എഡിറ്റര്‍
എഡിറ്റര്‍
‘ദൈവാനുഗ്രഹമില്ലാത്ത’ താരങ്ങള്‍ വരെ ഒരുപാട് മുന്നോട്ട് പോയതായി നാം കണ്ടിട്ടുണ്ട്’; വിരമിക്കാന്‍ പറഞ്ഞ അജിത് അഗാര്‍ക്കറിന് മറുപടിയുമായി ധോണി
എഡിറ്റര്‍
Sunday 12th November 2017 3:39pm

മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെ വിരമിക്കലിനായി ഒരു വിഭാഗം ശക്തമായി വാദിച്ചുക്കൊണ്ടിരിക്കുകയാണ്. മുതിര്‍ന്ന താരങ്ങളായ വി.വി.എസ് ലക്ഷ്മണ്‍ അടക്കമുള്ളവര്‍ ധോണിയ്‌ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. തന്റെ വിരമിക്കലിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ പ്രതികരണവുമായി ധോണി രംഗത്ത് എത്തിയിരിക്കുകയാണ്.

ജീവിതത്തില്‍ എല്ലാവര്‍ക്കും അവരവരുടെ കാഴ്ച്ചപ്പാടുകള്‍ ഉണ്ടായിരിക്കും എന്നായിരുന്നു ധോണിയുടെ മറുപടി. തന്റെ മുഖമുദ്രയായ ശാന്തത കൈയ്യൊഴിയാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണവും. ലക്ഷ്മണിന് പിന്നാലെ അജിത് അഗാര്‍ക്കറും ധോണിയുടെ വിരമിക്കല്‍ ആവശ്യപ്പെട്ട് രംഗത്തു വന്നതോടെ വിഷയം വന്‍ ചര്‍ച്ചയായിരുന്നു.

‘ജീവിതത്തില്‍ എല്ലാവര്‍ക്കും അവരവരുടേതായാ കാഴ്ച്ചപ്പാടുകള്‍ ഉണ്ടാകും. അതിനെ മാനിച്ചേ മതിയാകൂ.’ എന്നായിരുന്നു മുന്‍ താരങ്ങളുടെ പ്രസ്താവനകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ധോണി നല്‍കിയ മറുപടി. 2007 ട്വന്റി-20 ലോകകപ്പോടെ ആരംഭിച്ച ധോണിയുഗത്തിലായിരുന്നു ഇന്ത്യ രണ്ടാമതും ഏകദിന ലോകകപ്പ് ജേതാക്കളായത്. ഐ.സി.സിയുടെ എല്ലാ കിരീടങ്ങളും ഇന്ത്യന്‍ ക്യാമ്പിലെത്തിച്ച ധോണി നായകസ്ഥാനം ഒഴിഞ്ഞതിന് ശേഷം കരിയര്‍ ഗ്രാഫ് താഴോട്ട് പതിക്കുകയായിരുന്നു. കഴിഞ്ഞ ന്യൂസിലാന്റ് പരമ്പരകളിലെ താരത്തിന്റെ പ്രകടനം നിരവധി വിമര്‍ശനങ്ങള്‍ക്ക് പാത്രമായിരുന്നു.


Also Read: ഭാവിയെന്തെന്ന് എനിക്കറിയില്ല; ബാഴ്‌സലോണ വിട്ടാല്‍ താന്‍ പോവുക ഈ സ്വപ്ന ടീമിലേക്ക്; ആഗ്രഹം വെളിപ്പെടുത്തി ലയണല്‍ മെസി


‘ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുക എന്നതു തന്നെ വലിയ പ്രചോദനമാണ്. ദൈവാനുഗ്രഹമില്ലാത്ത താരങ്ങള്‍ വരെ ഒരുപാട് മുന്നോട്ട് പോയതായി നാം കണ്ടിട്ടുണ്ട്. അതിന് കാരണം അഭിനിവേശമാണ്. അതാണ് പരിശീലകര്‍ കണ്ടെത്തേണ്ടതും. എല്ലാവരും രാജ്യത്തിന് വേണ്ടി കളിക്കുന്നവരാകില്ല.’ ധോണി പറയുന്നു.

‘റിസള്‍ട്ടിനെക്കാള്‍ ഞാന്‍ പ്രാധാന്യം നല്‍കുന്നത് പ്രക്രിയയ്ക്കാണ്. റിസള്‍ട്ടിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല. 10,14 അല്ലെങ്കില്‍ അഞ്ച് റണ്‍സ്, എത്രയാണോ ജയിക്കാന്‍ വേണ്ടത് ആ സമയത്ത് എന്തു ചെയ്യാം എന്നതിനെ കുറിച്ച് മാത്രമാണ് ഞാന്‍ ചിന്തിച്ചിട്ടുള്ളത്.’ തന്റെ അക്കാദമിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരം.

പ്രക്രിയയില്‍ വല്ലാതെ ഇന്‍വോള്‍വ് ആയതുകൊണ്ട് റിസള്‍ട്ട് എനിക്ക് അനുകൂലമാകാതെ വരുന്നതിന്റെ ഭാരത്തെ കുറിച്ച് ഞാന്‍ ചിന്തിക്കാറേയില്ല. എന്നു പറഞ്ഞാണ് ധോണി തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

Advertisement