ഷപാതത്തിലൂടെയും അവിടുത്തെ തൊഴിലവസരങ്ങള്‍ കവര്‍ന്ന് കൊണ്ടിരിക്കുകയാണ്. അവിടെ പോലും സാമൂഹ്യനീതിക്ക് നിരക്കും വിധം ഒരു നിലപാടെടുക്കാന്‍ ലീഗിന് സാധിച്ചിട്ടില്ല.

മുസ്‌ലിം ലീഗ് ഇപ്പോള്‍ കാണിക്കുന്നത് അവിവേകമാണ്. അതില്‍ ഒരു സംശയവുമില്ല. നാളെ ഇതിന് വലിയ വില കൊടുക്കേണ്ടി വരും. ഇതൊരു ജനാധിപത്യ സമൂഹമാണെന്നത് പോലെ തന്നെ ഇതൊരു മതേതര സമൂഹവും കൂടിയാണ്. ഒരു ജനാധിപത്യ സമൂഹത്തിന്റെ ആത്മാവ് അതിന്റെ മതനിരപേക്ഷ സ്വഭാവമാണ്.

ഓരോ മതവിഭാഗത്തിന്റെയും ആരാധനാലായങ്ങള്‍ അവരുടെ കൂട്ടത്തിലെ പ്രബല രാഷ്ട്രീയസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ആസൂത്രണങ്ങള്‍ക്കും വേദിയാകാന്‍ തുടങ്ങിയാല്‍ ഇവിടെ എന്താകും സംഭവിക്കുക? ലീഗിന് ലീഗിന്റേതായ അജണ്ടകളും രാഷ്ട്രീയ പ്രതിഷേധങ്ങളുമൊക്കെ ഉണ്ടാകും. ലീഗിനോട് ചായ്വുള്ള വിശ്വാസികളും മതസംഘടനാ ഭാരവാഹികളും പാര്‍ട്ടിയുടെ ആഹ്വാനങ്ങള്‍ക്കനുസരിച്ച് പള്ളികളില്‍ രാഷ്ട്രീയം കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ അതിന് വില കൊടുക്കേണ്ടിവരുന്നത് മുസ്‌ലിം സമുദായം ഒന്നടങ്കമായിരിക്കും.

ഒരു ജനാധിപത്യ സമൂഹത്തില്‍ മുഴുവന്‍ മനുഷ്യരെയും ജനാധിപത്യപരമായി കൂട്ടി യോജിപ്പിക്കാന്‍ പറ്റിയ ഒറ്റ വഴിയും മതനിരപേക്ഷതയുടേതാണ്. അതുകൊണ്ട് മതനിരപേക്ഷതയ്ക്ക് പരിക്കേല്‍ക്കുന്ന ഒരു സമീപനത്തോടും ജനാധിപത്യ വിശ്വാസികളായ പൗരന്മാര്‍ക്ക് യോജിക്കാന്‍ കഴിയില്ല.

മുസ്‌ലിം സമുദായത്തിന്റെ പ്രാതിനിധ്യം അവകാശപ്പെടുന്ന ഒരു രാഷ്ട്രീയപാര്‍ട്ടി നടത്തുന്ന രാഷ്ട്രീയസമരത്തിന്റെ വേദിയായി മുസ്‌ലിം ആരാധനാലയങ്ങളും അതിനുള്ളിലെ ആരാധനാ സംവിധാനങ്ങളും മാറുന്നത് നമ്മുടെ മതേതരഘടനയുടെ അന്തസ്സിന് ഒട്ടും നന്നല്ല. മുസ്‌ലിം ലീഗ് എന്ന സാമുദായിക പാര്‍ട്ടിയും അവരെ പിന്താങ്ങുന്ന മതസംഘടനകളും ആഞ്ഞ് ശ്രമിച്ചിട്ടും കേരളത്തിലെ ഭൂരിപക്ഷം വരുന്ന മുസ്‌ലിം സമുദായംഗങ്ങള്‍ അവരുടെ വഴിക്ക് വരുന്നില്ല എന്നത് അവരുടെ വാദങ്ങളിലെ സത്യസന്ധതയില്ലായ്മ വെളിപ്പെടുന്നു എന്നതിന്റെ തെളിവാണ്.

ചിലരെങ്കിലും ഇപ്പോഴും യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കാതെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടാകാം. കേരളത്തിലെ ഏറ്റവും വലിയ ജനകീയ അടിത്തറയുള്ള ഒരു പണ്ഡിത സഭയായ ‘സമസ്ത’ പോലും ലീഗ് നിലപാടിനെ തള്ളിക്കളഞ്ഞിരിക്കുന്നു. പള്ളിയില്‍ പറയേണ്ട ഒരു മതപ്രശ്‌നമായി സമസ്ത ഇതിനെ മനസിലാക്കുന്നു പോലുമില്ല.

സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പുതിയൊരു ധാര്‍മികബാധ്യത കൂടി അവരില്‍ വന്ന് ചേര്‍ന്നിരിക്കുന്നു. 1972ല്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ കൈക്കൊണ്ട, ചരിത്രപരമായ വലിയൊരു പിഴവായ എയ്ഡഡ് നിയമത്തിലെ സാമൂഹിക അനീതിയെ തിരുത്താനും, ഒരു ഇടതുപക്ഷ സര്‍ക്കാരിന് ചേരുംവിധം അത് കൈകാര്യം ചെയ്യാനും ഈ സര്‍ക്കാര്‍ തയാറാകണം. 10,000 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളത്തിനായി ചെലവഴിക്കുന്ന ഒരു സംവിധാനത്തിലെ ജീവനക്കാരെ അഴിമതിയും സ്വജനപക്ഷപാതവും കോഴയുമില്ലാതെ മികവിന്റെ അടിസ്ഥാനത്തില്‍ നിയമിക്കാനുള്ള റിക്രൂട്ടിംഗ് സംവിധാനം നടപ്പിലാക്കാനുള്ള ഉള്‍ക്കരുത്ത് കൂടി സര്‍ക്കാര്‍ പ്രകടിപ്പിക്കണം.

അല്ലാത്ത പക്ഷം ഇത് കേവലമൊരു രാഷ്ട്രീയ ഗുസ്തി മാത്രമായെ കണക്കാക്കുകയുള്ളൂ. പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന പരിഗണനീയമായ മറ്റൊരു സംഗതി പുതിയ നിര്‍ദേശത്തിന്റെ ഭരണഘടനാ സാധുതയാണ്. പി.എസ്.സി പോലെയുള്ള ഒരു ഭരണഘടനാ സ്ഥാപനം വഴി റിക്രൂട്ട്‌മെന്റ് നടക്കുമ്പോള്‍, വഖഫ് ബോര്‍ഡിന് വേണ്ടിയെന്ന് പറഞ്ഞ് ഒരു സാമുദായിക നിയമനം നടത്തുന്നത് ഭരണഘടനാ തത്വങ്ങള്‍ക്ക് മുമ്പില്‍ എത്രത്തോളം നിലനില്‍ക്കുമെന്ന ആശങ്കകളെ സര്‍ക്കാര്‍ പരിഗണിക്കണം. അത് നിവര്‍ത്തിച്ച് കൊടുക്കുകയും വേണം. ഒപ്പം, കൈക്കൊണ്ട തീരുമാനങ്ങളില്‍ എവിടെയെങ്കിലും അപാകതകള്‍ വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്താനും സര്‍ക്കാര്‍ തയാറാകണം.

അന്ധമായി എന്തിനും ഏതിനും ലീഗിന് വിധേയരായി നില്‍ക്കുന്ന രാഷ്ട്രീയദാസ്യതയില്‍ നിന്ന് മുക്തമാകാന്‍, മുസ്‌ലിം പരിഷ്‌കരണവും നവോത്ഥാനവുമൊക്കെ അവകാശപ്പെടുന്ന സംഘടനകള്‍ക്ക് പോലും കഴിയുന്നില്ല എന്നുകൂടി ഈ വിവാദങ്ങള്‍ ബോധ്യപ്പെടുത്തുന്നു. പി.എസ്.സി വഴി വഖഫ് ബോര്‍ഡില്‍ കടന്നുവരുന്ന സമുദായ അംഗങ്ങളുടെ മതവിശ്വാസം എത്ര കണ്ട് ശരിയായിരിക്കും എന്ന ആശങ്കകള്‍ പെരുപ്പിച്ച് വിശ്വാസികളെ അസ്വസ്ഥരാക്കാന്‍ ശ്രമിക്കുന്ന പണ്ഡിതര്‍, കണ്ണടച്ച് പാല്‍ കുടിക്കുന്ന പൂച്ചകളെപ്പോലെ ആകാന്‍ ശ്രമിക്കരുത്.

ഹജ്ജിനും ഉംറക്കുമടക്കം വിശ്വാസികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്ന ഉദ്യോഗസ്ഥരും ഭരണകര്‍ത്താക്കളില്‍ പലരും മുസ്‌ലിങ്ങളോ അഥവാ ആണെങ്കില്‍ തന്നെ ദൈവവിശ്വാസികളോ അല്ലാതിരുന്നിട്ടും അതൊക്കെ മതപരമായി സാധുവായി തന്നെ ഇപ്പോഴും നടക്കുന്നെങ്കില്‍, വഖഫ് ബോര്‍ഡില്‍ ജീവനക്കാരെ നിയമിക്കാനുള്ള ഏജന്‍സിയായി പി.എസ്.സി വന്നാലും അതിനൊന്നും ഒരു ഭംഗവും വരില്ല എന്ന് വിശ്വാസികളെ ബോധ്യപ്പെടുത്താന്‍ ഉത്തരവാദിത്തമുള്ളവരാണ് നിങ്ങള്‍. പള്ളി മിമ്പറുകള്‍ ദുരുപയോഗം ചെയ്യുമ്പോള്‍ അത്രയെങ്കിലും ഓര്‍ക്കുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: MS Shyju writes about the recent PSC-Waqf board controversy

എം.എസ്. ഷൈജു
പത്രപ്രവര്‍ത്തകന്‍, വ്യവസായ സംരംഭകന്‍. കൊല്ലം ജില്ലയിലെ വട്ടപ്പാറ സ്വദേശി.