2026 ഐ.പി.എൽ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 10 ടീമുകൾ കിരീടത്തിനായി പോരാടിയ ടൂർണമെന്റിൽ നിലവിൽ നാല് ടീമുകൾ മാത്രമാണ് ബാക്കിയുള്ളത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും ഒന്നാം ക്വാളിഫയറിൽ ഏറ്റുമുട്ടും. സൺറൈസേഴ്സ് ഹൈദരാബാദ്-രാജസ്ഥാൻ റോയൽസ് പോരാട്ടമാണ് എലിമിനേറ്ററിൽ നടക്കുന്നത്.
ഇത്തവണ പ്ലേ ഓഫിന്റെ ഭാഗമാവാൻ ചെന്നൈ സൂപ്പർ കിങ്സിന് സാധിച്ചിരുന്നില്ല. ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആറ് വിജയവും എട്ട് തോൽവിയുമടക്കം 12 പോയിന്റാണ് ചെന്നൈ സ്വന്തമാക്കിയത്. പരിക്ക് മൂലം ഒരുപാട് താരങ്ങളെ ഈ സീസണിൽ ചെന്നൈക്ക് നഷ്ടമായിരുന്നു. പരിക്കിന്റെ തിരിച്ചടികളും ചെന്നൈ ടൂർണമെന്റിലെ രണ്ടാം ഘട്ടത്തിൽ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. എന്നാൽ പ്ലേ ഓഫിലേക്ക് കടക്കാനുള്ള നിർണായക മത്സരങ്ങളിൽ ചെന്നൈ പരാജയപ്പെടുകയായിരുന്നു.
അതേസമയം ചെന്നൈ ഇതിഹാസങ്ങളായ എം.എസ് ധോണിയുടെയും സുരേഷ് റെയ്നയുടെയും പേര് പ്ലേ ഓഫ് ആരവങ്ങൾക്കിടയിലും ചർച്ചയാവുകയാണ്. ഐ.പി.എൽ ചരിത്രത്തിൽ പ്ലേ ഓഫുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ ഒന്നും രണ്ടും സ്ഥാനത്തുള്ളത് റെയ്നയും ധോണിയുമാണ്. പ്ലേ ഓഫുകളിൽ 500ലധികം റൺസ് നേടിയതും ഇരുവരും മാത്രമാണ്.
റെയ്ന 24 ഇന്നിങ്സുകളിൽ നിന്നും 714 റൺസ് നേടിയപ്പോൾ ധോണി 23 ഇന്നിങ്സുകളിൽ 523 റൺസും സ്വന്തമാക്കി. 475 റൺസ് നേടിയ ഇന്ത്യൻ ടി-20 നായകൻ സൂര്യകുമാർ യാദവാണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. സീസണിൽ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ പുറത്തായതോടെ സൂര്യകുമാർ യാദവിനും പ്ലേ ഓഫിൽ 500 റൺസ് എന്ന മാർക്ക് പിന്നിടാൻ സാധിക്കില്ല. ഗുജറാത്ത് നായകൻ ശുഭ്മൻ ഗില്ലും 475 റൺസ് പ്ലേ ഓഫിൽ നേടിയിട്ടുണ്ട്. 25 റൺസ് നേടിയാൽ 500 റൺസ് മാർക്ക് പിന്നിടാൻ ഗില്ലിന് സാധിക്കും.
എന്നാൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോഹ്‌ലി 396 റൺസുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്തുണ്ട്. പ്ലേ ഓഫിൽ 104 റൺസ് കൂടി നേടിയാൽ കോഹ്‌ലിക്കും 500 ക്ലബ്ബിൽ ഇടം പിടിക്കാം.
വിരാട് കോഹ്‌ലി. Photo: Royal Challengers Bengaluru/x.com